തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്തെത്തി. സോളാര്‍ തട്ടിപ്പിന്റെ പ്രമാണിയും സൂത്രധാരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വിഎസ് ആരോപിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരണവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കുടുംബത്തിന് തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഉറ്റവരുടെ തട്ടിപ്പും സരിതാ എസ് നായരുമായുള്ള ബന്ധവും വ്യക്തമാക്കുന്ന കഥകള്‍ വെളിച്ചത്തുവന്നിരിക്കുകയാണ്. എന്നാല്‍, ജോപ്പനെ മാത്രമാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള സലിം രാജ്, ജിക്കുമോന്, തോമസ് കുരുവിള എന്നിവര്‍ കോടികളുമായി വിലസുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല.
മുഖ്യമന്ത്രിയെ കണ്ടതായും 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായും പരാതിക്കാരന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച ഓഹരി എത്രയാണെന്ന് വെളിപ്പെടുത്തണം. സുതാര്യഭരണത്തിന്റെ മൂച്ചുപറയുന്ന മുഖ്യമന്ത്രി സത്യം പറയാന്‍ തയ്യാറാവണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിസ്ഥാനത്ത് സംശയിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം എങ്ങനെ സത്യസന്ധമായി മുന്നോട്ടുപോവും. സി.ബി.ഐ അന്വേഷണമെന്നതു രക്ഷപ്പെടാനുള്ള ചുളുവിദ്യയാണ്. തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിന് ഇവര്‍ രണ്ടുപേരും അധികാരത്തില്‍ തുടരാന്‍ പാടില്ല. രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം. ചാരക്കേസ് ആരോപണം നേരിട്ടപ്പോള്‍ രാജിവച്ച കെ കരുണാകരന്റെ പാരമ്പര്യം പിന്തുടരാന് ഉമ്മന്‍ചാണ്ടി തയ്യാറുണ്ടോയെന്നും വിഎസ് ചോദിച്ചു.
നേരത്തെ നിയമസഭയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തിരുന്നു. സ്പീക്കറിന്റെ നടപടി ജനാധിപത്യവിരുദ്ധമാണ്. അന്ന് താന്‍ പറയാന്‍ ശ്രമിച്ചത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിഎസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: