താന്‍ നട്ടുവളര്‍ത്തുന്ന കൃഷിയിടത്തില്‍ പച്ചക്കറികള്‍ വിളഞ്ഞ് പാകമാകുന്നത് എങ്ങനെയെന്ന് പേരക്കുട്ടിയ്ക്ക് വിവരിക്കുന്ന ഒരു മുത്തച്ഛന്റെ പരിവേഷമായിരുന്നു അയാള്‍ക്ക്. ചിലപ്പോള്‍ മൂത്ത മകനൊപ്പം അവന്റെ പശുവിനെ മേച്ചുകൊണ്ട് കൃഷിയിടങ്ങളില്‍ ഉലാത്തും.. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ കുടുംബത്തോടൊപ്പം ഭക്ഷണം, പ്രാര്‍ത്ഥന, കുട്ടികള്‍ക്കൊപ്പം നേരംമ്പോക്ക്… കേള്‍ക്കുമ്പോള്‍ എത്ര സമാധാനത്തോടെയുള്ള ജീവിതം എന്ന് തോന്നാം, എല്ലാവരിലേക്കും സന്തോഷത്തിന്റെ ഊര്‍ജ്ജം നിറയ്ക്കുന്ന ഈ പ്രായമേറിയ വ്യക്തിയാരെന്ന് അറിയുമ്പോഴാണ് പക്ഷേ അമ്പരക്കുന്നത്.
ലോകശക്തിയായ അമേരിക്കയെപ്പോലും വിറപ്പിച്ച സാക്ഷാല്‍ ഒസാമ ബിന്‍ ലാദന്. തന്റെ അവാസന നാളുകളില്‍ മരണത്തില്‍ നിന്നും രക്ഷ തേടി രൂപത്തിലും ഭാവത്തിലും എല്ലാം ഒരു സാധാരണക്കാരനിലേക്കുള്ള പരകായ പ്രവേശം. അങ്ങനെ വേണം ലാദന്റെ മാറ്റത്തെ വിശേഷിപ്പിക്കാന്‍. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തീരാക്കണ്ണുനീര്‍ നല്കിയ, ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവന്‍ പക്ഷേ സുരക്ഷിതനായിരുന്നു, അമേരിക്കയുടെ ചാരക്കണ്ണ് തേടിയെത്തുംവരെ..
2001 സപ്തംബര്‍ 11ന് ലോകജനതയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഭീകരതയുടെ മൂര്‍ത്ത ഭാവമായി ബിന്‍ ലാദന് ഏതൊരു ലോകശക്തിയേയും വിറപ്പിച്ചു. റാഞ്ചിയെടുത്ത യാത്രാ വിമാനം ഉപയോഗിച്ച് ചാവേര്‍ ആക്രമണത്തിലൂടെ അമേരിക്കയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളായ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും തകര്‍ത്തപ്പോള്‍ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു. പിന്നീടങ്ങോട്ട് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ലാദനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി, ലാദനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ ലാദനെ മാത്രം കിട്ടിയില്ല. അന്ന് അമേരിക്ക ഉറക്കമിളച്ച് ലാദനെ പിടികൂടാന്‍ പരക്കം പായുമ്പോള്‍ ഇങ്ങ് ഭീകരരുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന പാക്കിസ്ഥാനില്‍ ഭരണത്തലവന്മാരുടെ പോലും കണ്ണുവെട്ടിച്ച് (അതോ അറിവോടെയോ) സ്വയം പരിമിതപ്പെടുത്തിയ സൗകര്യങ്ങളില്‍ സസുഖം വാഴുകയായിരുന്നു ലാദന് എന്ന കൊടുംഭീകരന്. പാക് അധികാരികളുടെ അറിവോടെയല്ലാതെ ഇത്തരത്തിലൊരു ഒളിജീവിതം സാധ്യമാകില്ലെന്നത് മറ്റൊരു വിഷയം.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ലാദന് തന്റെ തട്ടകമായ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു. 2001 ഡിസംബറില്‍ നടന്ന ടൊറ ബോറ യുദ്ധത്തില്‍ പിടിയിലാകുമെന്ന ഘട്ടംവരെ എത്തിയെങ്കിലും കഷ്ടിച്ച് രക്ഷപെട്ടു. 2002 മധ്യത്തോടെ പാക്കിസ്ഥാനിലെ സ്വാതില്‍ അഭയം തേടിയെത്തിയ ലാദനും കുടുംബത്തിനും 9/11 ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായിരുന്ന ഖാലിദ് ഷെയ്ക് മുഹമ്മദാണ് എല്ലാ അഭയവും നല്കി സ്വീകരിച്ചത്. 2005 ആഗസ്റ്റിലാണ് ലാദന് അബോട്ടാബാദില്‍ പ്രത്യേക നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ താമസസ്ഥലത്തേക്ക് മാറുന്നത്. ലാദനും കുടുംബാംഗങ്ങള്‍ക്കും സുരക്ഷാവലയം ഒരുക്കിക്കൊണ്ട് അംഗരക്ഷകര്‍ ഉണ്ടാകാറുണ്ടെങ്കിലും ആര്‍ക്കും സംശയത്തിന് ഇടനല്‍കാതെ എല്ലാ കാര്യത്തിലും മിതത്വം പാലിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രദ്ധിച്ചിരുന്നു. ഏറ്റവും താഴത്തെ നിലയിലായിരുന്നു ലാദന്റെ വാസം. ഷെയ്ക് എന്നാണ് ലാദനെ മറ്റുള്ളവര്‍ക്കിടയില്‍ പരിചയപ്പെടുത്തിയിരുന്നത്.
പുറത്തേക്ക് ഇറങ്ങുന്ന അവസരങ്ങളിലെല്ലാം തന്റെ മുഖഛായ വ്യക്തമാകാതിരിക്കുന്നതിനായി കൗബോയ് തൊപ്പി ധരിക്കാനും ലാദന് ശ്രദ്ധിച്ചിരുന്നു എന്നതാണ് രസകരമായ വസ്തുത. സാറ്റലൈറ്റ് ക്യാമറകളില്‍ നിന്നും ചാര വിമാനങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ മുന്‍കരുതല്‍. വീട്ടുവളപ്പിന്റെ അങ്ങേ അതിരിലെ പൈന്‍ മരങ്ങളെപ്പോലും ലോകത്തെ വിറപ്പിച്ച ഈ ഭീകരന് ഭയപ്പാടൊടെയാണ് കണ്ടിരുന്നതത്രേ. നിരീക്ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ചിന്തയാല്‍ ഈ മരങ്ങള്‍ വിലകൊടുത്ത് വാങ്ങി മുറിച്ചുകളയുന്നത് വരെയെത്തി കാര്യങ്ങള്‍. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഒരുപോലെ ഭയപ്പെടുന്നു എന്നതിന് ലാദന്റെ ജീവിതം ഏറ്റവും നല്ല ഉദാഹരണം.
ലാദന് കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പാണ് ആദ്യ ഭാര്യയായ ഖാരിയ എട്ട് വര്‍ഷത്തെ ഒളിത്താമസത്തിനൊടുവില് അബോട്ടാബാദിലെത്തി ലാദനൊപ്പം ചേരുന്നത്. വീട്ടുവളപ്പില്‍ നിന്നും വെളിയില്‍ പോകാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. ഖുറാന് പഠനത്തിനും പൂന്തോട്ടപരിപാലനത്തിനുമായിരുന്നു ഇവര്‍ കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. ലാദനും ഭാര്യമാരും തമ്മിലുള്ള സംഭാഷണത്തില്‍ മതസംബന്ധമായ കാര്യങ്ങള്‍ ഒന്നും തന്നെ കടന്ന് വന്നിരുന്നില്ല.
ഒരുനാള്‍ പിടികൂടപ്പെടുമെന്നും വധിക്കപ്പെടുമെന്നും വ്യക്തമായി മനസ്സിലാക്കി തന്നെയായിരുന്നു ലാദന്റെ അജ്ഞാത വാസം. ഇതിനിടയില്‍ ലാദനെ മദിച്ചതെന്താവും..ജീവിതത്തോടുള്ള അടങ്ങാത്ത മോഹമോ.. അതോ വിശുദ്ധയുദ്ധത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കാനുള്ള പുതിയ തന്ത്രങ്ങളോ… എന്തുതന്നെയായാലും കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും -അനിവാര്യമായ മരണത്തിന്റെ കാര്യത്തില്‍- ഇരുകൂട്ടരുടേയും മന:ശാസ്ത്രം ഒന്നുതന്നെ…മനുഷ്യജീവന് പുല്ലുവില കല്‍പ്പിച്ചിരുന്ന കൊടുംഭീകരന് ഒസാമ ബിന്‍ ലാദനും വ്യത്യസ്തനായിരുന്നില്ല…
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: