പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേതൃത്വം നല്‍കുകയാണെന്ന് രാജു ഏബ്രഹാം എംഎല്‍എ ആരോപിച്ചു. പത്തനംതിട്ട പ്രസ് ക്ലബില്‍ സമകാലികം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യല്‍ അന്വേഷണം താമസിക്കുംതോറും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം. സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളടങ്ങിയ സിഡി ആഭ്യന്തര വകുപ്പില്‍ നിന്നും നഷ്ടപ്പെട്ടു കഴിഞ്ഞു. അറസ്റ്റിലായ ശേഷവും സരിത ഇടപാടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടു. പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയുന്ന സരിതയെ കാണാന്‍ വരുന്നവരില്‍ പലരും തട്ടിപ്പിന്റെ ഇടനിലക്കാരാണ്.
കേസ് സംബന്ധിച്ച തെളിവുകള്‍ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയ്ക്കെതിരേ അന്വേഷണം നടത്താന്‍ അദ്ദേഹത്തേക്കാള്‍ വളരെ താഴെയുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. അതിനാല്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പദവികളില്‍ നിന്നും മാറി നിന്നുകൊണ്ട് അന്വേഷണത്തില്‍ നേരിടണം. ക്രിമിനല്‍ കേസിനോടൊപ്പം ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തുള്ള ആരെയെങ്കിലും കുറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ അതിനെപ്പറ്റിയും അന്വേഷിക്കണമെന്നും രാജു ഏബ്രഹാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: