എതിര്‍പ്പുകളെ സധൈര്യം വെല്ലുവിളിച്ച് കൊറിയന്‍ ആയോധനകലയായ തായ്കോണ്ടോ അഭ്യസിച്ച് നേട്ടങ്ങള്‍ കൊയ്ത് വേറിട്ട മാതൃകയായി മാറുകയാണ് മട്ടാഞ്ചേരി ബസാര്‍ റോഡിലെ എച്ച്.എം.ഫൈസലിന്റെയും കമര്ബാന്റെയും മക്കളായ മൂവര്‍സംഘം. നാസില, ഫര്‍സിന, ഹര്സിന എന്നീ പെണ്‍കുട്ടികളാണ് തായ്കോണ്ടോയുടെ പരിശീലനത്തിലൂടെ ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും പ്രതീകമായി മാറുന്നത്. ഫൈസലിന്റെ ഈ മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചും ബന്ധുക്കള്‍ക്കും അയല്പക്കക്കാര്ക്കുമിടയില് മതിപ്പേറുകയാണ്.
തികച്ചും യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്ന് സമൂഹത്തിലെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വലിയ വലിയ നേട്ടങ്ങള്‍ കൊയ്ത് മുന്നേറുകയാണ് ഈ സഹോദരിമാര്‍. ഫൈസലിന്റെ മൂത്ത മകളായ നാസിലയെ എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മട്ടാഞ്ചേരിയിലെ കൊച്ചിന് ജിംനേഷ്യത്തിലെ തായ്കോണ്ടോ അക്കാദമിയില്‍ പരിശീലനത്തിനായി അയക്കുന്നത്. നാസില തായ്കോണ്ടോയുടെ ജില്ലാ ചാമ്പ്യനായി. സംസ്ഥാനത്തെ വിവിധിയിടങ്ങളില്‍ നടന്ന മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു. നാസിലയുടെ പാത പിന്തുടര്ന്ന് മറ്റ് രണ്ട് മക്കളേയും ഫൈസല്‍ പരിശീലനത്തിനായി അയക്കുകയായിരുന്നു.
രണ്ടാമത്തെ മകള്‍ ഫര്‍സിന നേടിയത് സ്വര്ണത്തിളക്കുള്ള നേട്ടങ്ങള്‍. 2012 ല്‍ മധുരയില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണം നേടി. ഇതേ വര്‍ഷം തന്നെ സ്റ്റേറ്റ് സ്കൂള്‍ മീറ്റില്‍ വെങ്കല മെഡലും നേടി. പ്രാദേശിക മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി നേട്ടങ്ങള്വേറെ. തോപ്പുംപടി ഔവര്‍ ലേഡീസ് സ്കൂളില്‍ പത്താതരത്തില് പഠിക്കുകയാണ് ഫര്‍സിന. മൂന്നാമത്തെ മകള്‍ ഹര്സിന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള ഫൈസല്‍ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ ഭയന്നാണ് പെണ്‍കുട്ടികളെ തായ്കോണ്ടോ പഠിപ്പിക്കാന്‍ തയ്യാറായത്. മൂത്ത മകള്‍ നാസിലയുടെ ഭര്‍ത്താവ് യു.എസ് ഫൈസലാണ് സഹോദരിമാരെ തായ്കോണ്ടോ പരിശീലിപ്പിച്ചത്. മട്ടാഞ്ചേരിയില്‍ രണ്ടിടങ്ങളില്‍ ഇവര്‍ പരിശീലനകേന്ദ്രങ്ങള്‍ നടത്തി വരുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പെണ്കൊടികളുടെ സ്വൈര്യതക്ക് വിഘാതം സൃഷ്ടിക്കുന്ന വിരുതന്മാര് കരുതിയിരിക്കണം, ഈ തായ്കോണ്ടോ സഹോദരിമാരെ…
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: