പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാരില്‍നിന്നും അനുകൂലമായി ഉത്തരവുകള്‍ നേടുന്നതിന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത.എസ് നായര്‍ പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായിചേര്ന്ന് ഗൂഢനീക്കം നടത്തിയതായി സംശയം ബലപ്പെടുന്നു. ഇവരോടൊപ്പം സബ് കളക്ടറുടെ അടുപ്പക്കാരനും സോളാര്‍ തട്ടിപ്പിനിരയുമായ കോന്നി മല്ലേലില്‍ ശ്രീധരന് നായരും ഉള്‍പ്പെട്ടിരുന്നതായും അറിയുന്നു. പത്തനംതിട്ട കളക്ട്രേറ്റില്‍ ഇതിനായി പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും കെ.ജി.എസ് കമ്പനിക്ക് അനുകൂലമായി പല രേഖകളും നിയമങ്ങള്‍ ലംഘിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എച്ച്.സലിംരാജ് നടത്തി കൊടുത്തതായിട്ടാണ് വിവരങ്ങള്‍ പുറത്തു വരുന്നത്.
ഏബ്രഹാം കലമണ്ണില്‍ ആറന്മുളയില് വിമാനത്താവള പദ്ധതിക്കായി അനധികൃതമായി നികത്തിയ 232 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒഴിവാക്കുന്നതിനായി നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ട് പല ഉത്തരവുകളും കളക്ടറുടെ ചാര്‍ജ് വഹിച്ചിരുന്ന സലിംരാജ് നടത്തികൊടുക്കുകയായിരുന്നു.
വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പിന് മിച്ചഭൂമി കൂടാതെ അടൂര്‍ താലൂക്കില്‍ ഏനാദിമംഗലത്തെ 13.16 ഹെക്ടര്‍ കൈവശഭൂമിയും മിച്ചഭൂമിയില്‍ നിന്ന് ഒഴിവാക്കാന്‍ ഗൂഢനീക്കം നടത്തി. ഇതിനായി കലമണ്ണിലിന്റെ അധീനതയിലുള്ള ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ്കോളേജ് മാറ്റി മെഡിക്കല്‍ കോളേജ് പ്രവര്ത്തിക്കുന്നെന്നുള്ള സര്‍ട്ടിഫിക്കേറ്റ് നിയമങ്ങള്‍ അട്ടിമറിച്ച് നല്‍കിയത് സരിതയുടെ പ്രേരണമൂല്ലമെന്ന് സൂചന. ഇതിന് ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് അവധിയിലായിരുന്ന സമയം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിംരാജിന് കളക്ടറുടെ ചുമതല ഏറ്റെടുത്ത ദിവസമാണ് കെ.ജി.എസിന് അനുകൂലമായി ഉത്തരവിറക്കിയത്. കളക്ടര്‍ പ്രണബ് ജ്യോതിനാഥിനെ അവധിയില്‍ പ്രവേശിപ്പിക്കുവാന്‍ സരിത മന്ത്രിതലങ്ങളില്‍ ബന്ധപ്പെട്ടതായുമാണ് അറിയാന്‍ കഴിയുന്നത്.ജില്ലയിലെ ഏക മന്ത്രിയായ അടൂര്പ്രകാശിനേയും സരിത പലതവണ ഫോണില്‍ വിളിച്ചതും ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സംശയം ബലപ്പെടുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: