തിരുവനന്തപുരം: എല്ലാത്തിനെയും രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കിവാഴുന്ന സമീപനത്തിന് മാറ്റമുണ്ടാകണമെന്ന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. കേരള അസോസിയേഷന് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിന്റെയും കേരള ഹയര്‍സെക്കണ്ടറി പൊളിറ്റിക്കല്‍ സയന്‍സ് ടീച്ചേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ സംഘടിപ്പിച്ച പൊതുസമൂഹവും സമകാലീന കേരള രാഷ്ട്രീയവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തെപ്പറ്റി പറയുന്നതുതന്നെ അപമാനകരമായ സ്ഥിതിവിശേഷമാണിന്ന്. ജനങ്ങളുടെ സാമൂഹ്യപ്രശ്നങ്ങളല്ല ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. വ്യാവസായിക തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക രംഗത്തെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു പഠനവും ചര്‍ച്ചയും നടക്കുന്നില്ല. പരസ്പര രാഷ്ട്രീ ആരോപണ പ്രത്യാരോപണങ്ങളും വ്യക്തിഹത്യയുമാണ് നടക്കുന്നത്. ഭരണപക്ഷത്തെ എങ്ങിനെ താഴെയിറക്കാമെന്ന് പ്രതിപക്ഷവും പ്രതിപക്ഷത്തെ എങ്ങനെ നിശബ്ദമാക്കാമെന്ന് ഭരണപക്ഷവും ചിന്തിക്കുന്നു. ജാതീയത തുടച്ചുനീക്കണമെന്ന് പറയുന്ന രാഷ്ട്രീയക്കാര്‍ തന്നെ അത് നടപ്പാക്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴികെ മറ്റാരും രാജ്യത്തെ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടികള്‍ക്ക്. എല്ലാം പാര്‍ട്ടികള്‍ തന്നെ നിര്‍ണയിക്കും എന്ന സമീപനം ശരിയല്ല. സഹജമായ കൂട്ടായ്മയില്‍ കൂടി എല്ലാ കാര്യങ്ങള്‍ക്കും പ്രശ്നപരിഹാരമുണ്ടാക്കുന്ന സമീപനമാണ് വേണ്ടത്. സഹജമായ സ്വഭാവത്തിലൂടെ രൂപപ്പെടുന്ന പൊതുജന കൂട്ടായ്മകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. പാര്‍ട്ടികളുടെ അഭിപ്രായവൈരുദ്ധ്യ സംഘട്ടനങ്ങള്‍ക്ക് ഒരു ലക്ഷ്മണരേഖ നിര്‍ണയിക്കണം. ഒ.രാജഗോപാല്‍ പറഞ്ഞു.
വോട്ടുബാങ്ക് രാഷ്ട്രീയം ഇന്ന് ജനാധിപത്യ സാമുദായിക മതേതര മൂല്യങ്ങളെ കാറ്റില്‍പ്പറത്തി അധികാരകേന്ദ്രീകൃതമാവുകയാണെന്ന് മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞു. രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ കടന്നുചെല്ലാനും അധികാരത്തെ നിലനിര്‍ത്താനും ജാതിമതസമുദായിക വര്‍ഗ്ഗീയ ശക്തികള്‍ സമ്മര്‍ദ്ദ രാഷ്ട്രീയം പ്രയോഗിക്കുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയെ ശിഥിലപ്പെടുത്തും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രശ്നങ്ങള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ വരുമ്പോള്‍ മറ്റ് പ്രസ്ഥാനങ്ങളിലേക്ക് ഇത് പോകുന്നു. പരിസ്ഥിതി, മനുഷ്യാവകാശം, പൗരാവകാശം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, അഴിമതി തുടങ്ങിയ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. രാഷ്ട്രീയ സമൂഹത്തിന് ധാര്‍മ്മികത നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ പിന്നെന്ത് ധാര്‍മ്മികതയാണുള്ളത്. രാഷ്ട്രീയ മാന്യതയും രാഷ്ട്രീയ ധാര്‍മ്മികതയും നിലനില്‍ക്കണം. ജനകീയ പ്രശ്നങ്ങള്‍ സരിതവത്കരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും പ്രേമചന്ദ്രന് പറഞ്ഞു.
അരാഷ്ട്രീയം ശക്തിപ്പെടുന്നത് ജനങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് മുന്‍മന്ത്രി എം.എം.ഹസന് പറഞ്ഞു. കേവല രാഷ്ട്രീയ വിവാദങ്ങളും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ആരോപണ പ്രത്യാരോപണങ്ങളുമാണ് ഇന്ന് നടക്കുന്നത്. ഈ രാഷ്ട്രീയ ശൈലിയില്‍ മാറ്റമുണ്ടാകണം. അഴിമതി ആരോപണങ്ങള്‍ നിലനില്ക്കുകയും അഴിമതിക്കാരന് രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിന്ന്. സാമുദായിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. ജനങ്ങളാണോ പാര്‍ട്ടിയാണോ വലുതെന്ന് രാഷ്ട്രീയക്കാര്‍ ചിന്തിക്കണം. സോളാര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെപേരില്‍ അഭിപ്രായ സംഘട്ടനവും കായിക സംഘട്ടനവും നടക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉമ്മന്‍ചാണ്ടി മരിച്ചുകഴിഞ്ഞേ റിപ്പോര്‍ട്ട് വരികയുള്ളുവെന്നും ഹസന് പറഞ്ഞു.
ഡോ.ജി.ഗോപകുമാര്‍ രചിച്ച ‘പൊതുമൂഹവും രാഷ്ട്രീയ ഇടപെടലും-കേരളാനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ ഒ.രാജഗോപാലിന് നല്കി നിര്‍വഹിച്ചു. മംഗളം അസോസിയേറ്റ് എഡിറ്റര്‍ ആര്.അജിതത്കുമാര്, കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ.ഷാജി വര്‍ക്കി എന്നിവര്‍ സംസാരിച്ചു. എസ്.അജിത്കുമാര്‍ സ്വാഗതവും ഡോ.സി.എ.ജോസുകുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: