കാസര്‍കോട്: പ്രവര്‍ത്തനം നിലച്ച ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍ ശമ്പളം വകയായി സര്‍ക്കാര്‍ പാഴാക്കുന്നത് കോടികള്‍. സ്കൂളുകളിലെ പാഠപുസ്തക വിതരണം കൊറിയര്‍ ഏജന്‍സികളെ ഏല്‍പ്പിച്ചതോടെ നോക്കുകുത്തിയായ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളിലെ ജീവനക്കാരെയാണ് പണിയില്ലെങ്കിലും ശമ്പളംനല്‍കി വിദ്യാഭ്യാസ വകുപ്പ് നിലനിര്‍ത്തുന്നത്. ജോലിഭാരമുള്ള മറ്റ് വകുപ്പുകളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് യുവജനസംഘടനകളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന രാഷ്ട്രീയഭയം മൂലം സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി വയ്ക്കുന്നത്. വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ടെക്സ്റ്റ് ബുക്ക് ഡിപ്പോകള്ക്കായിരുന്നു വര്‍ഷങ്ങളായി പാഠപുസ്തക വിതരണത്തിന്റെ ചുമതല. സ്കൂളുകള്‍ അംഗങ്ങളായി രൂപീകരിച്ച സൊസൈറ്റികള്‍ ഡിപ്പോകളിലെത്തി പുസ്തകം വാങ്ങുകയായിരുന്നു രീതി. എന്നാല്‍ പാഠപുസ്തകവിതരണം സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഡിപ്പോകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് പുസ്തകവിതരണ ചുമതലയില്‍ നിന്നും ടെക്സ്റ്റ് ബുക്ക് ഡിപ്പോകളെ ഒഴിവാക്കി. സ്വകാര്യ കൊറിയര്‍ എജന്‍സികള്‍ക്കാണ് ഇപ്പോള്‍ ചുമതല. പുതിയ തീരുമാനത്തോടെ ടെക്സ്റ്റ് ബുക്ക് ഡിപ്പോകളുടെ പ്രവര്‍ത്തനം തന്നെ അപ്രസക്തമായി. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ മാത്രം നില നില്ക്കുന്ന ഡിപ്പോകള്‍ ഒഴിവാക്കുന്നതിനും ജീവനക്കാരെ പുനര്‍ വിന്യസിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫോ തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരോ തയ്യാറായില്ല. ഇതുമൂലം കഴിഞ്ഞ നാല് വര്‍ഷമായി ഭീമമായ നഷ്ടമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ മുപ്പത് ടെക്സ്റ്റ് ബുക്ക് ഡിപ്പോകളാണുള്ളത്. ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക്, കൗണ്ടര്‍, പ്യൂണ്‍, പാര്‍ട്ട്ടൈം പ്യൂണ്‍ എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ടെക്സ്റ്റ്ബുക്ക് ഓഫീസര്ക്കുകീഴില് സംസ്ഥാനത്തൊട്ടാകെ 150 ജീവനക്കാരാണ് ഇപ്രകാരമുള്ളത്. ഒരു ഡിപ്പോക്ക് ശമ്പളമിനത്തില്‍ ഒരുലക്ഷത്തിലേറെ രൂപ മാസംതോറും സര്‍ക്കാര്‍ ചെലവഴിക്കുന്നു. അനുബന്ധ ചെലവുകള്‍ ഇതിനുപുറമെയാണ്. വര്‍ഷത്തില്‍ മൂന്നരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്തരത്തില്‍ ചോരുന്നത്. മറ്റ് വകുപ്പുകളിലേക്ക് ജീവനക്കാരെ പുനര്വിന്യസിക്കാമെന്നിരിക്കെ അതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഇല്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: