തിരുവനന്തപുരം: തന്റെ മകന് അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ഫ്ലേക്കുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്നെ ആര്‍ക്കും എന്തും പറയാം. എന്നാല്‍ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തന്റെ മകന് അമേരിക്കയിലുള്ള ഏതോ കമ്പനിയുടെ ഷെയര്‍ ഉണ്ടെന്നും സി ഇ ഒ ആണെന്നുമൊക്കെയാണ് വാര്‍ത്തകള്‍. മാധ്യമങ്ങള്‍ ഇതിന്റെ സത്യം പുറത്തുകൊണ്ടുവരണം. താന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഉണ്ടായിരുന്ന സ്വത്തുവിവരമൊക്കെ നിയമപരമായി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ അറിയിക്കാനായി വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍ മറുപടിപറയാന്‍ ബാധ്യസ്ഥനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏതു വിഷയത്തിലായാലും സത്യം കണ്ടെത്തി ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. വാര്‍ത്തയും അതിനെകുറിച്ചുള്ള നിഷേധവും നല്കാന് മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമുണ്ട്. എന്നാല്‍, വാര്‍ത്ത ബുദ്ധിമുട്ടുണ്ടാക്കിയ വ്യക്തിയുടെ പ്രശ്നങ്ങള്‍ നിഷേധക്കുറിപ്പില്‍ തീരില്ല. അതുകൊണ്ടു വാര്‍ത്തയുടെ മറുവശം എന്തെന്ന് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സഹായിക്കണം എന്ന് താന്‍ പറയുന്നില്ല. അങ്ങനെ പറഞ്ഞാലും മാധ്യമങ്ങള്‍ ചെയ്യില്ലെന്നറിയാം. മുഖ്യമന്ത്രിക്കെതിരെ പരാതി നല്കിയ കുരുവിളയെ ജയിലില്‍ അടച്ചുവെന്നാണ് മറ്റൊരു ആരോപണം. തെറ്റായ നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതു തുറന്നു കാട്ടണം. യഥാര്‍ഥത്തില്‍, കുരുവിള തന്നെയും കബളിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് ഒരുകോടി രൂപ തട്ടിയെടുത്തുവെന്നാണ് കുരുവിള ആദ്യം പരാതി പറഞ്ഞത്. തന്റെ പേര് ദുരുപയോഗം ചെയ്ത സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം താന്‍ തന്നെ മുന്‍കൈയെടുത്ത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ കുരുവിളയുടെ പരാതി ഗൗരവമായാണ് എടുത്തത്. ഉടന്‍തന്നെ ഡിജിപിയെ വിളിച്ചുവരുത്തി കുരുവിളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം ചോദ്യം ചെയ്തശേഷമാണ് അവരെ വിട്ടയച്ചത്. ഏതാനുംദിവസത്തിന് ശേഷം ഈ പ്രതികള്‍ തന്നെ വന്നു കണ്ട് കുരുവിളയാണ് തങ്ങളെ കബളിപ്പിച്ചതെന്നും കേസ് നല്‍കുന്നത് തടയാനായി കുരുവിള പരാതി നല്‍കിയതാണെന്നും പറഞ്ഞു. ഈ പരാതിയും താന്‍ പോലീസിന് കൈമാറി. കുരുവിളയ്ക്കെതിരെ അവര്‍ തെളിവുകള്‍ ഹാജരാക്കിയെങ്കിലും മറിച്ചുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കുരുവിളയ്ക്ക് കഴിഞ്ഞില്ല. അതിന്റെ അടിസ്ഥാനത്തിലാണ് കുരുവിളയെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനത്തിന്റെ ആളാണ് കുരുവിളയെന്ന സത്യം പുറത്തുവന്നിരിക്കുകയാണ്. കോ ണ്ഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടെന്നും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി ഭിന്നതയിലാണെന്നുമുള്ള വാര്‍ത്തകള്‍ ശരിയല്ല. സത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദൈവഭയം ഉള്ളയാളാണ് താന്‍. തെറ്റുചെയ്താല്‍ ശിക്ഷകിട്ടുമെന്ന ഭയം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: