തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില രൂക്ഷമായി കുതിച്ചു കയറുമ്പോള്‍ വിപണിയിടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല. അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ നട്ടം തിരിയുമ്പോള്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അരിയും പച്ചക്കറികളുമെത്തിക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ തടിച്ചുകൊഴുക്കുന്നു. വിപണിയിലിടപെട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ വിലകുറച്ചു നല്കാന് സര്‍ക്കാര്‍ പദ്ധതികളാവിഷ്കരിക്കുന്നുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ അതൊന്നും ഫലപ്രദമായിട്ടില്ല. അതിന്റെ പ്രയോജനം ലഭിക്കുന്നത് അന്യസംസ്ഥാനങ്ങളിലെ ഇടനിലക്കാര്‍ക്കാണ്. കേരള സര്‍ക്കാരിന്റെ പണം അവിടങ്ങളിലെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു.
വില കുതിച്ചുയരുമ്പോള്‍ വ്യക്തമായ ഒരു പദ്ധതിയുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. ഓണം, റംസാന് കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വിപണിയിടപെടലിന് കോടികള്‍ നല്കി പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഉത്സവകാല കച്ചവടം തുടങ്ങുന്നതിനു മാസങ്ങള്‍ക്ക് മുന്നേതന്നെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു കഴിഞ്ഞു. ഉത്സവകാലം കഴിഞ്ഞും വിലക്കയറ്റം തുടരുകയും ചെയ്യും. സര്‍ക്കാരിന്റെ പ്രത്യേക ഫെയറുകള്‍ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്കും വലിയ തോതില്‍ വിലകുറയില്ലെന്നതാണ് അനുഭവം.
ആറുമാസം കൊണ്ട് വിലകയറുന്നതല്ലാതെ കുറയുന്നില്ലെന്നതാണ് വസ്തുത. റോസ് അരിയുടെ വില കിലോയ്ക്ക് 45 മുതല്‍ 50 രൂപവരെയാണിപ്പോള്‍. ഏപ്രിലില്‍ 36 രൂപയായിരുന്നു. ജയ അരിക്ക് 30 രൂപയില്‍ നിന്ന് 45 രൂപയിലെത്തി. 60 രൂപ വിലയുണ്ടായിരുന്ന ഉഴുന്നിന് 82 രൂപയും 40 രൂപയുണ്ടായിരുന്ന ശര്‍ക്കരയ്ക്ക് 54 രൂപയുമാണ് വില. പല പച്ചക്കറിക്കും ഓരോദിവസവും വിലകയറിവരുകയാണ്. കഴിഞ്ഞമാസം കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന ഇഞ്ചിയുടെ വില 200 കടന്നു. കാരറ്റിനും ബീന്‍സിനും 68 രൂപ മുതല്‍ 75 രൂപ വരെയായി. തക്കാളിക്ക് കഴിഞ്ഞമാസം 24 രൂപയായിരുന്നത് ഇപ്പോള്‍ 52 രൂപയായി വര്‍ദ്ധിച്ചു. ഉള്ളിക്ക് 55 രൂപയായിരുന്നത് 105 ല്‍ എത്തിയപ്പോള്‍ മുളക് 75 ല്‍ നിന്ന് 105 ല്‍ എത്തി.
കോയമ്പത്തൂരിലെയും സേലത്തെയും കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറി ഇടനിലക്കാര്‍ കൂടിയ വിലയ്ക്ക് നമ്മുടെ മൊത്ത വ്യാപാരികള്‍ക്ക് നല്കി കൊള്ള ലാഭം കൊയ്യുകയാണ്. വിപണിയിടപെടലിനായി വിലകുറച്ച് സാധനങ്ങള്‍ വില്ക്കാന് സര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിനു രൂപ ഇത്തരക്കാര്‍ അടിച്ചുമാറ്റുകയാണ്. അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വില്പന നടത്താനുള്ള സാധനങ്ങള്‍ അന്യസംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങി വില്പന നടത്താനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും അതും പരാജയപ്പെട്ടു.
ആന്ധ്രയിലെ നെല്‍കര്‍ഷകരില്‍ നിന്ന് നേരിട്ട് അരി വാങ്ങാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഇടനിലക്കാര്‍ ഇടപെട്ടു പരാജയപ്പെടുത്തുകയായിരുന്നു. ഇടത്തട്ടുകാരുടെ സഹായമില്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്ന ഗുരുതരമായ സ്ഥിതിയാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്. കേരളത്തിന്റെ വിപണിയില്‍ കൂടുതല്‍ നല്കുന്ന വില അവിടുത്ത കര്‍ഷകര്‍ക്കു ലഭിക്കുന്നുമില്ല. ഇടത്തട്ടുകാരെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുമില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: