തിരുവനന്തപുരം: വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കര്‍ഷകത്തൊഴിലാളി പെന്ഷന് 400 രൂപയില്‍ നിന്നും 500 ആക്കി ഉയര്‍ത്തും.
കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യ, ഈറ്റകാട്ടുവള്ളി, തയ്യല്‍, ബീഡിസിഗരറ്റ്, വാര്‍ക്ക, അലക്ക് മരംകയറ്റ് എന്നീ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെയും മറ്റ് അസംഘടിത മേഖലയിലുള്ളവരുടെയും പെന്ഷന് 400 രൂപയില്‍ നിന്നും 500 രൂപയാക്കി ഉയര്‍ത്തും.
വയനാട് ജില്ലയിലെ എച്ച്ഐവി ബാധിച്ച കുട്ടിക്ക് വീടും സ്ഥലവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഇവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷനും നല്‍കും.
വികലാംഗ പെന്‍ഷനും അഗതിവിധവ പെന്‍ഷനും 700 രൂപയായി വര്‍ദ്ധിപ്പിക്കും. ഖാദി തൊഴിലാളി പെന്ഷന്, വ്യാപാരി വ്യവസായി ക്ഷേമനിധി പെന്ഷന്, പത്രപ്രവര്‍ത്തക പെന്ഷന് എന്നിവയും വര്‍ധിപ്പിച്ചു.
ക്ഷയരോഗികള്‍, കുഷ്ട രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, അനാഥാലങ്ങള്‍, വൃദ്ധ സദനങ്ങള്‍, അന്ധ ബധിര വിദ്യാര്‍ത്ഥികള്‍ എന്നിവയ്ക്കുള്ള ധനസഹായവും വര്‍ധിപ്പിച്ചു. വിധവകളുടെ പെണ്മക്കളുടെ വിവാഹത്തിന് നല്കുന്ന ധനസഹായം 20000 രൂപയില്‍ നിന്നും 30000 ആക്കി ഉയര്‍ത്തി.
മൂന്ന് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷനും വിധവകള്‍ക്ക് പ്രായപരിധിയില്ലാതെയും പെന്ഷന് നല്‍കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആശാരി, സ്വര്‍ണ്ണപ്പണിക്കാര്‍ എന്നിവര്‍ക്കുള്ള പെന്‍ഷനും ഇനി മുതല്‍ നല്‍കും.
റംസാന്, ഓണക്കാല വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതിനിടെ മഞ്ചേരി മെഡിക്കല്‍ കോളേജിന് ഓള് ഇന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എത്രയും വേഗം ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഏറ്റെടുക്കലിന്റെ ഭാഗമായി കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ ആസ്തി ബാധ്യതാ റിപ്പോര്‍ട്ട് പഠിക്കാന്‍ ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു.
കണ്ണൂര്‍ മെഡി. കോളേജിന്റെ ആസ്തി ബാധ്യതാ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: