കാസര്‍കോട്: മംഗലാപുരത്ത് ആറും എട്ടും മാസം പ്രായമുള്ള രണ്ട് കുട്ടികളെ വിറ്റ കേസ് പോലീസ് അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ പരാതിക്കാരിയായ പ്രേമയുടെ മാതാപിതാക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. മാതാപിതാക്കളായ ചന്ദ്രനും നാരായണിയുമാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പ്രേമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ തന്നെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അന്വേഷണം വഴിതിരിച്ചുവിടുന്നതിനാണെന്ന് മാതാപിതാക്കള്‍ ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കേസില്‍ പ്രേമയുടെ ഭര്‍ത്താവ് രതീഷ് റിമാണ്റ്റിലാണ്. മംഗലാപുരത്തെ അഭിഭാഷക വഴിയാണ് രതീഷ് മക്കളെ വിറ്റതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇടനിലക്കാരിയായി നിന്ന അഭിഭാഷകയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ഡിജിപിയെ അറിയിച്ചു. നിയമപരമായാണ് കുട്ടിയെ ഏറ്റെടുത്തതെന്ന് അഭിഭാഷക അവകാശപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കിയിട്ടില്ല. ഒരുകുട്ടിയെ മംഗലാപുരത്ത് നിന്നും പോലീസ് കണ്ടെത്തിയെങ്കിലും കസ്റ്റഡിയില്‍ വെച്ചവരെ അറസ്റ്റ് ചെയ്തില്ല. അവരെ കണ്ടെത്താനായിട്ടില്ലെന്ന വിചിത്രമായ വാദമാണ് പോലീസ് ഉയര്‍ത്തുന്നത്. കേസന്വേഷണം സത്യസന്ധമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പോലീസ് നടപടിക്കെതിരെ പരാതിക്കാരിയുടെ മാതാപിതാക്കള്‍ തന്നെ രംഗത്തത്തിയതോടെ കേസ് വീണ്ടും ചൂടുപിടിക്കാനുള്ള സാധ്യതയേറി. നേരത്തെ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് മഹിളാമോര്‍ച്ചയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: