തളിപ്പറമ്പ്: തളിപ്പറമ്പ് ടിടികെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന പ്രസാദവിതരണവുമായി ബന്ധപ്പെട്ട ജാതിവിവേചന വിവാദം ഹിന്ദു ഐക്യവേദി നേതാക്കളുടെ ഇടപെടലിനെതുടര്‍ന്ന് പരിഹരിച്ചു. തൃച്ചംബരം പൂന്താനം ഹാളില്‍ ചേര്‍ന്ന ഊരാളന്മാരുമായി ഹിന്ദു ഐക്യവേദി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമായത്. രാജരാജേശ്വര ക്ഷേത്രത്തില്‍ ഊരാളന്മാര്ക്ക് പ്രത്യേകമായി ഉണ്ടായിരുന്ന അവകാശങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാനും പൊന്നിന്‍കുടം, വെള്ളിക്കുടം, നെയ്യമൃത് മുതലായ മറ്റ് സമര്‍പ്പണങ്ങള്‍ എല്ലാ ഭക്തജനങ്ങള്‍ക്കും ഒരുപോലെ സമര്‍പ്പിക്കുവാന്‍ അവസരമൊരുക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന്, ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണന് ആലച്ചേരി, ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി.വിജയന്, ജില്ലാ കമ്മറ്റി മെമ്പര്‍ ശ്രീകാന്തന് നായര്‍, ഗോപിനാഥ് ഇലവെങ്കില്, കെ.ടി.വിജയകുമാര്‍, രമേശന് പട്ടുവം, വേണുഗോപാലന്‍ തളിപ്പറമ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ടിടികെ ദേവസ്വത്തിന് കീഴിലുള്ള രാജരാജേശ്വര ക്ഷേത്രത്തിലും മറ്റും അയിത്തം നിലനില്‍ക്കുന്നതായി മനുഷ്യവാകാശ കമ്മീഷന് കുറ്റപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഊരാളന്മാരുടെ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുകയും ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കുകയും ചെയ്തത്. രാജരാജേശ്വര ക്ഷേത്രമുള്‍പ്പെടെ മലബാറിലെ ചില ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ദേവസ്വങ്ങള്‍ പിരിച്ചുവിടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഏതാനും ദിവസം മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കല്ല്യാശ്ശേരി സ്വദേശി പി.ചന്ദ്രന് സമര്‍പ്പിച്ച ഹരജിയിലായിരുന്നു നിര്‍ദ്ദേശം. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലെ പ്രത്യേക അവകാശങ്ങള്‍ ഉപേക്ഷിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: