കൊച്ചി: തെറ്റയില്‍ പ്രശ്നത്തിന്റെ പേരില്‍ മന്ത്രി കെ.ബാബുവിനെതിരെ ഐ ഗ്രൂപ്പ് പടയൊരുക്കം. ലൈംഗിക ആരോപണവിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എയുടെ അറസ്റ്റ് ഒഴിവാക്കി രക്ഷപ്പെടുവാന്‍ അവസരമൊരുക്കിയതിന് പിന്നില്‍ മന്ത്രി കെ.ബാബുവാണെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.
അങ്കമാലിക്കാരനായ കെ.ബാബുവിന്റെ കളിക്കൂട്ടുകാരനാണ് ജോസ് തെറ്റയില്‍. ചെറുപ്പം മുതലുള്ള ഈ സുഹൃദ്ബന്ധം മൂലം തെറ്റയിലിനെ പല ഘട്ടത്തിലും ബാബു സഹായിച്ചതായിട്ടാണ് എതിര്‍വിഭാഗം ആരോപിക്കുന്നത്. ആറുമാസം മുമ്പ് ഇപ്പോഴത്തെ വിവാദങ്ങള്‍ ആദ്യം ഉയര്‍ന്നുവന്നപ്പോള്‍ പറഞ്ഞുതീര്‍ക്കുവാന്‍ ഇടനിലക്കാരനായി നിന്നത് മന്ത്രിയായിരുന്നുവെന്നാണ് ആരോപണം. കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരനായ മഞ്ഞപ്രയിലെ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റും മൂക്കന്നൂരിലെ ജോസ് തെറ്റയിലിന്റെ പാര്ട്ടികാരനായ ഒരു മുന്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ചില വ്യവസായികളുമായിരുന്നു ഇടനിലക്കാരായി നിന്നതത്രെ. തെറ്റയിലിന്റെ മകനുമായുള്ള വിവാഹം നടത്തുവാന്‍ തീരുമാനിച്ചെങ്കിലും രജിസ്ട്രാര്‍ ഓഫീസില്‍നിന്നും സൂത്രത്തില്‍ പിന്‍വാങ്ങുകയായിരുന്നു. അന്ന് വിവാഹ കരാറെഴുതിയ അങ്കമാലി സ്വദേശിയായ ആധാരമെഴുത്തുകാരനെ പോലീസ് ഭീഷണിപ്പെടുത്തി സാക്ഷി പറയുന്നതില്‍നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
തെറ്റയിലിനെതിരെ യുവതി പരാതി നല്കി 17 ദിവസം കഴിഞ്ഞിട്ടും ജോസ് തെറ്റയിലിനെ അറസ്റ്റ് ചെയ്യാതെ പോലീസ് കള്ളക്കളി കളിച്ചത് ഭരണതലത്തിലെ ഈ സമ്മര്‍ദ്ദം മൂലമാണെന്നാണ് അറിയുന്നത്. തെറ്റയിലിന്റെ ഒളിത്താവളം എവിടെയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പിനായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇതെല്ലം എ ഗ്രൂപ്പിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അങ്കമാലിയില്‍ രണ്ടുവട്ടം യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതും ജോസ് തെറ്റയില്‍ വിജയിച്ചതിന് പിന്നിലും എ ഗ്രൂപ്പിന്റെ കളികളുള്ളതായി ഐ ഗ്രൂപ്പുകാര്‍ ആക്ഷേപമുന്നയിക്കുണ്ട്. സോളാര്‍ വിവാദം കത്തിനില്‍ക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തിലും തെറ്റയിലിന്റെ അറസ്റ്റിലൂടെ ലഭിക്കാവുന്ന മെയിലേജ് കളഞ്ഞുകളിച്ചതായും ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു. തെറ്റയില്‍ വിവാദം പ്രതിപക്ഷത്തിനെതിരായുള്ള ശക്തമായ ആയുധമായിരുന്നു. എന്നാല്‍ അതെല്ലാം ഇല്ലാതാക്കിയത് മന്ത്രിയുടെ നിലപാടുകളാണെന്നും ഇവര്‍ ആരോപിക്കുന്നു. വരുംദിവസങ്ങളില്‍ മന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുവാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനമെന്നറിയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: