കാസര്‍കോട്: ആദിവാസി ഭൂരഹിതരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് വീണ്ടും ഭൂസമരത്തിനിറങ്ങാനുള്ള പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി (എകെഎസ്)യുടെ തീരുമാനത്തിന് സിപിഎമ്മിന്റെ വിലക്ക്. സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ എസ്റ്റേറ്റുകളും കയ്യേറി കുടില്‍കെട്ടി സമരം ആരംഭിക്കുന്നതിന് എകെഎസ് തത്വത്തില്‍ തീരുമാനമെടുത്തെങ്കിലും സിപിഎം അനുമതി നല്‍കിയില്ല. കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ഭൂസമരം പരാജയപ്പെട്ടത് നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ കരുതലോടെ മതിയെന്നാണ് സിപിഎം നിര്‍ദ്ദേശം. മാത്രവുമല്ല സംസ്ഥാന രാഷ്ട്രീയം സോളാര്‍ വിഷയത്തില്‍ കത്തിനില്ക്കുമ്പോള് ‘ലാഭം കുറഞ്ഞ’ മറ്റ് സമരങ്ങളില്‍ തത്കാലം ശ്രദ്ധചെലുത്തേണ്ടെന്ന നിലപാടും പാര്‍ട്ടിക്കുണ്ട്.
സീറോലാന്റ്ലസ് (ഭൂരഹിത കേരളം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്കും മൂന്ന്സെന്റ് ഭൂമി മാത്രം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ ആദിവാസി സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കും മാറി നില്‍ക്കാനാകില്ലെന്നാണ് എകെഎസ് സിപിഎം നേതൃത്വത്തെ അറിയിച്ചത്. പ്രക്ഷോഭത്തിനിറങ്ങിയില്ലെങ്കില് അത് സംഘടനാപരമായി തിരിച്ചടിയാകും. മൂന്ന്സെന്റ് ഭൂമി സ്വീകരിക്കേണ്ടെന്നാണ് എകെഎസ് പ്രവര്‍ത്തകര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഇപ്പോള്‍ ഈ വിഷയം ഉന്നയിച്ച് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും പോലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂമികയ്യേറ്റം ഉള്‍പ്പെടെയുള്ള തീവ്രസമരം ആരംഭിക്കണമെന്ന അഭിപ്രായമാണ് സംഘടനയ്ക്കുള്ളത്. നേരത്തെ സര്‍ക്കാറിനുമുന്നില്‍ കീഴടങ്ങി സമരം അവസാനിപ്പിക്കേണ്ടി വന്നതിന്റെ ക്ഷീണം മാറ്റാന്‍ ഇത് ആവശ്യമാണെന്നും എകെഎസ് കണക്കുകൂട്ടുന്നു. എന്നാല്‍ ഇപ്പോള്‍ നടത്തിവരുന്ന ‘വഴിപാടുസമരങ്ങള്‍’ കൊണ്ട് അണികളെ പിടിച്ചുനിര്‍ത്താനാണ് സിപിഎമ്മിന്റെ ഉപദേശം.
ആദിവാസി വിഭാഗങ്ങളില്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുമ്പോഴും സമരം വിജയിപ്പിക്കാന്‍ എത്രത്തോളം കഴിയുമെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പോഷക സംഘടനകളെ അണിനിരത്തി സംഘടനാ ശേഷി മുഴുവന്‍ ഉപയോഗിച്ചിട്ടും നടത്തിയ ഭൂസമരം പരാജയപ്പെട്ടത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നു. ആദിവാസി ക്ഷേമസമിതിക്കുപുറമെ പട്ടികജാതി ക്ഷേമസമിതി, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന് എന്നീ പോഷകസംഘടനകളെ ഉള്‍പ്പെടുത്തി ഭൂസംരക്ഷണ സമിതിയുണ്ടാക്കിയായിരുന്നു സിപിഎം സമരം. മിച്ചഭൂമിയില്‍ കുടില്‍കെട്ടി നടത്തിയ സമരം പക്ഷെ പിന്നീട് സിപിഎമ്മിന് ബാധ്യതയായിത്തീര്‍ന്നു. ഒടുവില്‍ 16 ദിവസത്തിനുശേഷം സമരം അവസാനിപ്പിക്കുമ്പോള്‍ ഒരുറപ്പും ലഭിച്ചിരുന്നില്ല. സീറോലാന്റ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കുമെന്ന വാഗ്ദാനം മാത്രമാണ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്. അതേ പദ്ധതിക്കെതിരെ സമരത്തിനിറങ്ങുന്നതിലെ ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെട്ടേക്കാം. മറ്റ് ആദിവാസിസംഘടനകള്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിപക്ഷം എന്ത് ചെയ്തെന്ന ചോദ്യം മറുവശത്തും. ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതിനെല്ലാമായി ആദിവാസിക്ഷേമസമിതി നേതാക്കളോട് സിപിഎം പങ്കുവെച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: