തിരുവനന്തപുരം: ഏകീകൃത സിവില്‍ നിയമം നടപ്പാക്കി ഭരണഘടന വിഭാവനം ചെയ്യുന്ന ശരിയായ മതേതരവും വിവേചനരഹിതവുമായ നിയമസംവിധാനം ഉറപ്പാക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന വിചാരകേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയമാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയില്‍ വ്യത്യസ്ത സിവില്‍ നിയമങ്ങളാണ് നിലവിലുള്ളത്. മതേതര ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് എതിരാണിത്. ഏകത്വത്തെ നിരാകരിച്ചുകൊണ്ടുള്ള മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് എതിരാണ്. ഭരണഘടനയും പൊതുനിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന മനോഭാവം ചില മതവിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ കാരണം മതാധിഷ്ഠിത വ്യക്തിനിയമം ഇനിയും പിന്തുടരുന്നതിനാലാണ്. ഭരണഘടന നിലവില്‍ വന്നിട്ട് 63 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 44-ാം അനുഛേദകം പറയുന്ന ഏകീകൃത സിവില്‍ നിയമം എന്ന ലക്ഷ്യം നേടാന്‍ സാധിച്ചില്ല എന്നത് ഖേദകരമാണെന്ന് പ്രമേയത്തില്‍ പറയുന്നു.പതിനെട്ടുവയസ്സിനു താഴെയുള്ള മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പുവരുത്താന്‍ കേരളസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പരിഷ്കൃത സമൂഹം ഞെട്ടലോടെയാണ് കണ്ടത്. മതമൗലികവാദികളുടെ താല്പര്യം മാനിച്ചാണ് മുസ്ലീംലീഗ് കൈകാര്യംചെയ്യുന്ന സാമൂഹികക്ഷേമവകുപ്പ് പ്രസ്തുത ഉത്തരവിറക്കിയത്. ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്ന ഇത്തരം ഒരു ഉത്തരവ് മതിയായ ഗൃഹപാഠം ചെയ്യാതെ നിയമപരമായ നിലനില്പുപോലും നോക്കാതെയാണ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഇല്ലാത്ത ഒരു നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയത്. ഉദാഹരണത്തിന് 1957 ലെ മുസ്ലീം വിവാഹനിയമത്തിലെ വകുപ്പുകളുടെ പിന്‍ബലത്തിലാണ് വിവാദ ഉത്തരവ് സര്‍ക്കാര്‍ ഇറക്കുന്നത് എന്നാണ് വാദം. അതിന് മുസ്ലീം ലീഗിന്റെയും വിവിധ മുസ്ലീം സംഘടനകളുടെയും പിന്തുണയുണ്ടായി. എന്നാല്‍ അത്തരം ഒരു നിയമം 1957 ല്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ജമൈക്കയിലാണ് അത്തരത്തില്‍ ഒരു നിയമം 1957 ല്‍ ഇറങ്ങിയത്. വസ്തുതകള്‍ പുറത്ത് വന്നതോടെ വിവാദ ഉത്തരവ് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവന്നു.
ശൈശവവിവാഹം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് അതില്‍ നിന്നും ഇളവ് അനുവദിച്ചിട്ടുമില്ല. 1978 ലെ ശൈശവവിവാഹനിയന്ത്രണനിയമവും, 2006 ലെ ശൈശവ വിവാഹനിരോധനനിയമവും അവഗണിച്ചാണ് തികച്ചും സ്ത്രീവിരുദ്ധമായ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കുന്നത്. ഇന്ത്യയില്‍ വിവാഹപ്രായം പുരുഷന് ഇരുപത്തിഒന്നും സ്ത്രീക്ക് പതിനെട്ടുമാണ്. അത് ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ക്രിമിനല്‍ കുറ്റം ചെയ്തവരെ രക്ഷിക്കുന്നതിനാണ് സാമൂഹികക്ഷേമവകുപ്പ് ഉത്തരവിറക്കിയത്. മതയാഥാസ്ഥിതികര്ക്കുവേണ്ടിയാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് എന്നത് വ്യക്തമാണ്. മാത്രമല്ല, ലൗ ജിഹാദ് പോലുള്ള പ്രക്രിയയിലൂടെ പ്രായം തികയാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് നിയമവിധേയമാക്കാന്‍ ഈ പുതിയ ഉത്തരവിലൂടെ കഴിയും. ഇസ്ലാം മതത്തില്‍ മാത്രമല്ല മറ്റു മതങ്ങളിലും ശൈശവവിവാഹം നടക്കുന്നുണ്ട് എന്ന വാദം ഉയര്‍ത്തി ശൈശവവിവാഹത്തെ ന്യായീകരിക്കുവാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയുണ്ടായി. കൂടാതെ മുസ്ലീംങ്ങളുടെ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം മതനേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്.
കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. മാത്രമല്ല അത് സ്ത്രീ വിരുദ്ധവും മുസ്ലീംവിരുദ്ധവുമാണ്. മുസ്ലീം സ്ത്രീയുടെ വിദ്യാഭ്യാസ പുരോഗതിയെ തടയാനും, അവരെ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിടാനും മാത്രമേ ഈ ഉത്തരവ് സഹായകമാകൂ. ശ്രദ്ധേയമായ വസ്തുത, പ്രസ്തുത സര്‍ക്കുലറിനെതിരെ വ്യാപകമായി ഉണ്ടായ പ്രതിക്ഷേധമല്ല, മറിച്ച് നിയമപരമായ തടസ്സം മാത്രമാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മതേതരജനാധിപത്യം അംഗീകരിച്ച ഒരു രാജ്യത്തും മതകേന്ദ്രീകൃതവ്യക്തിനിയമങ്ങള് ഇല്ല. വിവേചനരഹിതമായ പൊതുനിയമങ്ങളാണുള്ളത്. ഇന്ത്യ ഇനിയും ഒരു മതേതര ഭരണസംവിധാനത്തിലേയ്ക്ക് കടന്നുചെന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് രാജ്യം പിന്തുടരുന്ന മതാധിഷ്ടിത വ്യക്തിനിയമങ്ങള്‍. മതമൗലികവാദത്തിനും വിഭാഗീയതയ്ക്കും അവസരം ഒരുക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമപരമായ വിവേചനങ്ങളാണ് എന്നതില്‍ തര്‍ക്കമില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: