കൊച്ചി: ഏത് തത്വമാണ് നമ്മെ പഠിപ്പിച്ചുതരുന്നത് അത് ഉള്‍ക്കൊള്ളുക. അങ്ങനെ ആ മാതൃക നാം കാണിച്ചുകൊടുക്കണമെന്ന് സ്വാമി ചിദാനന്ദപുരി. ബാലഗോകുലം 38-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയായ സ്വാമി.
ഒരു വലിയ സാമൂഹ്യ സാഹചര്യത്തിലാണ് നാം നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ നാം ചെയ്തുകൊണ്ടിരിക്കുന്ന, ചെയ്യേണ്ട കര്‍ത്തവ്യത്തെക്കുറിച്ച് ശരിയായ ബോധം നമുക്ക് ഉണ്ടാകണം. സമൂഹത്തില്‍ ബാലഗോകുലത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ നമ്മില്‍ വലിയൊരു ദൗത്യമാണ് ഉള്ളത്. അത് എത്രകണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന് നാം ചിന്തിക്കണം.
അപ്പോഴാണ് കൂടുതല്‍ ശാസ്ത്രീയമായും ശക്തമായും മുന്നോട്ടുപോകാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളു. അതാണ് ഓരോ വാര്‍ഷിക സമ്മേളനങ്ങളിലും നാം ഓര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ അപചയങ്ങള്‍ കാണുന്നു. തെറ്റിനെ ചൂണ്ടിക്കാണിക്കാനാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതല്ല ശരി, നന്മയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു.
യുവതലമുറ വഴിതെറ്റുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കൊടുക്കേണ്ടത് കൊടുത്ത് വളര്ത്തിയെങ്കില് അങ്ങനെ സംഭവിക്കില്ല. തല്ലേണ്ട പ്രായത്തില്‍ തല്ലി വളര്‍ത്തി കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്ന മാതാപിതാക്കന്മാരെ ആദരിക്കണം. അതാണ് ബാലഗോകുലം ചെയ്യുന്നത്. സ്വന്തം മക്കളുടെ സ്പന്ദനങ്ങളെ അളന്നറിയാന്‍ കഴിയുമെങ്കില്‍ കുട്ടികള്‍ ഒരിക്കലും തെറ്റായ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കില്ലെന്നും, അവര്‍ ഉത്തമ സന്താനങ്ങളായി മാറുമെന്നും സ്വാമി പറഞ്ഞു.
ബാലഗോകുലം മാതൃകയാക്കി പിന്തുടരുന്നത് ശ്രീകൃഷ്ണനെയാണ്.
കൃഷ്ണ സങ്കല്‍പ്പത്തേയും, കൃഷ്ണ സന്ദേശത്തേയും അല്‍പ്പമെങ്കിലും ആവാഹിക്കാന്‍ കഴിഞ്ഞാല്‍ ബാലഗോകുലം എന്താണ് ഉദ്ദേശിക്കുന്നത് അത് സാധ്യമാകുമെന്നും സ്വാമി പറഞ്ഞു.
നമ്മുടെ ജീവിതചര്യകള്‍ നിശ്ചയിക്കുന്നത് മറ്റുപലരുമാണ്. പരസ്യജാലത്തില് നാം പെട്ടുപോകുകയാണ്. നമ്മുടെ സമൂഹത്തില്‍ അനേകം പൂതനമാരുണ്ട്. നമ്മള് തിരിച്ചറിയാതെപോയാല്‍ വിഷം നല്കി നമ്മുടെ മക്കളെ അവര്‍ കൊല്ലുമെന്നും സ്വാമി മുന്നറിയിപ്പ് നല്കി.
ഒരു ഗ്ലാസ് വെള്ളം തന്നാല്‍ താങ്ക് യു പറയുന്ന തരത്തില്‍ നമ്മുടെ കുട്ടികള്‍ തരംതാണു പോകുന്നു, ഇങ്ങനെപോയാല്‍ അമ്മയും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ജീവിത വിജയത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടായിരിക്കണം. എല്ലാ മേഖലകളിലും നാം ഉയര്‍ന്നു പ്രവര്‍ത്തിക്കണമെന്നും വളര്‍ച്ചയാണ് മറ്റുള്ളവര്‍ക്ക് മാതൃകയായി മാറ്റേണ്ടതെന്നും സ്വാമി പറഞ്ഞു. ധര്‍മ്മ വിജയത്തിന് ഏതറ്റം വരെ പോകാനും നാം തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാതൃധര്‍മ്മം വേണ്ടവിധത്തില്‍ പാലിക്കപ്പെടാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
കുട്ടികളെ വേണ്ടവിധത്തില്‍ പരിചരിക്കുന്നില്ല. കുട്ടികളെ സ്വാധീനിക്കാന്‍ നമുക്ക് കഴിയണം. കൃഷ്ണ സന്ദേശത്തെ ആഴത്തിലും പരപ്പിലും നാം പഠിക്കണം. ഒരു കാര്യം പറയണമെന്നുണ്ടെങ്കില്‍ പത്ത് കാര്യങ്ങള്‍ ഉള്ളിലുണ്ടാകണം, എന്നാല്‍ ഒരു കാര്യമേ പറയാവൂ, അത് ഓര്മ്മയിലുണ്ടാവണമെന്നും സ്വാമി പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്വാഗതസംഘം അധ്യക്ഷന്‍ എന്‍.ശ്രീകുമാര്‍, മാര്‍ഗ്ഗദര്‍ശി പി.കെ. വിജയരാഘവന് എന്നിവര്‍ പങ്കെടുത്തു.
കലയില്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ആദ്യത്തെ വിദ്യാഭ്യാസ ധനസഹായം മട്ടാഞ്ചേരി സ്വദേശി ഗീതുവിന് സ്വാമി ചിദാനന്ദപുരി നല്കി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.പി.ബാബുരാജ് സ്വാഗതവും, ജില്ലാ അദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: