കൊച്ചി: മലയാള സാഹിത്യത്തിന്റെ പൈതൃകം ക്രൈസ്തവവത്കരിക്കാന്‍ പുതിയ നീക്കം. വിഖ്യാതമായ പല സാഹിത്യകൃതികളുടെയും പൈതൃകം പല പാതിരിമാര്‍ക്കും പതിച്ചുനല്‍കിയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി മലയാള ഭാഷയിലെ ആദ്യ ആത്മകഥ കൊച്ചി മഹാരാജാവിന്റെ പുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാക്കോബ് രാമവര്മനെന്നയാള് എഴുതിയതാണെന്ന് സ്ഥാപിച്ചെടുക്കുകയാണ് കേരളത്തിന്റെ മുത്തശ്ശിപത്രമായ മലയാള മനോരമ.
നവീന മലയാളത്തിന്റെ ആരംഭഘട്ടത്തില്‍ ഉഭയഭാഷാ പാണ്ഡിത്യവും കവിത്വവുംകൊണ്ട് പ്രശസ്തനായ ഗ്രന്ഥകാരനും മലയാളഭാഷയിലെ ആദ്യത്തെ ആത്മകഥാകാരനെ നിലയിലും അറിയപ്പെടുന്ന വൈക്കത്ത് നീലകണ്ഠന് പാച്ചുമൂത്തതിനെ മാറ്റിനിര്‍ത്തിയാണ് കണ്ണൂരിലെ ബാസല്‍മിഷന്‍ കേന്ദ്രത്തില്‍ നടത്തിയ കേവലമൊരു സാക്ഷ്യംപറച്ചിലിന്റെ പേരില്‍ യാക്കോബ് രാമവര്‍മന്‍ പുതിയ പദവി നല്‍കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ആത്മകഥാകാരന് വൈക്കത്ത് പാച്ചുമൂത്തതാണെന്ന് ഉള്ളൂരും കോവുണ്ണി നെടുങ്ങാടിയാണെന്ന് ടി.എം. ചുമ്മാറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യം എഴുതുകയും ആദ്യം അച്ചടിക്കുകയും ചെയ്ത ആത്മകഥ ‘യാക്കോബ് രാമവര്‍മന്‍ എന്ന സ്വദേശ ബോധകന്റെ ജീവചരിത്രം’ ആണെന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് സ്വയം സ്ഥാപിച്ചെടുക്കുകയാണ് ശതോത്തര രജതജൂബിലി പതിപ്പിലൂടെ മനോരമ. ആരും കണ്ടിട്ടില്ലാത്ത യാക്കോബ് രാമവര്‍മന്റെ രേഖാചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1856 സപ്തംബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച റവ. യാക്കോബ് രാമവര്‍മന്‍ എന്ന ബാസല്‍ മിഷനിലെ ആദ്യത്തെ നാട്ടുകാരനായ മിഷണറി മിഷന് കേന്ദ്രത്തില്‍ നടന്ന ഹസ്താര്പ്പണ ശുശ്രൂഷയില്‍ എഴുതി വായിച്ച സുവിശേഷപ്രസംഗമാണ് മലയാളത്തിലെ ആദ്യത്തെ ആത്മകഥയായി അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചി കൊട്ടാരത്തില്‍ ജനിച്ചുവളര്ന്നതായി പറയപ്പെടുന്ന രാമവര്‍മന്‍ എന്ന് പേരുള്ള ഒരു യുവാവ് ക്രിസ്തുവിന്റെ അനുയായി ആയി മാറുന്ന കഥയാണ് ഇതത്രെ. കൊച്ചി മഹാരാജാവായിരുന്ന വീര കേരളവര്‍മയുടെ (1809-28) മകനായി തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ ജനിച്ച രാമവര്‍മന്‍ ക്രിസ്തുമതം സ്വീകരിച്ച് ബാസല്‍ മിഷനില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ‘ആത്മകഥ’ എഴുതിയതത്രെ.
തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ വീരകേരളന്റെയും കുഞ്ഞിക്കാവയുടെയും എട്ട് മക്കളുടെ കൂട്ടത്തില്‍ ഒരുവനായിട്ടാണ് താന്‍ പിറന്നതെന്ന് പറഞ്ഞതിനുശേഷം ‘അച്ഛന് മഹാവിദ്വാന്‍, അമ്മ അജ്ഞാനി’ എന്ന് രാമവര്‍മന്‍ ചേര്‍ത്തിരിക്കുന്നു. ഇത് അക്കാലവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്ന് തൃപ്പൂണിത്തുറ കോവിലകത്തെ മുതിര്‍ന്ന കാരണവര്‍ പി. രവിയച്ചന് സാക്ഷ്യപ്പെടുത്തുന്നു.
സംബന്ധത്തില് പിറന്ന മക്കള്‍ ‘അച്ഛന്’ എന്ന് വിളിക്കാറില്ലത്രെ. രവിയച്ചന് തുടരുന്നു: “കൊച്ചി രാജകുടുംബവുമായി യാക്കോബ് രാമവര്‍മന്‍ ഒരു ബന്ധവുമില്ല. ഇദ്ദേഹം ഏത് മഠത്തിലേതെന്നോ വീട്ടിലേതെന്നോ അറിയില്ല. പഴയ കൊച്ചി രാജാക്കന്മാര്ക്ക് കല്യാണമില്ല. ഭാര്യയുടെ പേരുപോലും ഇതിലില്ലെന്നത് ശ്രദ്ധിക്കുക”. 1814-1858 ആണ് യാക്കോബ് രാമവര്‍മ്മന്റെ കാലഘട്ടമെന്ന് ഇപ്പോള്‍ ഇദ്ദേഹത്തെ മലയാളത്തിലെ പ്രഥമ ആത്മകഥാകാരനായി അവതരിപ്പിച്ചിരിക്കുന്ന മുത്തശ്ശി പത്രത്തിന്റെ പുതുചരിത്രകാരനായ പോള്‍ മണലില്‍ പറയുന്നു.
ഡി.സി. കിഴക്കേമുറി എഴുതിയ അവതാരികയില്‍ പറഞ്ഞിരിക്കുന്നത് ഒരു യോഗത്തില്‍ വായിക്കാനായി എഴുതിയുണ്ടാക്കിയ പ്രസംഗമെന്നാണ്. സുന്ദരമായ ശൈലിയില്‍ എഴുതാന്‍ കഴിയുന്ന യാക്കോബ് രാമവര്‍മന്‍ അതിന് മുതിരാത്തത് വലിയ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
പരുമല തിരുമേനിയുടെ ‘ഊര്‍ശ്ലേം യാത്രാവിവരണം’ ആദ്യം അച്ചടിച്ച ലക്ഷണമൊത്ത യാത്രാ വിവരണമാണെന്നും കല്ലൂര്‍ ഉമ്മന്ഫിലിപ്പോസിന്റെ ‘ആള്‍മാറാട്ടം’ ആദ്യത്തെ നാടകമാണെന്നും സ്ഥാപിച്ചെടുത്ത വ്യക്തിതന്നെയാണ് ഇപ്പോള്‍ സുവിശേഷകാര്യങ്ങള്ക്ക് മാത്രം മുന്‍തൂക്കം നല്‍കിയിരിക്കുന്ന ഒരു കൃതിയെ മലയാള ഭാഷയിലെ ആദ്യ ആത്മകഥയായി രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: