തിരുവനന്തപുരം: ടി.ജി.നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്തുവാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുവാന്‍ മൂന്നുമാസം വൈകി. ഇത് തിരക്കിയുളള വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലെ മറുപടിയില്‍ അപൂര്‍ണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതിനുമായ വിവരം നല്കി. വീഴ്ചവരുത്തിയ ആഭ്യന്തരവകുപ്പ് അണ്ടര്‍സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സലീമില്‍നിന്ന് 10000 രൂപ പിഴ ഈടാക്കുവാന്‍ സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഡോ. സിബി മാത്യൂസ് ഉത്തരവിട്ടു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മുപ്പത് ദിവസത്തിനുള്ളില്‍ പിഴ അടക്കാത്തപക്ഷം ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എം.സലീമിന്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്ത തുക സര്‍ക്കാര്‍ ഖജനാവിലടച്ചു എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വിവരാവകാശ കമ്മീഷന് ഉത്തരവും നല്കി.
വിവരാവകാശ നിയമപ്രകാരം ജോമോന് പുത്തന്‍പുരയ്ക്കല്‍ 2012 ജൂലൈ 16ന് നല്കിയ അപേക്ഷയില്‍ 2012 ആഗസ്റ്റ് 3ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ ടി.ജി.നന്ദകുമാറിനെതിരായ വിജിലന്‍സ് കേസുകള്‍ കൂടി സിബിഐയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിജിലന്‍സ് വകുപ്പിന്റെ അഭിപ്രായം അറിയുന്നതിന് ഫയല്‍ ആ വകുപ്പിലേക്ക് 2012 ഫെബ്രുവരി 5ന് അയച്ചിരുന്നു. ഈ ഫയല്‍ മടങ്ങിയെത്തിയത് 2012 ഏപ്രില്‍ 16 നുമാത്രമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരുന്ന കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന് കാട്ടി മുഖ്യമന്ത്രി 2012 ഫെബ്രുവരി 18ന് ഉത്തരവായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജോമോന് പുത്തന്‍പുരയ്ക്കല്‍ സലീമിന്റെ വിശദീകരണത്തെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം വിജിലന്‍സ് വകുപ്പിനെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിനുവേണ്ടി വിജിലന്‍സ് ഡയറക്ടറുടെ അനുവാദം ചോദിച്ചുകൊണ്ട് ഒന്നുംതന്നെ ആഭ്യന്തരവകുപ്പു മുഖാന്തിരം ലഭിച്ചിട്ടില്ലെന്ന് മറുപടി ലഭിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ വിവരാവകാശകമ്മീഷനെ സമീപിച്ചത്. ജോമോന് പുത്തന്‍പുരയ്ക്കലിന്റെ വാദം ശരിയാണെന്ന് കണ്ടെത്തിയ വിവരാവകാശ കമ്മീഷണര്‍ സലീം “അപൂര്‍ണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ” വിവരങ്ങള്‍ നല്‍കിയതിന് നേരിട്ട് വിശദീകരണം ആവശ്യപ്പെടുകയും ഫയല്‍ പരിശോധിച്ച് ശിക്ഷാനടപടി സ്വീകരിക്കുകയുമായിരുന്നു.
സംസ്ഥാന ആഭ്യന്തരവകുപ്പ് 32 കേസുകളില്‍ സിബിഐ അന്വേഷണത്തിന്റെ വിജ്ഞാപനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ കേന്ദ്രസര്ക്കാരിനയച്ചിരുന്നു. നന്ദകുമാറിനെതിരെയുള്ള വിജ്ഞാപനം മാത്രമാണ് കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കാതെ പൂഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: