തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന് നായരുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അന്വേഷണം നേരായ വഴിക്കാണ് നടക്കുന്നത്. തെറ്റ് ചെയ്തവര്‍ ആരായാലും അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. 2008 മുതലുള്ള എല്ലാ ഇടപാടുകളും പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു.
അന്വേഷണം കഴിഞ്ഞാലേ കേസിന്റെ വിശദാംശങ്ങള്‍ പറയാന്‍ കഴിയൂവെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. രഹസ്യമൊഴി കേസന്വേഷണത്തിന്റെ ഭാഗമാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും തിരുവഞ്ചൂര്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. അഞ്ച് ദിവസം ശ്രീധരന് നായര്‍ എവിടെ എന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
ശ്രീധരന്‍നായരുടെ രഹസ്യ മൊഴിയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയില്‍ പറഞ്ഞത് വലിയ ബഹളത്തിനു വഴിതെളിച്ചു. തിരുവഞ്ചൂരിന്റെ പ്രസ്താവന അന്വേഷണ സംഘത്തിനുള്ള സന്ദേശമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മൊഴി സംബന്ധിച്ച് തുടരന്വേഷണം വേണ്ടെന്നുള്ള സന്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: