കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ട എന്‍ഡോസള്‍ഫാന്‍ സെല്ലിണ്റ്റെ യോഗം അനിശ്ചിതത്വത്തില്‍. എല്ലാ മാസവും കൃത്യമായി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സെല്ലിണ്റ്റെ യോഗം ഇത്തവണ നടന്നില്ല. യോഗം എന്ന് നടക്കുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്കും വ്യക്തമായ ഉത്തരമില്ല. സെല്ലിണ്റ്റെ ചെയര്‍മാനായ മന്ത്രി കെ.പി.മോഹനന് സമയമില്ലാത്തതാണ് യോഗം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെന്ന അവകാശവാദത്തോടെയാണ് കൃഷിമന്ത്രിയെ ചെയര്‍മാനാക്കി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായുള്ള സെല്‍ പിരിച്ചുവിട്ടാണ് മന്ത്രി ചെയര്‍മാനായ പുതിയ സെല്ലിന് ചുമതല നല്കിയതും. രാഷ്ട്രീയക്കാരെ കുത്തിനിറച്ച് പുതിയസെല് രൂപീകരിച്ചത് ഇതിനിടെ വിവാദമാവുകയും ചെയ്തു. പുതിയ സെല്ലിണ്റ്റെ നേതൃത്വത്തില്‍ രണ്ട് തവണയാണ് ഇതുവരെ യോഗം ചേര്‍ന്നത്. മെയ് ൩൧നായിരുന്നു അവസാന യോഗം. ൩൦ന് തീരുമാനിച്ചിരുന്ന യോഗം മന്ത്രിയുടെ അസൗകര്യത്തെതുടര്‍ന്ന് ൩൧ലേക്ക് മാറ്റിയെങ്കിലും മന്ത്രി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സെല്‍യോഗം പ്രഹസനമാകുന്നുവെന്ന് അംഗങ്ങള്‍ തന്നെ യോഗത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി. പുനരധിവാസ മേഖലയില്‍ നിരവധി കാര്യങ്ങള്‍ അടിയന്തിരമായി ചെയ്തുതീര്ക്കാനുണ്ടെന്നിരിക്കെയാണ് ദുരിത ബാധിതരെ തന്നെ അവഹേളിക്കുന്ന സര്‍ക്കാറിണ്റ്റെ നടപടി. സെല്ലിനുകീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സബ് കമ്മറ്റികളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇരകള്‍ ദുരിതത്തിലായിരിക്കുകയാണ്. ഇരകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് അധികൃതരുടെ നടപടി. എടിഎം കാര്‍ഡ് വഴി നല്കുന്ന പെന്ഷന് മണിയോര്ഡറാക്കണമെന്ന ആവശ്യവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ചികിത്സാ സഹായവും വിവിധക്ഷേമ പദ്ധതികളും ധനസഹായ വിതരണവും ചര്‍ച്ച ചെയ്യാന്‍ പോലും വേദിയില്ലാത്ത അവസ്ഥയാണ് സര്‍ക്കാര്‍ വരുത്തി വെച്ചിരിക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഞ്ചായത്ത് ജനപ്രതിനിധികളും സെല്‍ അംഗങ്ങളും യോഗത്തില്‍ ചൂണ്ടിക്കാട്ടുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിഹാര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സെല്‍ ചുമതല ഏറ്റെടുത്തതിനുശേഷം സബ് കമ്മറ്റികള്‍ പുനസംഘടിപ്പിക്കാന്‍ പോലും സാധിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ധനസഹായത്തിനു പരിഗണിക്കുന്നതിനായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പും അനിശ്ചിതമായി നീളുകയാണ്. ജില്ലയില്‍ പതിനായിരത്തിലേറെ പേര് ഇതുവരെ മെഡിക്കല്‍ ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലായി ക്യാമ്പ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ മഴക്കാല രോഗങ്ങള്‍ ഭീതി പരത്തുന്ന സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരെ കിട്ടാന്‍ വിഷമമാണെന്നും ക്യാമ്പ് നീളാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. താഴെതട്ടില്‍ നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തുതലത്തില്‍ അദാലത്ത് നടത്താന്‍ സെല്‍യോഗം രണ്ടുതവണ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു പഞ്ചായത്തില്‍ പോലും അദാലത്ത് നടന്നില്ല. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവുകള്‍ക്കും തുടര്‍ച്ചയില്ല. ഇരകളുടെ കടബാധ്യതകള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകള്‍ ജപ്തി നോട്ടീസയക്കുകയാണ്. നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിലും ഇരകള്‍ക്ക് ആശ്രയമായിരുന്ന സെല്ലിണ്റ്റെ പ്രവര്‍ത്തനവും അവതാളത്തിലാക്കി സര്‍ക്കാര്‍ ദുരിതബാധിതരെ വെല്ലുവിളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: