തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസ് അന്വേഷണം സിബിഐക്ക് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സ്വകാര്യഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലെത്തുമ്പോള്‍ എതിര്‍ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തിലുണ്ടായിരിക്കുന്ന ധാരണ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം, സോളാര്‍ തട്ടിപ്പ് കേസന്വേഷിക്കുന്ന പ്രത്യേകസംഘത്തലവന്‍ എഡിജിപി എ.ഹേമചന്ദ്രനും ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാറും പങ്കെടുത്തിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷമായിരിക്കും സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക. സി.ബി.ഐ അന്വേഷണത്തിന്റെ നിയമസാധ്യതകള്‍ പരിശോധിക്കാനായി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.ആസിഫലിയുമായും മുഖ്യമന്ത്രി പ്രാഥമികചര്‍ച്ച നടത്തിയതായാണ് വിവരം.
കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ സിബിഐ അന്വേഷണം ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനുള്ളിലും സിബിഐ അന്വേഷണം നടത്തുന്നതിനോട് അനുകൂലമായ വികാരമാണുള്ളത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പുകേസിന്റെ അന്വേഷണം സംസ്ഥാന പോലിസ് അന്വേഷിച്ചാല്‍ നിജസ്ഥിതി പുറത്തുവരില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.
ഇതിനിടെ, സരിത എസ് നായരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചുവെന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ സരിതയുമായി നിരന്തരബന്ധം പുലര്‍ത്തിയെന്ന വെളിപ്പെടുത്തലുമുണ്ടായത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ഈ സാഹചര്യത്തില്‍ സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് സഭയില്‍ ഉയര്‍ത്തുമ്പോള്‍ സിബിഐ അന്വേഷണത്തിന് സന്നദ്ധമാണെന്ന മറുപടി നല്‍കിയാവും പ്രതിരോധിക്കുക.
അതേസമയം, പോലിസ് അന്വേഷണം കാര്യക്ഷമമാണെന്ന് വാദിക്കുന്ന സര്‍ക്കാര്‍തന്നെ കേസ് സിബിഐയ്ക്കു വിടുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോള്‍ അനുകൂലനിലപാട് സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം. അതേസമയം, സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
കേസ് സിബിഐക്ക് വിടേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് വിട്ടാല്‍ തെളിവ് നശിപ്പിക്കപ്പെടാനും പ്രതികള്‍ രക്ഷപെടുന്നതിനുമുള്ള സാഹചര്യമൊരുങ്ങും. കേസ് അനന്തമായി നീണ്ടുപോവാനും ഇതിടയാക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: