കാസര്‍കോട്: ചെങ്ങറ സമരക്കാരുടെ പുനരധിവാസ പദ്ധതിയില്‍ അഴിമതിയെന്ന് പട്ടികജാതി , വര്‍ഗ്ഗ ഐക്യവേദി. ചെങ്ങറ പാക്കേജിന്റെ ഭാഗമായി കാസര്‍കോട് പെരിയയില്‍ പ്രഖ്യാപിച്ച 11.37 കോടിയുടെ പദ്ധതിയില്‍ തിരിമറി നടത്തിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനത്തിന് അനുവദിച്ച തുക സന്നദ്ധ സംഘടനയുടെ മറവില്‍ തട്ടിയെടുക്കുകയായിരുന്നു.
ജില്ലാ ഫിനാന്‍സ് ഓഫീസര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ കീയര്‍ എന്ന സന്നദ്ധ സംഘടനയാണ് പുനരധിവാസ പദ്ധതികള്‍ ഏറ്റെടുത്ത് ഫണ്ട് തട്ടിയതെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നിര്‍മിതി പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കീയറിനെ എല്പ്പിച്ചത്. 360 കുടുംബങ്ങള്‍ക്ക് അനുവദിച്ച 200 ഏക്കര്‍ ഭൂമിയില്‍ 50ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണുള്ളത്. കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും മഴയത്ത് ചോര്‍ന്നൊലിക്കുകയാണ്.
പാറ നിറഞ്ഞ ഭൂമി കൃഷിയോഗ്യമാക്കി മാറ്റുമെന്നു പറഞ്ഞെങ്കിലും നടപ്പിലായില്ല. വൈദ്യുതീകരണം, റോഡ് നിര്‍മ്മാണം, കുടിവെള്ളം, പശുവളര്‍ത്തല്‍ കേന്ദ്രം തുടങ്ങിയവയ്ക്കൊക്കെ തുക അനുവദിച്ചെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി രൂപീകരിച്ചാണ് തുക കൈമാറിയത്. എന്നാല്‍ സൊസൈറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ആദിവാസികളെ ദുരിതത്തിലെത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ പോലും നല്‍കിയിട്ടില്ല. പുനരധിവാസ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കും സൊസൈറ്റി ഭാരവാഹികള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിക്കണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ ഐത്തിയൂര്‍ സുരേന്ദ്രന്, പത്മാവതി, എ കെ ജൂബി, ജഗതി, തങ്കപ്പന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: