പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി പിടിച്ചെടുത്ത ഭൂപരിഷ്ക്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ പദവി മാറ്റിയതിനു പിന്നില്‍ സോളാര്‍ ഇടപാടിലെ വിവാദ നായിക സരിതയാണെന്നു വെളിപ്പെടുന്നു. മിച്ചഭൂമിയായി പ്രഖ്യാപിച്ചതോടെ ആറന്മുള വിമാനത്താവള പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലായതോടെയാണ് സരിത.എസ്.നായര്‍ മന്ത്രി തലങ്ങളില്‍ ബന്ധപ്പെട്ട്് അട്ടിമറികള്‍ നടത്തിയത്. ഇതിനായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ടെന്നി ജോപ്പന്റെ സ്വാധീനവും ഉന്നത രാഷ്ട്രീയ ബന്ധവും സരിത ഉപയോഗിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വ്യവസായ സംരംഭത്തിന്റെ പേരില്‍ അനധികൃതമായി വാങ്ങിയ സ്ഥലം മിച്ചഭൂമിയായി പിടിച്ചെടുക്കുന്നത്. ഇതിന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങിയ ഡെപ്യൂട്ടി കളക്ടര്‍ എ.അബ്ദുല്‍ സമദിനെ സ്ഥാനത്തു നിന്ന് തെറിപ്പിക്കുകയായിരുന്നു. ഇതിനായി സരിത കളക്ട്രേറ്റില്‍ രണ്ട് തവണ വന്നതായും ബന്ധപ്പെട്ട വൃത്തങ്ങളള് പറയുന്നു.
ഇതുകൂടാതെ ആറന്മുള വിമാനത്താവളത്തിനെ ചട്ടപ്രകാരം എതിര്‍ത്ത കളക്ടര്‍മാരായിരുന്ന പി.വേണുഗോപാല്‍ നായര്‍, വി.എന്‍.ജിതേന്ദ്രന് എന്നിവരും സരിതയുടെ ഇടപെടലില്‍ തെറിച്ചു. ഏപ്രില്‍ 24 ന് ആണ് ജിതേന്ദ്രനെ ജില്ലയില്‍ നിന്ന് മാറ്റുന്നത്. തുടര്‍ന്ന് പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. 2013 മേയ് നാലിന് നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 232 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപ്പിച്ചു. 20, 21 തീയതികളില്‍ ഭൂപരിഷ്ക്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അവധിയില്‍ പോയി. മെയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ പ്രണബ് ജ്യോതിനാഥ് അവധിയില്‍ പ്രവേശിച്ചു. പകരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായ എഡിഎം എച്ച്.സലിം രാജ് അധികചാര്‍ജ്ജ് ഏറ്റെടുക്കുകയായിരുന്നു. ഈ കാലയളവിലാണ് അട്ടിമറികള്‍ കൂടുതലും നടന്നത്.
സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഏബ്രഹാം കലമണ്ണില്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് ലാന്റ് സര്‍ട്ടിഫിക്കിറ്റിനായി 21 ന് സലിം രാജിന് അപേക്ഷ നല്കി. 22ന് തന്നെ സലിം രാജ് ഉത്തരവ് നല്കി. ഇത് ഫാക്സ് സന്ദേശമായി അടൂര്‍ ആര്‍ഡിയ്ക്ക് അയക്കുകയായിരുന്നു, 23ന് നാലുമണിക്ക് അടൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും നംമ്പര്‍ ആര്-5-4398/2013 ഡിപി 8303 ല്‍ ഉള്‍പ്പെട്ട ഭൂമിയുടെ സര്‍ട്ടിഫിക്കേറ്റ് ഏബ്രഹാം കലമണ്ണില്‍ നേരിട്ട് വാങ്ങി.
മിച്ചഭൂമിയമായി സംബന്ധിച്ച് കലമണ്ണിലിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴും ഉത്തരവിട്ട ഭൂപരിഷ്ക്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ബന്ധപ്പെടാതെയും മറ്റ് നിയമോപദേശങ്ങള്‍ ഒന്നുംതേടാതെയാണ് കെജിഎസ് ഗ്രൂപ്പിന് അനുകൂലമായി ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിനായി കോന്നി മല്ലേലില്‍ ശ്രീധരന് നായര്‍ എഡിഎംന്റെ അടുപ്പക്കാരനായതും സരിതയ്ക്ക് എളുപ്പമായി. ഇത് നടത്തി കൊടുക്കാന്‍ കോഴക്കു പുറമേ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പദവിയും സരിത എഡിഎമ്മിന് വാഗ്ദാനം നല്‍കിയിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ സിഇഒ ടി.പി.നന്ദകുമാറുാമയുള്ള സരിതയുടെ ഫോണ്‍ ബന്ധവും ആറന്മുള വിമാനത്താവള പദ്ധതിയിലെ സരിതയുടെ ഇടപെടല്‍ കൂടുതല്‍ വെളിപ്പെടുത്തുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: