തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശാലു മേനോനും ബിജു രാധാകൃഷ്ണനും കോടതി ജാമ്യം നിഷേധിച്ചു. ഇരുവരെയും കോടതി മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ശാലുവിനെതിരായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ശാലുവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. മാധ്യമ വിചാരണയുടെ ഇരയാണ് ശാലുവെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍ സത്യം പുറത്തു കൊണ്ടുവരികയെന്നത് മാധ്യമ ധര്‍മമാണെന്ന് പ്രോസിക്യൂഷന് പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനു ശേഷമാണ് ശാലുവിനെ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്. പോലീസ് കസ്റ്റഡിയിലുള്ള ഇരുവരും കന്റോണ്‍മെന്റ് പോലീസ് സെല്ലിലാണ്. ഇരുവരെയും ഇന്നലെ രാത്രി പോലീസ് ചോദ്യം ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇരുവരെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്തേക്കും. അതിനുശേഷം ശാലുവിനെ കൂടുതല്‍ തെളിവെടുപ്പിനായി ചങ്ങനാശേരിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
റാസിക്ക് അലിയെ കബളിപ്പിച്ചെന്ന കേസില്‍ റിമാന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശാലു മേനോനെ ഹാജരാക്കിയത്. ശാലുവിനെ കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ കണക്കിലെടുത്താണ് റിമാന്റിലായിരുന്ന ശാലുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സോളാര്‍ തട്ടിപ്പില്‍ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ ശാലു സഹായിച്ചതു സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ശാലു കൈപ്പറ്റിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
ബിജു രാധാകൃഷ്ണനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവിട്ട സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് ഇന്നലെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം സ്വദേശികളായ ഡോ. മാത്യു തോമസിനെയും റാസിക്ക് അലിയെയും കബളിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിച്ചെന്ന കേസിലും മുഖ്യമന്ത്രിയുടെ വ്യാജകത്ത് നിര്‍മിച്ചെന്ന കേസിലുമാണ് ബിജുവിനെ ഹാജരാക്കിയത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ ന ല്കിയതു പരിഗണിച്ചാണ് കോടതി വിധിയുണ്ടായത്. എന്നാല്‍ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ബിജുവിനെ ഈമാസം 23വരെ റിമാന്റ് ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: