കര്‍ക്കിടകം കലിതുള്ളാന്‍ തുടങ്ങിയാല്‍ പായിപ്രക്കാര്‍ക്ക് വലിയ ഉത്സാഹമാകും. കുട്ടികള്‍ക്കും കുട്ടിത്തം ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്നവര്‍ക്കും. കള്ളക്കര്‍ക്കിടകം എന്നതൊക്കെ മുതിര്‍ന്നവരുടെ വായ്ത്താരിയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ, രോഗങ്ങളോടും വിശപ്പിനോടും പുകയാത്ത അടുപ്പിനോടും മറുപടി പറയേണ്ടവര്‍ക്ക്.
മഴ പെയ്യും മുറ്റമൊക്കെ
മാറും വന്‍ കടലായിനി
പറമ്പും പാടവും ചേര്‍ന്ന്
പരപ്പതിന് കൂടിടും
കടലാസാലുടന്‍ തീര്‍ക്കും
കപ്പല്‍ ഞാനതിലെന്റെ പേര്
നക്ഷത്രംപോലെ വലുതായ്
നല്ലപോലെ കുറിച്ചിടും.
മഹാകവി ജി.പായിപ്രക്കാര്‍ക്ക് വേണ്ടി എഴുതിയപോലെയാണ് കര്‍ക്കിടകം ഞങ്ങളുടെ ബാല്യത്തിലെത്താറുള്ളത്. മുറ്റത്തെ കടലാസു കപ്പലിന്റെ ശൈശവത്തില്‍ നിന്നും കൈത്തോട്ടിലേക്ക് വളരുന്ന ബാല്യവും പറമ്പും പാടവും തോട്ടവുമെല്ലാം ചേര്‍ന്ന് കടലാകുമ്പോള്‍, വാഴത്തടയുടെ തോണിയൊരുക്കി സാഹസയാത്രക്കിറങ്ങുന്ന കൗമാര യൗവനങ്ങളും കടന്നാണ് എന്നെപ്പോലുള്ളവര്‍ പായിപ്രക്ക് പുറത്തേക്കൊഴുകിയത്.
തോട്ടിറമ്പില്‍ കൂടി, പാടവരമ്പില്‍ കൂടിയുള്ള സ്കൂളിലേക്കുള്ള വഴി വെള്ളപ്പൊക്കത്തില്‍ മാഞ്ഞുപോകുന്നതോടെ അപ്രഖ്യാപിത അവധിയുടെ ആഹ്ലാദകാലം ആരംഭിക്കുകയാണ്. ദിനചര്യയിലെ ക്രമവ്യതിയാനമാണ് ഈ കര്ക്കിടകാലത്തിന്റെ പ്രഥമാകര്ഷണം. ഓട്ടിറമ്പില്‍ നിന്നും വീഴുന്ന മഴയുടെ കിലുങ്ങുന്ന സംഗീതം കേട്ട് മുത്തച്ഛന്റെ കട്ടില്‍ച്ചുവട്ടില്‍ മൂടിപ്പുതച്ച് മതിയാവോളം കിടക്കാം-കണ്ണില്‍ കുത്തുന്ന സൂര്യന്പോലും ഉണരാന്‍ വൈകുന്ന കാലം!
ദിനചര്യയിലെന്നപോലെ ഭക്ഷണക്രമത്തിലും അടിമുടി പൊളിച്ചെഴുത്താണ്. “ചക്കേം മാങ്ങേം മുമ്മാസം/ചേമ്പും ചേനേം മുമ്മാസം/താളും തകരേം മുമ്മാസം/അങ്ങനെയിങ്ങനെ മുമ്മാസം”??എന്ന കേരളീയ ഭക്ഷണത്തിന്റെ വാര്‍ഷിക മെനുവിലെ അവസാനത്തെ രണ്ടുപാദങ്ങളിലൂന്നിയാണ് കര്‍ക്കിടകം കടന്നുപോകുന്നത്. ചൂടുകഞ്ഞിക്ക് ഇലക്കറികളും പനച്ചിയില/പുളിയില ചുട്ടരച്ച ചമ്മന്തിയുമായാല്‍ നാവില്‍ കപ്പലോടും. താള്, മുരിങ്ങ, പയറ്റുകൊടി, വാഴകൂമ്പ്, വാഴപ്പിണ്ടി, പുളിയില എന്നിവകള്‍ തോരനായും കറിയായും ചമ്മന്തിയായും അവതാരമെടുക്കും.
നാലുമണിക്കാപ്പിയുടെ പലഹാരമായി പ്രത്യക്ഷപ്പെടാറുള്ള ഊരാളിച്ചേമ്പ് മാഞ്ഞുപോയ കര്‍ക്കിടക വിശേഷങ്ങളില്‍പ്പെടുന്നു. നേര്‍ത്ത മധുരമുള്ള ഈ ചേമ്പ്, ചേമ്പു വര്‍ഗത്തില്‍ തന്നെ അധഃകൃതനാണ്. വല്ല ചോലപ്രദേശത്തും ആരുടേയും ലാളനയേല്ക്കാതെ, താന്തോന്നിയായി വളരുന്ന ഈ കാട്ടുവര്ഗത്തിന്, സവര്‍ണ അടുക്കളയിലേക്ക് വരെ മോക്ഷം കിട്ടുന്ന കാലമാണ് കര്‍ക്കിടകം. ഉപ്പുപോലും ചേര്‍ക്കേണ്ടതില്ലാത്ത ഇത് വെറുതെ ചെമ്പുകലത്തില്‍ പുഴുങ്ങുകയേ വേണ്ടൂ. പാവപ്പെട്ടവന്റെ അവസാനത്തെ അത്താണിയായ (കപ്പയ്ക്കും താഴെ) ഊരാളിച്ചേമ്പ് ആരും നട്ടുവളര്‍ത്താറില്ല.
കര്‍ക്കിടകം പുലര്‍ന്നാല്‍ സന്ധ്യകള്‍ കൂടുതല്‍ പ്രിയതരമാവും. പതിവ് നാമജപത്തിന്റേയും കീര്ത്തനാലാപനങ്ങളുടേയും ആവര്ത്തനത്തിനപ്പുറത്തേക്ക് കഥകളുടെ രാവുകള്‍ കടന്നു കയറും. മുത്തച്ഛനും അമ്മയും നീട്ടിച്ചൊല്ലുന്ന രാമായണത്തിന്റെ ഇടവേളകള്‍ കഥാവേളകള്‍ കൂടിയാണ്. കാവ്യ സംസ്ക്കാരത്തെ ഗാര്‍ഹിക സംസ്ക്കാരമാക്കി മാറ്റുകയാണ് കര്‍ക്കിടകം എന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് മാത്രം.
കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം കേരളത്തില്‍ ഈവിധം ചിട്ടപ്പെടുത്തിയത് അമ്പലപ്പുഴ രാജാവാണ്. സഹൃദയനും കലാസാഹിത്യ പോഷകനുമായിരുന്ന അമ്പലപ്പുഴ രാജാവിന് ഒരു തെലുങ്കു രാമായണം സമ്മാനമായിക്കിട്ടി. അത് വായിക്കാന്‍ പറ്റിയ ഒരാളെ ലഭ്യമാക്കുവാന്‍ മേല്‍പ്പത്തൂരിനോട് ആവശ്യപ്പെട്ടുവത്രെ, അതിനായി എഴുത്തച്ഛന് തന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ഒരു പ്രതി രാജാവിന് സമ്മാനിച്ചുവത്രെ. ഇത് വായിച്ച് സംപ്രീതനായ രാജാവ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ നൂറുപ്രതികള് പകര്‍ത്തിച്ച് നൂറ് ഭവനങ്ങളില്‍ കര്‍ക്കിടകം ഒന്നുമുതല്‍ നിഷ്ഠയോടെ പാരായണം ചെയ്യുവാന്‍ കല്പ്പിച്ചു. ഈ രാജകല്പ്പനയാണ് കാലാന്തരത്തില്‍ മലയാളിയുള്ള ഹിന്ദുഭവനങ്ങളിലും ക്ഷേത്രങ്ങളിലുമെല്ലാം രാമായണ പാരായണമായി പടര്‍ന്നത്.
മനസ്സിനും ശരീരത്തിനും സുഖചികിത്സാക്കാലമാണ് കര്‍ക്കിടകം. ഔഷധസേവയ്ക്കും പഞ്ചകര്മക്രിയകള്ക്കുമെല്ലാം വിശേഷപ്പെട്ട കാലം കൂടിയാണിത്. കേരളത്തിന്റെ ദേശീയ ഭക്ഷണമായ കഞ്ഞി ഗൃഹാന്തരീക്ഷങ്ങളില്‍ നിന്നും മാഞ്ഞെങ്കിലും ഇപ്പോള്‍ (ദില്ലിയിലെ കേരളാ ഹൗസില്‍ മാത്രം!) കര്‍ക്കിടകത്തില്‍ അത് ഔഷധക്കഞ്ഞിയായി മടങ്ങിവന്നുകൊണ്ടിരിക്കുന്നു. എന്തും വിലകൊടുത്തു വാങ്ങുമ്പോഴുള്ള മാന്യത!
മഴയുടെ കിലുക്കം കേട്ടുകൊണ്ടുള്ള മയക്കം, സ്വച്ഛമായ വായന, ദിനചര്യകളുടെ ക്രമം തെറ്റല്‍, നാടോടി ഭക്ഷണശീലുകളുടെ ഹൃദ്യത എന്നിങ്ങനെ കര്‍ക്കിടക നന്മകള് ഏറെയാണ്. മുതിര്‍ന്നവരുടെ ദുരിതകാലവും കുട്ടികളുടെ ആഹ്ലാദകാലവും കൂടിയാണിത്.
മഴക്കാലത്തിനായി കരുതിവെച്ച കപ്പക്കൊണ്ടാട്ടം, ചക്കപപ്പടം, വാട്ടു കപ്പ എന്നിവ വൈകുന്നേരത്തെ കട്ടന്കാപ്പിക്കൊപ്പം പക്കമേളമായി വരുന്നതും കര്‍ക്കിടകത്തിലാണ്. പുറത്തെ തിരിമുറിയാത്ത മഴ കണ്ടുകൊണ്ട് ഊത്തടിക്കുന്ന പുറംതിണ്ണയിലിരുന്ന് ചൂടുകാപ്പിയും കൊണ്ടാട്ടം വറുത്തതും ചുട്ടപപ്പടവും വാട്ടുകപ്പപ്പുഴുക്കുമൊക്കെ ആസ്വദിച്ചവര്‍ക്ക്, ലോകത്തെ ഏത് വന്‍കിട ഹോട്ടലിന്റെ ലോണിലും കൃത്രിമ മഴയുടെ പശ്ചാത്തലത്തിലും പഴയ രസികത്തം തിരിച്ചുകിട്ടിയെന്ന് വരില്ല.
കര്‍ക്കിടക സംക്രാന്തിയ്ക്ക് വീടെല്ലാം അടിച്ചുപെറുക്കി കഴുകി വൃത്തിയാക്കി, പഴമ്പായയും കുറ്റിച്ചൂലും പഴമുറവുമെല്ലാം, തിരികത്തിച്ച് തോട്ടില്‍ ഒഴുക്കി ചേട്ടയെക്കളയുന്ന ഒരു ചടങ്ങുണ്ട്. ‘ചേട്ട പുറത്ത്; ശീവോതി അകത്തെ’ന്ന് ആര്‍പ്പുവിളിക്കയും ചെയ്യും. പിറ്റേന്ന് ചിങ്ങപ്പുലരിയില്‍ ആഗതയാകുന്ന ശ്രീഭഗവതിക്ക് വഴിയൊരുക്കുന്ന ചടങ്ങ്.
പുതിയകാലത്തിന്റെ തകിടം മറയുന്ന ധാര്‍മികതയ്ക്കും ഋതുഭേദങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്ക്കുമൊപ്പം കര്‍ക്കിടകവും മാറുകയാണ്. വാഴപ്പിണ്ടിയും വാഴകൂമ്പും മുരിങ്ങയിലയും വില്‍ക്കുന്ന കൗണ്ടറുകള്‍ക്ക് മുന്നിലെ ക്യൂവിലാണ് പായിപ്രക്കാരും (അവര്‍ തിരുവനന്തപുരത്തോ ദല്‍ഹിയിലോ ദുബായിയിലോ അമേരിക്കയിലോ നിന്നുകൊണ്ട് പഴയ കര്‍ക്കിട സ്വാദികള് നുണയുകയായിരിക്കാം.) ഓട്ടിറമ്പിലെ സംഗീതമില്ല, പാടവും പറമ്പും മുങ്ങിക്കടലാകുന്ന വെള്ളപ്പൊക്കമില്ല, ഇലക്കറികളും പനച്ചിയില ചമ്മന്തിയും താളുകറിയും ഊരാളി ചേമ്പിന്റെ സായാഹ്നങ്ങളുമില്ല….
എന്നിട്ടും,
“കഥയമമ, കഥയമമ
കഥകളതിസാദരം…
കാകുല്‍സ്ഥ ലീലകള്‍
കേട്ടാല്‍ മതിവരാ….”
മങ്ങാത്ത രാമായണ രാവുകളുമായി, ചോര്‍ന്നിട്ടും ബാക്കി നില്ക്കുന്ന കര്‍ക്കിടക നന്മകളുമായി, ‘കര്ക്കിടകക്കിഴിവു’കളുടെ ഉടയാടചാര്‍ത്തി, കള്ളക്കര്‍ക്കിടകം വന്ന് മലയാളിയുടെ വാതിലില്‍ മുട്ടുന്നു, പുതിയ കഥകള്‍ക്കായി.
പായിപ്ര രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: