തിരുവനന്തപുരം: പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ പാര്‍ട്ടി വിലക്കി. സോളാര്‍ പ്രശ്നത്തില്‍ ഉള്‍പ്പെടെ വിവാദ പ്രസ്താവനകളില്‍നിന്ന് ഒഴിഞ്ഞുനില്ക്കണമെന്നാണ് നിര്‍ദേശം. സോളാര്‍ വിവാദത്തില്‍ ഇടപെടേണ്ടെന്നും കേരളാകോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി യോഗമാണ് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഒരു തരത്തിലുള്ള വിവാദപ്രസ്താവനകളും നടത്തരുത്. കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ ആ പാര്‍ട്ടി തന്നെ പരിഹരിച്ചുകൊള്ളുവെന്നും യോഗം പി.സി. ജോര്‍ജിന് നിര്‍ദേശം നല്കി. പരസ്യപ്രസ്താവനയുമായി ബന്ധപ്പെട്ട പാര്‍ട്ടിനിര്‍ദേശം തനിക്ക് മാത്രമല്ലെന്നും എല്ലാവര്ക്കും ബാധകമാണെന്നും ജോര്‍ജ് പ്രതികരിച്ചു. സത്യം ആര്‍ക്കും പറയാം. സത്യം പറയേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. യുഡിഎഫിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ കേരളാകോണ്‍ഗ്രസിന് പങ്കില്ല. പ്രശ്നങ്ങള്‍ തീര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ അഭിപ്രായം പറയേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരിക്കുന്നത്. വിവാദങ്ങളില്‍ എ, ഐ ഗ്രൂപ്പുകളെ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറല്ലെന്നും ജോര്‍ജ് പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിരുവിടുന്നുവെന്നും നിയന്ത്രിക്കണമെന്നുമുള്ള അഭിപ്രായമാണ് മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജ് വിവാദപ്രസ്താവനകള്‍ നടത്തരുതെന്ന് ചെയര്മാന് കെ.എം. മാണി കര്‍ശനനിര്‍ദേശം നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ദോഷകരമാവുന്ന പ്രസ്താവനകള്‍ താന്‍ നടത്തിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് യോഗത്തില്‍ വിശദീകരിച്ചു.
അതേസമയം, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായി. സോളാര്‍ പ്രശ്നം വഷളാകാന്‍ കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കാണെന്ന് മാണി കുറ്റപ്പെടുത്തി. സോളാര്‍ പ്രശ്നമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. അവര്‍തന്നെ അത് പരിഹരിച്ചുകൊള്ളും. സോളാര്‍ വിവാദത്തില്‍ ഇനി കേരളാ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നും പാര്‍ലമെന്ററി യോഗത്തില്‍ ധാരണയായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: