തിരുവനന്തപുരം: തന്റെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി. ഓഫിസില്‍ വെബ്കാസ്റ്റിങ് സംവിധാനമാണുള്ളത്. ഇത് റെക്കോര്‍ഡ് ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന് പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍നായരെ ആദ്യമായി കണ്ടത് കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍, അദ്ദേഹം നേതൃത്വം നല്കുന്ന ക്വാറി അസോസിയേഷന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം നല്‍കാനായിരുന്നു ആദ്യകൂടിക്കാഴ്ച. ക്വാറി പ്രശ്നത്തില്‍ റവന്യൂ മന്ത്രിയുംകൂടി പങ്കെടുക്കുന്ന ചര്‍ച്ചയ്ക്കായാണ് 2012 നവംബര്‍ 26ന് ശ്രീധരന്‍നായര്‍ രണ്ടാമതെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൂന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീധരന്‍നായരുടെ ഒപ്പം സരിതയുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. ഓഫിസില്‍ നിറയെ സന്ദര്‍ശകരുണ്ടായിരുന്നു എന്നതാണ് കാരണം. അടൂര്‍ പ്രകാശിനു നല്കിയ നിവേദനത്തിന്റെ പകര്‍പ്പാണ് തനിക്ക് കൈമാറിയത്. സോളാര്‍ വിഷയത്തില്‍ ഒമ്പതുദിവസം പറഞ്ഞ കാര്യങ്ങളില്‍ പത്താംദിവസവും ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സരിത എസ് നായരെ തന്റെ മുറിയില്‍ വരികയോ കാണുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍നായരെ കണ്ടിട്ടില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കാണിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ക്രമപ്രശ്നവും ഉന്നയിച്ചു. ശ്രീധരന്‍നായരെ കണ്ട കാര്യത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍.ഡി.എഫിന്റെ രാഷ്ട്രീയഗൂഢാലോചനയ്ക്ക് മുന്നില്‍ യുഡിഎഫ് മുട്ടുമടക്കില്ല. ആരോപണങ്ങള്‍ ഒറ്റക്കെട്ടായി നേരിടും.
ആഭ്യന്തരമന്ത്രിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെ ആരും മനപ്പായസമുണ്ണേണ്ട. കൂട്ടുത്തുരവാദിത്തമുള്ള യുഡിഎഫ് മന്ത്രിസഭ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. രാഷ്ട്രീയധാര്‍മികത എല്‍ഡിഎഫില്‍നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ശ്രീധരന് നായര്‍ നല്കിയ ഒരു പ്രസ്താവനയുടെ പേരിലാണ് പ്രതിപക്ഷം തന്നെ കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം. എന്നാല്‍ അതിനു മുമ്പ് പ്രതിപക്ഷം അവരുടെ മനസാക്ഷിയോട് ചോദിക്കണം. എംഎല്‍എക്കോ മുഖ്യമന്ത്രിക്കോ നല്കുന്ന പരിരക്ഷ തനിക്ക് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസില്‍ വെളിപ്പെടുത്തല്‍ നടത്തുന്നവരുടെ വിശ്വാസ്യ കൂടി പരിഗണിക്കേണ്ടതുണ്ടെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സഞ്ചാരസ്വാതന്ത്ര്യം തടയും വിധമുള്ള പ്രതിഷേധങ്ങളില്‍ പ്രതിപക്ഷം പിന്മാറണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജുലൈ എട്ടുവരെ നടന്ന സമരങ്ങളില്‍ 52 സമരക്കാര്‍ക്കും 79 പൊലീസുകാര്‍ക്കും പരിക്കേറ്റതായും ആഭ്യന്തരമന്ത്രി പറഞ്ഞു. 5.25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 28 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് മര്‍ദനത്തെക്കുറിച്ച് ടി.വി.രാജേഷ് സഭയില്‍ വിശദീകരിച്ചു. നട്ടാല്‍കുരുക്കാത്ത പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് പരിഹസിച്ചു. രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന്, സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ക്കു നേരെ നടന്ന അക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സി.ദിവാകരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: