താലിബാന് ഭീകരര്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ച ജീവിതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന്റെ പ്രിയപുത്രിയായ മലാല യൂസഫ് സായിയുടെ ശബ്ദം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ന്ന ദിവസമായിരുന്നു ഇന്നലെ. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ മലാല ഭീകരാക്രമണത്തിന്റെ ആരും കേള്‍ക്കാത്ത ഇരകളെക്കുറിച്ച് ലോകത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. താന്‍ താലിബാന്റെ ശത്രുവല്ലെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന് വേണ്ടി ആഗ്രഹിക്കുന്ന, അതിനായി പ്രവര്‍ത്തിക്കുന്ന പഴയ മലാല തന്നെയാണെന്നുമുള്ള മലാലയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. വാളിനേക്കാള്‍ മൂര്‍ച്ച പേനയ്ക്കും പുസ്തകത്തിനുമുണ്ടെന്ന് അറിയാവുന്നതിനാലാണ് ഭീകരര്‍ വിദ്യാഭ്യാസത്തെ ഭയപ്പെടുന്നത്. പ്രവാചകന്റെയും ക്രിസ്തുവിന്റെയും ബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും മാര്ട്ടിന് ലൂദര്‍ കിംഗിന്റെയും നെല്‍സണ്‍ മണ്ടേലയുടെയും മദര്തെരേസയുടെയും സഹാനുഭൂതിയെക്കുറിച്ചും മലാല പരാമര്‍ശിച്ചു. താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ കീഴ്പ്പെടുത്താനാകില്ലെന്നും സ്ത്രീകളുടെ ശബ്ദമുയരുന്നത് താലിബാന് പേടിയാണെന്നും ഉറക്കെ പറഞ്ഞ് ഒരിക്കല്‍ കൂടി മുഴുവന്‍ലോകത്തിന്റെയും ശ്രദ്ധ പിടിച്ചു പറ്റി മലാല. പതിനാറാം പിറന്നാല്‍ ദിനത്തിലായിരുന്നു മലാല ഐക്യരാഷ്ട്രസഭയില്‍ സംസാരിച്ചത്. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് താലിബാന് ഭീകരരുടെ വെടിയുണ്ടയേറ്റ് മരണത്തോട് മല്ലിട്ട മാലാലയ്ക്കൊപ്പം മുഴുവന്‍ ലോകത്തിന്റെയും പ്രാര്‍ത്ഥനയുണ്ടായിരുന്നു. ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് ബ്രിട്ടന് മലാലയെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റു വന്ന മലാല ലോകം മുഴുവനുമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി. ഒട്ടേറെ പുരസ്കാരങ്ങളും ബഹുമതികളും ഈ പെണ്‍കുട്ടിയെ തേടിയെത്തുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പാക്കാന്‍ വേണ്ടി മലാലയും കുടുംബവും ബ്രിട്ടനില്‍ താമസിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: