ജീവിത വൈതരണികളെ തോല്‍പ്പിച്ച് മരുന്നിനും ഒരു സെന്റ് ഭൂമി വാങ്ങുവാനുമായിട്ടുള്ള ശ്രമത്തിലാണ് പത്തിയൂര്‍ ഇളയിടത്ത് ഓമന (51). പാരമ്പര്യമായി ചെയ്തുവരുന്ന ജോലികൊണ്ട് നാല്പതു വര്‍ഷം പിന്നിട്ടിട്ടും കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു സെന്റ് ഭൂമിയോ സ്വന്തമാക്കാനായില്ല. മൂത്തമകള്‍ ജ്യോതിയുടെ വിവാഹത്തിനായി ഉണ്ടായിരുന്ന മൂന്നര സെന്റ് സ്ഥലം വിറ്റു. ഇപ്പോള്‍ ഇളയമകള്‍ രശ്മിക്കൊപ്പം താമസിക്കുകയാണ്.
സ്വന്തമായി വീടില്ലാത്തതിനാല്‍ മകള്‍ താമസിക്കുന്ന വീടിന്റെ അയല്‍ വീടുകളിലെ തിണ്ണയിലിരുന്നാണ് ഓമന കുട്ടകള്‍ നെയ്യുന്നത്. പകല്‍ അന്തിയോളം ഇരുന്ന് കുട്ടകള്‍ നെയ്യും.ഇതിനുള്ളല ഈറകള്‍ ഇരുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള താമരക്കുളം ചന്തയില്‍ പോയി വാങ്ങിക്കൊണ്ടുവരും. സമയം കിട്ടുമ്പോള്‍ ചിലപ്പോള്‍ ഇളയമകള്‍ അമ്മയെ സഹായിക്കുവാനെത്തും.
ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ചെല്ലപ്പന് മരണപ്പെട്ടതോടെ ഓമന തീര്‍ത്തും ഒറ്റയ്ക്കായി ഇതിനിടയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രോഗം ഭേദപ്പെട്ടുതുടങ്ങിയപ്പോള് തിരികെ തന്റെ കുലത്തൊഴിലിലേക്ക് മടങ്ങിയെത്തി. ഓമന നെയ്യുന്ന കുട്ടകള്‍ക്ക് മാര്‍ക്കറ്റില്‍ നൂറുരൂപാ മുതല്‍ നൂറ്റിയമ്പത് രൂപാവരെ വിലയുണ്ട്. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ ഒരു കുട്ടയ്ക്ക് അറുപത് രൂപയും. പകല്‍ അന്തിയോളം കഷ്ടപ്പെട്ട് കുട്ടനെയ്യുന്ന ഓമനയുടെ ലാഭം തുലോം തുഛം എങ്കിലും ഒരു ദിവസം മൂന്നു മുതല്‍ അഞ്ചു വരെ കുട്ടകള്‍ ഓമന നെയ്യാറുണ്ട്.
സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങണം മരുന്നിനുള്ള തുക കണ്ടെത്തണം ഇതിനായി ഓമന കുട്ടകള്‍ നെയ്യുകയാണ് വൈതരണികളെ തോല്‍പ്പിച്ച്.
ജി.ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: