തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോന് അറസ്റ്റില്‍. ചങ്ങനാശേരിയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 3.30തോടെയാണ് ശാലുവിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു. അതിനുശേഷമായിരുന്നു അറസ്റ്റ്. ശാലുമേനോനെ നാളെ തിരുവനന്തപുരത്ത് കോടതിയില്‍ ഹാജരാക്കും.
സ്വന്തം കാറിലാണ് പൊലീസ് അകമ്പടിയോടെ ശാലു ചങ്ങനാശേരിയില്‍ നിന്നു തിരുവനന്തപുരത്തെ എഡിജിപിയുടെ ഓഫിസില്‍ ആറരയോടെ എത്തിയത്. ക്രിമിനല്‍ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്വന്തം കാറില്‍ യാത്രചെയ്യാന്‍ അനുവദിച്ചത് വിവാദമായിട്ടുണ്ട്. ഇവര്‍ക്ക് പോലീസ് വിഐപി പരിഗണന നല്‍കിയെന്നാണ് ആക്ഷേപം.
തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയില്‍ എടുത്തത്. എഴുപത്തയഞ്ച് ലക്ഷം രൂപ തനിക്ക് നഷ്ടപ്പെട്ടെന്നും ഇതില്‍ 25 ലക്ഷം വാങ്ങിയത് ശാലുവും ബിജുവും ചേര്‍ന്നാണെന്നുമാണ് റാസിഖിന്റെ പരാതി. ശാലുവിനെതിരെ റാസിക് ഇന്നലെ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി റാസിഖ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ റാസിഖിനെ ശാലുവിനെ ചോദ്യംചെയ്യുന്നതിനിടെ പൊലീസ് വിളിച്ചുവരുത്തി. ശാലുവിനെ റാസിഖ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ചാണ് ശാലു വീട് നിര്‍മിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ശാലുവിനു പണം കൈമാറണമെന്നാവശ്യപ്പെട്ട് ബിജു, റാസിഖിന് അയച്ച എസ്എംഎസും തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. റാസിഖില്‍ നിന്നു പണം തട്ടിയ കേസില്‍ ബിജു ഒന്നാംപ്രതിയും ശാലു രണ്ടാംപ്രതിയുമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. വിശ്വാസവഞ്ചന ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടും പോലീസ് ശാലുവിനെ ചോദ്യം ചെയ്യും.ബിജു തൃശൂര്‍ കുറുപ്പംറോഡിലെ നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത് ജൂണ്‍ മൂന്നിന് രാത്രി 12 മണിയോടെയാണ്. ഇയാള്‍ക്കൊപ്പം ശാലുവിനെയും അമ്മയെയും കണ്ടതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സരിത അറസ്റ്റിലായത് അറിഞ്ഞതോടെയാണ് ബിജു കോയമ്പത്തൂരിലേക്ക് മുങ്ങിയത്. രക്ഷപ്പെടുമ്പോള്‍ ശാലുവിന്റെ മൊബെയില്‍ ഫോണ്‍ ബിജുവിന്റെ പക്കലായിരുന്നു.
ശാലു മേനോനെതിരേ കേസ് എടുക്കണമെന്ന് കഴിഞ്ഞദിവസം തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തൃശൂര്‍ സ്വദേശി വി.ഡി. ജോസഫ് നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി. വിശ്വാസവഞ്ചന, ഗൂഢാലോചന ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്. ഒളിവില്‍ കഴിയുന്ന സമയത്ത് ബിജുരാധാകൃഷ്ണന് ഉപയോഗിച്ചത് ശാലുമേനോന്റെ മൊബെയില്‍ ഫോണാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
നേരത്തേ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം കൊണ്ടാണ് ശാലുവിനെ അറസ്റ്റ് ചെയ്യാത്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ശാലുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും വിവാദമായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: