കൊച്ചി: ലൈംഗികാപവാദത്തില്‍ അകപ്പെട്ട അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ വിവാദമുയര്ന്നതിനുശേഷം ഇതാദ്യമായി പൊതുവേദിയിലെത്തി. തനിക്കു പറയാനുള്ളതു തുടക്കത്തില്‍ത്തന്നെ പരസ്യമായി പറഞ്ഞിരുന്നു. കോടതിയിലും കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോടതിയില്‍ പറഞ്ഞവ തന്നെയാണു ജനങ്ങളോടും പറയാനുള്ളത്. എല്ലാം അതിലുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും കടക്കാനാവില്ല. കേസിന്റെ മെറിറ്റും ഡീ മെറിറ്റും പരസ്യമായ ചര്‍ച്ചയ്ക്കു വയ്ക്കുന്നതു ശരിയല്ല. പൊതുവേദിയില്‍ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തയാറാകുന്നതു കോടതിയലക്ഷ്യമാകും. കോടതി ചോദിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അവിടെ വിശദമാക്കും. കോടതിയോടു ബഹുമാനമുള്ള ഒരഭിഭാഷകന് കൂടിയായ താന്‍, കേസുമായി ബന്ധപ്പെട്ടു പരസ്യമായ ഒരു വിശദീകരണത്തിനും തയാറല്ലെന്നു ജോസ് തെറ്റയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
18 ദിവമായി ഇദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന്, ഇന്നലെ വൈകിട്ട് ഏഴുമണിയോടെ എറണാകുളം കച്ചേരിപ്പടിയിലുള്ള അഭിഭാഷകന് എം.കെ. ദാമോദരന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. തുടര്‍ന്നു മാധ്യമങ്ങളോടും സംസാരിച്ചു. ഒളിവിലായിരുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മണ്ഡലത്തില്‍ തന്നെ ഉണ്ടായിരുന്നു. എംഎല്‍എ സ്ഥാനത്തു തുടരുമോ എന്ന ചോദ്യത്തിന് തുടരാതിരിക്കേണ്ട കാരണമെന്താണെന്ന് തെറ്റയില്‍ തിരിച്ചുചോദിച്ചു.
പരാതിക്കാരിയായ യുവതിയെ മണ്ഡലത്തിലെ വോട്ടറെന്ന നിലയില്‍ അറിയാം. അവരെയും അവരുടെ കുടുംബത്തെയും 2006 മുതല്‍ തന്നെ അറിയാം. യുവതിയുമായി തന്റെ മകനു വിവാഹാലോചന നടത്തിയിട്ടില്ല. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. യാതൊരു തെറ്റും ചെയ്തിട്ടില്ല. ഈ പ്രശ്നം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു, തന്റെ പാര്‍ട്ടിയും ചര്‍ച്ച ചെയ്തു. അവര്‍ തീരുമാനവും പറഞ്ഞുകഴിഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും തല്ക്കാലം വിശദീകരിക്കാനില്ലെന്ന് ജോസ് തെറ്റയില്‍ വ്യക്തമാക്കി.
എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയും സഹോദരന്മാരുമാണു വിവാദത്തിനും ആരോപണങ്ങള്‍ക്കും പിന്നിലെന്നു തെറ്റയിലിന്റെ ഒപ്പമുണ്ടായിരുന്ന സിപിഎം അങ്കമാലി ഏരിയ കമ്മിറ്റി സെക്രട്ടറി പി.ജെ. വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഒരു ഗുണ്ട് പൊട്ടാന്‍ പോകുന്നു എന്നു മണ്ഡലത്തിലുടനീളം നേരത്തേ തന്നെ വ്യാപകമായ പ്രചാരണം നടന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെയായിരുന്നു ഇത്. ജോസ് തെറ്റയില്‍ ഒളിവിലായിരുന്നില്ലെന്നും, 26നു തന്റെ പിതാവ് മരിച്ചപ്പോള്‍ അദ്ദേഹം വീട്ടില്‍ വന്നിരുന്നുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: