തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ കാലത്തു നടന്ന കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമന അഴിമതിയെ കുറിച്ച് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുല്‍ഫീക്കറിന് സ്ഥാനചലനം. അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹത്തെ കൊട്ടാരക്കര ഡിവൈ.എസ്.പിയായാണ് മാറ്റി നിയമിച്ചത്. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലെത്തിയ വേളയില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയത് അട്ടിമറിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥനെ മാറ്റരുതെന്ന ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് എം.പോളിന്റെ അഭ്യര്‍ത്ഥന നിരസിച്ചാണ് സ്ഥലംമാറ്റം നടപ്പിലായിരിക്കുന്നത്.
നിയമനം നടത്തിയ കാലത്തെ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സി.പി.എം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും ഇതില്‍ ചിലരെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. വി.സിയായിരുന്ന എം.കെ.രാമചന്ദ്രന് നായര്‍, പ്രൊ.വി.സി. വി.ജയപ്രകാശ് എന്നിവരെ കൂടാതെ തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റംഗങ്ങളായ എ.എ റഷീദ്, ബി.എസ് രാജീവ്, കെ.എ ആന്‍ഡ്രു, എം.പി റസല്‍ എന്നിവര്‍ക്കും ക്രമക്കേടില്‍ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഏകദേശം 40,000 ത്തോളം ഉത്തരക്കടലാസുകളാണ് നശിപ്പിക്കപ്പെടുകയോ ഒളിപ്പിക്കുകയോ ചെയ്ത്. ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടിരുന്നു. നിയമനം നേടിയവരില്‍ ഏറെയും സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടിനേതാക്കളുടെ ബന്ധുക്കളുമായിരുന്നു.
നിയമനം റദ്ദാക്കാനും പകരം പരീക്ഷ നടത്താനും ലോകായുക്ത നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാല ഹൈക്കോടതിയില്‍ നല്കിയ കേസില്‍ കോടതി നേരിട്ട് റിട്ട.ജഡ്ജി എന്‍.സുകുമാരന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചു. കമ്മീഷന് നടത്തിയ അന്വേഷണവും ലോകായുക്തയുടെ വിധിയെ ശരിവെക്കുന്ന കണ്ടെത്തലുകളിലാണ് എത്തിച്ചേര്‍ന്നത്. എന്നാല്‍ നിയമന പ്രക്രിയക്കാകെ ചുക്കാന്‍പിടിച്ചത് വി.സിയും പി.വി.സിയുമാണ്. അതുകൊണ്ടുതന്നെ നിയമന തട്ടിപ്പിന്റെ പ്രധാന ഉത്തരവാദിത്തം വി.സിക്കും പി.വി.സിക്കുമാണെന്ന് വ്യക്തമാക്കപ്പെട്ടു.
ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം കഴിഞ്ഞ് സര്‍വകലാശാലയില്‍ തിരികെ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് കണ്ടെത്തി. പി.വി.സിയുടെ പേരില്‍ കൊറിയറായാണ് ഇവ ലഭിച്ചത്. എന്നാല്‍ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടായിരുന്നു ക്രമക്കേട് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: