കാട്ടിനുള്ളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വിലങ്ങാട് പാലൂര് എല്‍.പി. സ്കൂളില്‍ പഠിക്കാന്‍ പോകുന്ന വഴിയിലൊന്നും ജ്യോത്സ്നയുടെ മുന്നില്‍ ഡോക്ടറോ എഞ്ചിനീയറോ ഉണ്ടായിരുന്നില്ല. പഠിക്കണമെന്ന വാശി മാത്രം. നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് തന്റെ തലവിധി മായ്ക്കാനുള്ള അമ്മ ഉഷയുടെ കഷ്ടപ്പാടിന് വലുതാകുമ്പോള്‍ ഒരറുതി വരുത്തണമെന്ന ഒരു കൊച്ചുമോഹവും. എന്നാല്‍ കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് കുറ്റല്ലൂര്‍ മലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജ്യോത്സ്ന ഇന്ന് മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ 482-ാം റാങ്കുകാരിയാണ്. പഠനവഴികളിലെവിടെയോ വെച്ച് ജ്യോത്സ്നയുടെ ഉള്ളിന്റെയുള്ളില്‍ ഡോക്ടറാവണമെന്ന മോഹം ഉറയ്ക്കുകയായിരുന്നു.
പിന്നെ കഠിന പ്രയത്നമായിരുന്നു. നഗരത്തിലെ കാരപ്പറമ്പ് ഗവ. ഹൈസ്കൂളില്‍ പഠിച്ച് 75 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി വിജയിച്ച ജ്യോത്സ്ന വെള്ളിയോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. 61 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടു പാസാകുന്നതിനിടയിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തത്.
ആയിരങ്ങള്‍ കൊടുത്ത് കോച്ചിംഗിന് ചേരാനോ വിലകൂടിയ ഗൈഡുകള്‍ വാങ്ങി മന:പാഠമാക്കാനോ ഉള്ള ശേഷിയില്ലായ്മ ജ്യോത്സ്നയെ അലട്ടിയില്ല. പ്രയത്നത്തിന്റെ വഴിയില്‍ അമ്മയായിരുന്നു മകളുടെ മാതൃക. അമ്മയ്ക്ക് മനസ്സ് നിറയെ നല്‍കാനുള്ളത് പ്രോത്സാഹനവും സ്നേഹവും മാത്രം. അതുമതിയായിരുന്നു മകള്‍ക്ക് മുന്നേറാനുള്ള വഴിയില്‍ കരുത്തേകാന്‍. ഈ കരുത്തിലാണ് ജ്യോത്സ്ന ‘ഒരു മഹായുദ്ധ’ത്തിന്റെ ഭാഗമായത്. പ്രവേശന പരീക്ഷയില്‍ 482-ാം റാങ്ക് നേടി എംബിബിഎസിന് പഠിക്കാനുള്ള യോഗ്യതയും നേടി.
ഡോക്ടറാവുക മാത്രമല്ല സമൂഹത്തിന് ഗുണകരമായി ജീവിക്കണമെന്നുകൂടിയാണ് ജ്യോത്സ്നയുടെ ആഗ്രഹം. കുറ്റല്ലൂര്‍ മലയിലെ കാട്ടിനുള്ളില്‍ നിന്ന് ഉഷ ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: