മനുഷ്യസമൂഹത്തില്‍ കാലദേശഭേദമന്യേ നിലകൊള്ളുന്ന ചില കൂട്ടരുണ്ട്; നിന്ദിക്കപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും. മനുഷ്യനിര്‍മ്മിളതമായ ഉപാധികളുടെ ചട്ടക്കൂടുകളില്‍ തളയ്‌ക്കപ്പെടുന്ന അത്തരം ആളുകളുടെ ദയനീയ അവസ്ഥ വരച്ചു കാട്ടുന്ന ഒരു ലോക ക്ലാസ്സിക് നോവലാണ് ഫയദോര്‍ ദസ്തയേവ്സ്കിയുടെ ‘നിന്ദിതരും പീഡിതരും’. പാവപ്പെട്ടവരുടെ ദീനവിലാപങ്ങള്‍ തന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്ന ദസ്തയേവ്സ്കിയുടെ കൃതി ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യം അത് ‘നിന്ദിതരും പീഡിതരും’ ആയിരിക്കണം മാത്രമല്ല വായിക്കുന്ന ആള്‍ യുവാവ് കൂടി ആയിരിക്കണം എന്ന് സ്റ്റീഫന്‍ സ്വേയ്ഗ് അഭിപ്രായപ്പെട്ടിരിക്കുന്നു. ആ അഭിപ്രായത്തെ സാധൂകരിക്കുന്ന കാവ്യം തന്നെയാണ് അത് എന്ന് വായനക്കാരന് ബോധ്യപ്പെടും. എനിക്ക് ലഭിച്ചത് കവിയും വിവര്‍ത്തകനുമായ വേണു. വി. ദേശം ഭാഷാന്തരം ചെയ്ത് ഗീന്‍ ബുക്സ് പുറത്തിറക്കിയ ഗ്രന്ഥമായിരുന്നു. ഇവാന്‍ പെട്രോവിച് അഥവാ വാനിയാ എന്ന സാഹിത്യകാരന്റെ കണ്ണുകളിലൂടെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ദസ്തയേവ്സ്കി നമുക്ക് കാട്ടിത്തരുന്നു. ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ പുസ്തകങ്ങളാണ്. അവര്‍ ഓരോരുത്തരും വായനക്കാരന്റെ മനസ്സിനെ ചിന്തിപ്പിക്കും, ആഴത്തില്‍ മുറിവേല്‍പ്പിക്കും, കണ്ണുനീരില്‍ അലിയിക്കും. വ്യഥകള്‍ ഉള്ളിലടക്കി നിസ്സംഗതയുടെ ഗാംഭീര്യമുള്ള നോട്ടം അനന്തതയ്‌ക്ക് സമ്മാനിക്കുന്ന സ്മിത്ത് ഉള്‍പ്പെടെ തന്നോട് ബന്ധപ്പെടുന്ന എല്ലാ അനിശ്ചിതവസ്തുക്കളിലും വാനിയക്ക് ഉണ്ടാകുന്ന പാരസ്പര്യത്തിലൂടെ ഈ കൃതിയില്‍ ഉടനീളം ഒരു മിസ്റ്റിക് പരിവേഷം അനുഭവപ്പെടും. ജീവജാലങ്ങളോടുള്ള കനിവിന്റെ വെളിച്ചവും അങ്ങിങ്ങായി കാണാം. പ്രഭുത്വം കൊടികുത്തി വാണിരുന്ന ഒരു സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിലാപങ്ങള്‍ ആരും കേള്‍ക്കുകയില്ല എന്ന് നോവലിസ്റ്റ് നമ്മെ ഓര്‍മിപ്പിക്കുന്നു. പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുവാന്‍ പടച്ചുണ്ടാക്കിയ നിയമങ്ങള്‍ അന്നും ഇന്നും ഒരുപോലെ തന്നെ .പണവും കയ്യൂക്കും ഉള്ളവന്‍ കാര്യക്കാരന്‍ എന്ന സാമൂഹ്യദുരാചാരം പ്രിന്‍സ്ര എന്ന കപടനിലൂടെ നമുക്ക് കാണാം. ഇത് ഓരോ യുവാവും വായിച്ചിരിക്കണം. ഇത് യുവത്വത്തിന്റെ ചാപല്യങ്ങളുടെ കഥയാണ്. ക്ഷണികമായ ഭോഗസംതൃപ്തിയ്‌ക്ക് വേണ്ടി സ്നേഹത്തെ ബലി കഴിക്കുന്ന അലോഷ്യയും അവനെ അതിനു പ്രേരിപ്പിക്കുന്ന ക്രൂരനായ അച്ഛന്‍ പ്രിന്‍സും എല്ലാം ഇക്കാലത്തും കാണപ്പെടുന്നവരുടെ പ്രതീകങ്ങള്‍ തന്നെ. സമ്പന്നതയുടെ കിരീടം ചൂടുവാനും സ്ത്രീയെ ഭോഗവസ്തുവായി മാത്രം കാണുവാനും നിയമങ്ങള്‍ ശത്രുവിനെ ഇല്ലാതാക്കുവാന്‍ ദുരുപയോഗം ചെയ്യുവാനും മദ്യലഹരിയില്‍ മതിമറന്നു നശിക്കുവാനും നശിപ്പിക്കുവാനും മടിയില്ലാത്ത പ്രിന്‍സ് മനുഷ്യകാപട്യത്തെ പ്രതീകവത്ക്കരിക്കുന്നു..
ഈ നോവല്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഇതിലെ സ്ത്രീകഥാപാത്രങ്ങളിലൂടെയാണ്. താന്‍ ജീവന് തുല്യം പ്രണയിച്ച അലോഷ്യയെ സ്വന്തമാക്കുവാന്‍ മാതാപിതാക്കളുടെ ശാപം വാങ്ങി വീട് വിട്ടിറങ്ങിയ നടാഷ, അവളുടെ യൗവനത്തിന്റെ ചോരത്തിളപ്പില്‍ വിചാരത്തെ വികാരത്തിന് പണയപ്പെടുത്തിയ ഹതഭാഗ്യ. അതിന് അവള്‍ നല്‍കേണ്ടി വരുന്ന വില, കടന്നുപോകുന്ന മാനസികവ്യഥകള്‍ ഇതെല്ലാം നമുക്ക് കാണാന്‍ സാധിക്കും. അത്യന്തം സ്നേഹം മകളോടുണ്ടെങ്കിലും മാപ്പ് നല്‍കാന്‍ കഴിയാത്ത അവളുടെ അഭിമാനിയായ അച്ഛനും നിസ്സഹായ ആയ അവളുടെ അമ്മയുമെല്ലാം ഇതില്‍ ശ്രദ്ധിക്കപ്പെടുന്നു. എങ്കിലും ഇതിലെ കേന്ദ്ര കഥാപാത്രം ആരെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാം ‘നെല്ലി’ . പതിമൂന്നു വയസ്സുള്ള ആ ബാലികയും അവളുടെ അമ്മയും അനുഭവിച്ച കൊടും പീഡനങ്ങളുടെ ആകെത്തുകയാണ് ഈ നോവല്‍. നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപെടുകയും ചെയ്യുന്ന സ്ത്രീസമൂഹത്തിന്റെയും, അശരണരായ ബാല്യങ്ങളുടെയും കഥ ഇവരില്‍ ദര്‍ശിക്കാം. അവളുടെ സഹനത്തിന്റേയും സഹാനുഭൂതിയുടേയും നൊമ്പരങ്ങളുടേയും വിങ്ങലുകള്‍ ഈ കൃതിയില്‍ കേള്‍ക്കാം. ശീതോഷ്ണസുഖദുഖങ്ങളെ സമമായി ദര്‍ശിക്കുവാന്‍ ശേഷിയുള്ള സ്ഥിതപ്രജ്ഞയായ ഒരു ബാലികയിലൂടെ ആധ്യാത്മാനുഭൂതി കൂടിയാണ് ദസ്തയേവ്സ്കി വിളംബരം ചെയ്യുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ എക്കാലവും അങ്ങനെയാവില്ലെന്നും ഒരുനാള്‍ സത്യം അവരെ സ്വതന്ത്രരാക്കുമെന്നും ഈ കൃതി നമുക്ക് കാട്ടിത്തരുന്നു.
അനിതരസാധാരണമായ കാവ്യഭംഗിയുള്ള ദസ്തയേവ്സ്കിയുടെ ഈ നോവലിനോട് പൂര്‍ണ്ണ നീതി പുലര്‍ത്തുവാന്‍ ഇത് ഭാഷാന്തരം ചെയ്ത വേണു. വി. ദേശത്തിന് സാധിച്ചു എന്ന് തന്നെ പറയട്ടെ. മടുപ്പിക്കുന്ന പദാനുപദ തര്‍ജ്ജമകളില്‍ നിന്നും ഭിന്നമായി സ്വന്തം ശൈലിയില്‍ തന്നെ, എന്നാല്‍ ആശയവും ഭംഗിയും ഒട്ടും ചോരാതെ അദ്ദേഹം ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു എന്നത് സ്തുത്യര്‍ഹ്യമാണ്. അദ്ദേഹം തന്നെ പറയുന്നപോലെ നിലവാരമുള്ള ഒരു മലയാളിയും ദസ്തയേവ്സ്കിയെ തിരസ്ക്കരിച്ചിട്ടില്ല. ഈ ഭാഷാന്തരം ദസ്തയേവ്സ്കിയുടെ കൂടെയുള്ള ന്യുനപക്ഷം മലയാളികളെ ഭൂരിപക്ഷമാക്കുവാന്‍ കെല്‍പ്പു ള്ളതാണ് എന്നതില്‍ സംശയമില്ല. ഇത് വിവര്‍ത്തനം ചെയ്ത വേണു. വി. ദേശവുമായി കെ.പി. മുരളി നടത്തിയ അഭിമുഖവും ഈ നോവലിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ദസ്തയേവ്സ്കിയുടെ കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വെളിച്ചം വീശുന്ന ഈ അഭിമുഖവും പുതുമകള്‍ നിറഞ്ഞതാണ്.
ഹരികൃഷ്ണന്‍
‘നിന്ദിതരും പീഡിതരും’
(നോവല്‍: ഫയദോര്‍ ദസ്തയേവ്സ്കി)
ഭാഷാന്തരം: വേണു. വി. ദേശം
പ്രസാധനം: ഗ്രീന്‍ ബുക്സ്
വില: *40/
പ്രതികരിക്കാൻ ഇവിടെ എഴുതുക: