കോഴിക്കോട് : മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് തലവനില്ല. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ക്രൈംബ്രാഞ്ച് എസ്.പി. പി.എ. വത്സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. ഇദ്ദേഹം മെയ് 31ന് വിരമിച്ച ശേഷം പുതിയ എസ്പിയെ നിയോഗിക്കാത്തതുകാരണം മാറാട് ക്രൈംബ്രാഞ്ച് അന്വേഷണവും നിലച്ച മട്ടാണ്.
ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന സിഎം പ്രദീപ്കുമാറിനായിരുന്നു അന്വേഷണചുമതല. അന്വേഷണംപ്രത്യേക ഘട്ടത്തിലെത്തിയപ്പോള്‍ പ്രദീപ്കുമാറിനെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയത് ഏറെ വിവാദമായിരുന്നു. മുസ്ലിംലീഗിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് അന്വേഷണതലവനെ മാറ്റിയതെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ മായിന്‍ഹാജിയെ ഒന്നാംപ്രതി ചേര്‍ത്തുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അന്വേഷണതലവനെ മാറ്റി പ്രതിഷ്ഠിച്ചത്.
തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് സാമ്പത്തിക കുറ്റാന്വേഷണം എസ്പി പി.എ.വല്‍സനെ അന്വേഷണ തലവനായി നിശ്ചയിച്ചത്. എന്നാല്‍ ഇദ്ദേഹം വിരമിച്ചതിന് ശേഷം ഇതുവരെ മാറാട് അന്വേഷണ ചുമതല ആര്‍ക്കെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടില്ല. മാറാട് കൂട്ടക്കൊലക്കുപിന്നിലെ സാമ്പത്തിക സ്രോതസ്സ്, അന്തര്‍സംസ്ഥാന ബന്ധം, ഭീകരവാദബന്ധം, ഗൂഢാലോചന എന്നിവയെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നായിരുന്നു മാറാട് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശം. കേന്ദ്രതലത്തിലുള്ള അന്വേഷണ ഏജന്‍സിയെക്കൊണ്ട് ഇത് അന്വേഷിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. എന്നാല്‍ സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. ഇതും പാതിവഴിക്ക് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇപ്പോള്അന്വേഷണ തലവന്കൂടി ഇല്ലാതായതോടെ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലാണ്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: