കോഴിക്കോട്: വനവാസി സമൂഹത്തിന്റെ പിന്നാക്കവസ്ഥയെ മുതലെടുത്ത് വനവാസി സ്ത്രീകളെ മാവോയിസ്റ്റുകള്‍ ചൂഷണം ചെയ്യുകയാണെന്ന് വനവാസി കല്യാണാശ്രമം അഖിലഭാരതീയ സഹ മഹിളാപ്രമുഖ് രഞ്ജനാ കരംദിക്കര് ജന്മഭൂമിയോട് പറഞ്ഞു. “ഓരോ വീട്ടില്‍ നിന്നും ഓരോ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുകയാണ് മാവോവാദികള്‍. നിര്‍ബന്ധവും പ്രലോഭനവുംമൂലം വീട്ടില്‍ നിന്നിറങ്ങേണ്ടി വരുന്ന പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുകയാണ്.
സാമൂഹ്യവികാസത്തിനല്ല അരാജകത്വം സൃഷ്ടിക്കാനാണ് ഇതുവഴി മാവോവാദികള്‍ ശ്രമിക്കുന്നത്. അവശതകള്‍ പരിഹരിക്കപ്പെടണം. എന്നാല്‍ അതിനുള്ള മാര്‍ഗം ഭീകരപ്രവര്‍ത്തനമാണ് എന്ന് മാവോവാദികള്‍ പ്രചരിപ്പിക്കുന്നു.” അവര്‍ പറഞ്ഞു.
‘വനവാസി സ്ത്രീകള്‍ ധാരാളം പ്രശ്നം അനുഭവിക്കുന്നുണ്ട്. കുടുംബത്തിനുവേണ്ടി അവര്‍ കഠിനമായി കഷ്ടപ്പെടുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സമനീതി ലഭിക്കുന്നില്ല.’ 1981 മുതല്‍ വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജനാ കരംദിക്കര് പറഞ്ഞു.
വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വനവാസിസമൂഹത്തിന്റെ ഉദ്ഗ്രഥനത്തിനും വികാസത്തിനും ലക്ഷ്യം വച്ചുള്ളതാണെന്ന് അവര്‍ വിവരിച്ചു. വനവാസി ഗ്രാമങ്ങളുടെ വികാസം ലക്ഷ്യം വച്ച് ഓരോ ഊരുകളിലെയും ജനതയെ ശാക്തീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യമാസകലം സംയോജിപ്പിക്കുമ്പോള്‍ നൂറ്റാണ്ടുകളായി പിന്നാക്കം തള്ളപ്പെട്ട ജനത രാഷ്ട്രപുരോഗതിക്ക് സംഭാവന ചെയ്യുന്ന അവസ്ഥ സംജാതമാകും. ഇത്തരത്തില്‍ നിരവധി പരിപാടികളാണ് വനവാസി കല്യാണാശ്രമം ആവിഷ്കരിക്കുന്നത്. ഉത്തരാഞ്ചല്‍ ഭാഗങ്ങളിലെ ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനംപൂര്‍ത്തിയാക്കി തങ്ങളുടെപ്രദേശത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു.
രാജസ്ഥാനില്‍ വ്യാപകമായി ബാലസംസ്കാര കേന്ദ്രങ്ങള്‍ നടക്കുന്നു. തമിഴ്നാട്ടിലെ ആരോഗ്യമിത്ര പരിപാടി ആരോഗ്യ ബോധവത്കരണ പരിപാടികള്‍ക്ക് മാതൃകയാണ്. പരിശീലനം സിദ്ധിച്ച യുവതികള്‍ 200 ഗ്രാമങ്ങളില്‍ പ്രാഥമിക ശുശ്രൂഷയും ആരോഗ്യബോധവത്കരണവും നടത്തുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആധ്യാത്മിക ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ വനവാസിസമൂഹത്തെ പൊതുദേശീയ ധാരയുമായി സംയോജിപ്പിക്കുന്നു.
ജാര്‍ഖണ്ഡിലെ സ്വാശ്രയസംഘങ്ങള്‍ വനവാസി കുട്ടികളെ മറ്റിടങ്ങളിലേക്ക് വീട്ടുവേലയ്ക്ക് അയയ്ക്കുന്നത് തടയാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. ഒരു കുട്ടിയെപോലും ബാലവേലയ്ക്ക് അയയ്ക്കാത്ത സാഹചര്യം ഇവിടെ ഉണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞു. വ്യാപകമായി നടക്കുന്ന ഏകല്വിദ്യാലയങ്ങള് വനവാസി മേഖലയില്‍ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. അവര്‍ പറഞ്ഞു. ദീര്‍ഘകാലം വനവാസി കല്യാണാശ്രമത്തിന്റെ മുഴുവന്സമയപ്രവര്ത്തകനായിരുന്ന പ്രമോദ് കരംദിക്കറാണ് ഇവരുടെ ഭര്‍ത്താവ്. വനവാസി വികാസകേന്ദ്രത്തന്റെ സംസ്ഥാന മഹിളാശിബിരത്തി ല്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു രഞ്ജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: