കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പിനെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗ്. കണ്ണൂര്‍ ഗസ്തൗസില്‍ മോട്ടോര്‍ വാഹന വകുപ്പ് അദാലത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ അമിത വേഗത കണ്ടുപിടിക്കുന്നതിന് ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയും മണ്ണുത്തി മുതല്‍ മഞ്ചേശ്വരം വരെയും ക്യാമറകള്‍ സ്ഥാപിക്കും.
തിരുവനന്തപുരത്തും കോഴിക്കോടും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്ട്രോള് റൂം സ്ഥാപിക്കും. എറണാകുളം ജില്ലയില്‍ നിലവില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ എല്ലാ ഓഫീസുകളിലും ഹെല്പ് ഡസ്ക് ആരംഭിക്കും. പിആര്‍ഒ മാര്‍ക്കായിരിക്കും ഹെല്പ് ഡസ്കിന്റെ ചുമതല.
വാഹനവകുപ്പുമായി ബന്ധപ്പെട്ട് 27 സേവനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. 20 ശതമാനത്തോളം ആളുകള്‍ക്ക് ഓഫീസുകളില്‍ പോകാതെ ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കുന്നുണ്ട്. എല്ലാ ആര്‍ടിഒമാര്‍ക്കും ലാപ്ടോപ് നല്‍കാനും എഎംവിഐമാര്‍ക്ക് സിം കാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അമിതവേഗത കണ്ടെത്തുന്നതിന് ആര്‍ടിഒമാര്‍ക്ക് ഇന്റര്‍സെപ്ടര്‍ വാഹനങ്ങള്‍ നല്‍കും.
അമിതമായി മദ്യപിച്ച് വാഹനമോടിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നൂതന സംവിധാനമുള്ള എല്‍കോ മീറ്റര്‍ സ്ഥാപിക്കും. മനുഷ്യശരീരത്തില്‍ അടങ്ങിയ ആല്‍ക്കഹോളിന്റെ ശതമാനം കണ്ടെത്താന്‍ ഇതുകൊണ്ട് സ്ഥാപിക്കും. മാധ്യമങ്ങളുടെ സ്റ്റിക്കര്‍ വാഹനങ്ങളില്‍ ഒട്ടിക്കുന്നത് ദുരുപയോഗം ചെയ്യുന്നതിനെ നിയന്ത്രിക്കും. പുതിയ രീതിയിലുള്ള ഡ്രൈവിംഗ് സെന്ററുകള്‍ നടത്താന്‍ ഒരേക്കറോളം സ്ഥലമെങ്കിലും വേണമെന്നും ഇതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്നും ഋഷിരാജ്സിംഗ് പറഞ്ഞു.
സിറ്റിങ്ങില്‍ 58 പരാതികള്‍ പരിഗണിച്ചു. 20 എണ്ണം തീര്‍പ്പാക്കി. ബാക്കിയുളള കേസുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനതലത്തില്‍ നടത്തുന്ന അദാലത്തിലെ ആദ്യ അദാലത്താണ് കണ്ണൂരില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: