കണ്ണൂര്‍ : വര്‍ക്കലയില്‍നിന്ന് കാണാതായ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി കണ്ണൂര്‍ റെയില്‍വേ സംരക്ഷണ സേനയുടെ മുമ്പാകെ കീഴടങ്ങി. കഴിഞ്ഞ അഞ്ചുമുതല്‍ കാണാതായ കടയ്ക്കല്‍ എസ്എച്ച്എം എഞ്ചിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നവീദ്(21) ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ റെയില്‍വേ പോലീസില്‍ കീഴടങ്ങിയത്.
അയിരൂര്‍ കായല്‍പ്പുറം ഹന വീട്ടില്‍ നവീദെന്ന യുവാവിനെ തട്ടികൊണ്ടുപോയി 2 ലക്ഷം ദിര്‍ഹം മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന് കാണിച്ച് പിതാവ് നൗഷാദ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കോളേജില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ 5ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ നവീദ് രാത്രിയേറെയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന് കോളേജില്‍ അന്വേഷിച്ചെങ്കിലും അവിടെ ചെന്നിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പിതാവ് നൗഷാദ് കടയ്ക്കല്‍, അയിരൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കുകയായിരുന്നു.
നവീദിന്ന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും പ്രത്യേക അന്വോഷണ സംഘം ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുളളൂവെന്നും ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ പി.വി.രഘുനാഥ് പറഞ്ഞു.നവീദിന്റെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരെത്തിയാല്‍ ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇയാളെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഏഴിന് ഉച്ചയോടെ മകന് കസ്റ്റഡിയിലുണ്ടെന്നും മോചിപ്പിക്കണമെങ്കില്‍ രണ്ട് ലക്ഷം ദിര്‍ഹം നല്‍കണമെന്നും ആവശ്യപ്പെട്ട് പിതാവ് നൗഷാദിന് കൊല്‍ക്കത്തയില്‍നിന്നും ഫോണ്‍ കോള്‍ വന്നിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടാംതീയതി വീണ്ടും വിളിക്കുകയും അബുദാബിയിലുള്ള നൗഷാദിന്റെ അനുജന് ഹാഷിമിന്റെ അക്കൗണ്ടുവഴി അയയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഹിന്ദിയിലാണ് വിളിച്ചയാള്‍ സംസാരിച്ചതെന്ന് നൗഷാദ് പറഞ്ഞിരുന്നു.
നൗഷാദിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന് വന്ന കോളുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള ബാര്ത്താലയില് നിന്നാണെന്ന് മനസ്സിലാക്കിയിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് നീക്കം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വര്‍ക്കല പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ന്മാരായ ശിവപ്രകാശ്, സീതാറാം എന്നിവര്‍ കൊല്‍ക്കത്തയിലെത്തി അന്വേഷണമാരംഭിച്ചിരുന്നു.ഇതിനിടയിലാണ് നവീദ് ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തി റെയില്‍വേ പോലീസില്‍ കീഴടങ്ങിയത്.
മകനെ തട്ടിക്കൊണ്ടുപോയെന്ന പിതാവ് നൗഷാദിന്റെ പരാതിയില്‍ പോലിസ് അന്വേഷണം നടക്കവെയാണു നാടകീയമായ ഹാജരാവല്‍. ഹിന്ദി സംസാരിക്കുന്ന ഒരുസംഘം ടെംപോ വാനില്‍ തട്ടിക്കൊണ്ടുപോയി മൈസൂരിനടുത്ത ഉള്‍പ്രദേശത്തെ കെട്ടിടത്തില്‍ പാര്‍പ്പിച്ചെന്നും അവിടെനിന്ന് ഇക്കഴിഞ്ഞ 13നു രാത്രി ഒമ്പതോടെ പറഞ്ഞുവിട്ടെന്നുമാണ് യുവാവ് പോലിസില്‍ നല്കിയ മൊഴി. അതിനുശേഷം ബാംഗ്ലൂര്‍-യശ്വന്ത്പൂര്‍ ട്രെയിനില്‍ രാവിലെ കണ്ണൂരിലെത്തുകയായിരുന്നു. ?ഭക്ഷണം നല്കിയ സംഘം ദേഹോപദ്രം ഏല്പ്പിച്ചിട്ടില്ലെങ്കിലും കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തതായി നവീദ് പറഞ്ഞു. വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കളും വൈകീട്ടോടെ കണ്ണൂരിലെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: