നിയോണ്‍: യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള അവസാന പട്ടിക യുവേഫ പ്രഖ്യാപിച്ചു. 2012-13 സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള 10 അംഗ പട്ടികയില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന്റെ നാല് താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കൂടാതെ ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ബാഴ്സലോണയുടെ ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ നിന്ന് ഇവര്‍ രണ്ടുപേരും മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഗോള്‍കീപ്പര്‍മാരും പ്രതിരോധനിരക്കാരും ലിസ്റ്റില്‍ ഇടം നേടിയില്ല. അര്ജന് റോബന്, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍ എന്നിവരാണ് അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടിയ ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ നിന്ന് റോബിന് വാന്‍ പേഴ്സി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഗരത് ബാലേ (ടോട്ടനം) എന്നിവരാണ് ലിസ്റ്റിലുള്ളത്. പാരീസ് സെന്റ് ജെര്മെയ്ന് താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് 10 അംഗ സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആഗസ്റ്റ് 29ന് മൊണാക്കോയില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സര വേദികള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. ഈ വര്‍ഷം ആദ്യമായി യൂറോപ്പിലെ ഏറ്റവും മികച്ച വനിതാ താരത്തെയും തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: