ലണ്ടന്‍: ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ആവേശാന്ത്യം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയയെ 14 റണ്‍സിനു കീഴടക്കിയ ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തി. ആതിഥേയര്‍ മുന്നില്‍വച്ച 311 റണ്‍സിന്റെ ലക്ഷ്യം തേടിയ കംഗാരുപ്പട അവസാനദിനം 296 റണ്‍സിന് ഓള് ഔട്ട്.
ഒറ്റയാന്റെ വേഷംകെട്ടിയാടിയ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനെ (71) മാറ്റ് പ്രിയോറിന്റെ ഗ്ലൗസില്‍ എത്തിച്ച് പേസര്‍ ജയിംസ് ആന്‍ഡേഴ്സനാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്ങ്സിലും അഞ്ചു വിക്കറ്റ് കൊയ്ത ആന്ഡേഴ്സന് കളിയിലെ കേമനുമായി.
സ്കോര്‍: ഇംഗ്ലണ്ട്-215, 375. ഓസീസ്- 280, 296.
ആറുവിക്കറ്റിന് 174 എന്ന നിലയില്‍ കളിയാരംഭിച്ച ഓസ്ട്രേലിയയെ ഉശിരന്‍ ബൗളിങ്ങിലൂടെആന്ഡേഴ്സന് പരാജയം രുചിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ഇംഗ്ലീഷ് പേസ് ബൗളിങ് ബാറ്ററി ഓസീസിനെ പ്രതിസന്ധിയിലാക്കി. ഒന്നാം ഇന്നിങ്ങ്സിലെ ഹീറോയായ അരങ്ങേറ്റക്കാരന്‍ ആഷ്ടന്‍ ആഗര്‍ (14), മിച്ചല്‍ സ്റ്റാര്‍ക്ക് (1), പീറ്റര്‍ സിഡില്‍ (11) എന്നിവര്‍ അധികം കളിക്കാതെ ആന്‍ഡേഴ്സനെ നമിച്ചു. സന്ദര്‍ശകര്‍ 9ന് 231 എന്ന നിലയിലേക്കു വഴുതിവീണു. വിജയ തീരമണയാന്‍ കംഗാരുക്കള്‍ക്ക് വേണ്ടത് 80 റണ്‍സ്. ഇംഗ്ലീഷ് പട കാര്യമായ മാര്‍ജിനില്‍ തന്നെ ജയിക്കുമെന്ന് ഗ്യാലറി പ്രതീക്ഷിച്ചു.
എന്നാല്‍ ഇത്തവണയും ഓസീസ് വാലറ്റം ഉശരുകാട്ടി. അവസാന വിക്കറ്റില്‍ 65 ചേര്‍ത്ത അവര്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ഹാഡിനു കൂട്ടായെത്തിയ ജെയിംസ് പാറ്റിന്‍സനാണ് ആദ്യ വട്ടത്തില്‍ ആഗര്‍ ഏറ്റെടുത്ത ദൗത്യം ഇക്കുറി ചുമലിലേറ്റി. ഇംഗ്ലീഷ് ബൗളര്‍മാരെ വശംവദരാക്കി ഹാഡിനും പാറ്റിന്‍സനും കരുതലോടെ മുന്നോട്ടു നീങ്ങി. ഗ്രെയിം സ്വാനെ സിക്സറിനുപറത്തി ടീമിന്റെ സ്കോറിന് ചെറിയ കുതിപ്പേകാനും പാറ്റിന്സന് മറന്നില്ല. ലഞ്ചിനു പിരിയുമ്പോള്‍ ഓസീസിനു വേണ്ടത് 20 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണശേഷത്തെ മൂന്നാമത്തെ ഓവറില്‍ ആന്ഡേഴ്സന് ഓസീസിനെ ഞെട്ടിച്ചു.
ഇംഗ്ലിഷ് ബൗളറുടെ ഫുള്‍ ലെങ്ങ് പന്ത് ഹാഡിന്റെ ബാറ്റിലുരസി പ്രിയോറിന്റെ കൈയില്‍. എങ്കിലും സംശയങ്ങള്‍ ബാക്കി. ഒടുവില്‍ ഡിആര്‍എസ് (അംപയര്‍ റിവ്യൂ സിസ്റ്റം) ഹാഡിന്റെ വിധിയെഴുതുമ്പോല് ഇംഗ്ലീഷ് ക്യാമ്പ് വിജയ ലഹരിയില്‍ അമര്‍ന്നു. 57 പന്തില്‍ രണ്ടു ഫോറുകളും ഒരു സിക്സറുമടക്കം 25 റണ്‍സുമായി പാറ്റിന്സണ് ഒരു വശത്ത് നോക്കി നിന്നു. 9 ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഹാഡിന്റെ വീരോചിത ഇന്നിങ്ങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: