തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാനപ്രതി സരിതാനായര്‍ ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടതായി സൂചന.
റവന്യുമന്ത്രി അടൂര്‍പ്രകാശുമായി നിരന്തരം സരിത ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അത് ആരുടെയോ പണം സരിതയുടെ കമ്പനി വാങ്ങിയത് തിരികെവാങ്ങിക്കൊടുക്കാനാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ സരിതയും മന്ത്രിയുമായുള്ള അടുപ്പവും ഫോണ്‍വിളികളും ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായിരുന്നുവെന്നാണ് അറിയുന്നത്. ആറന്മുള വിമാനത്താവള പദ്ധതിയുടെ നിര്‍മ്മാതാക്കളായ കെജിഎസ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഡോ.പി.ടി.നന്ദകുമാര്‍ ഐപിഎസിന്റെ ഫോണിലേക്കും സരിത ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. കെജിഎസ് ഗ്രൂപ്പിലെ ഉന്നതരുമായി സരിതയ്ക്ക് വളരെ അടുത്തബന്ധമാണുള്ളത്.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് സരിത റവന്യുമന്ത്രി അടൂര്‍ പ്രകാശുമായി നിരന്തരം ബന്ധപ്പെട്ടത്. മന്ത്രി, സരിതയെ മന്ത്രി പലതവണ തിരികെ വിളിക്കുകയും ചെയ്തു. എല്ലാ വിളികളും ദൈര്‍ഘ്യമുള്ളതായിരുന്നു. മന്ത്രി കര്ണ്ണാടകയിലായിരുന്നപ്പോഴും സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഈ മാസങ്ങളിലാണ് കെജിഎസ് ഗ്രൂപ്പ് വിമാനത്താവളത്തിനുവേണ്ടി ദല്‍ഹിയിലും തിരുവനന്തപുരത്തും വിവിധ അനുമതികള്‍ക്കായി കയറിയിറങ്ങിയിരുന്നത്. ഇതു നേടിയെടുക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായായിരുന്നു സരിതയുടെ വിളികള്‍.
കെജിഎസ് ഗ്രൂപ്പും മന്ത്രിമാരുമായുള്ള ബന്ധത്തിന്റെ ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത് സരിതയായിരുന്നു. റവന്യു, ആഭ്യന്തരം, ടൂറിസം വകുപ്പു മന്ത്രിമാരുമായി സരിത ഫോണില്‍ വിളിച്ചതും സോളാര്‍ വിഷയത്തിനു മാത്രമല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇവരുടെ ദില്ലിയാത്രകളും കേന്ദ്ര മന്ത്രിമാരുമായുള്ള ഇടപെടലുകളും ആറന്മുള വിമാനത്താവളത്തിനു വേണ്ടി കൂടിയായിരുന്നു. ഒരു കേന്ദ്രമന്ത്രിയുമായി സരിതാനായര്‍ നടത്തിയ വിമാനയാത്രയും തുടര്‍ന്നുള്ള കൂടിക്കാഴ്ചയും ആറന്മുള പദ്ധതിക്കുവേണ്ടിയായിരുന്നു.
വിമാനത്താവളത്തിനുവേണ്ടി പലകാര്യങ്ങള്‍ക്കും സരിത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരെയും സരിത ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. വേഗത്തിലുള്ള ഫയല്‍ നീക്കം ദല്‍ഹിയിലും തിരുവനന്തപുരത്തും നടത്തിയതിന് സരിതാ നായര്‍ വലിയ സഹായങ്ങളാണ് ചെയ്തത്. റവന്യു മന്ത്രിയാണ് സരിതാ നായരെ ഇക്കാര്യത്തില്‍ കൂടുതല്‍ സഹായിച്ചത്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച സജീവമായ ഘട്ടത്തില്‍ റവന്യു വകുപ്പ് അടൂര്‍പ്രകാശിന് കൈവിടേണ്ടി വരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വിമാനത്താവളത്തിനുള്ള തടസ്സങ്ങള്‍ വേഗത്തില്‍ നീക്കാന്‍ മന്ത്രി നടപടികളാരംഭിച്ചത് കെജിഎസ് ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു.
പല ആവശ്യങ്ങള്‍ക്കും സരിത വിളിക്കാറുണ്ടായിരുന്നു എന്നാണ് കെജിഎസ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഡോ.പി.ടി.നന്ദകുമാര്‍ ഐപിഎസിന്റെ സരിതയുമായുള്ള ഫോണ്‍വിളികള്‍ സംബന്ധിച്ച പ്രതികരണം. എന്നാല്‍ സരിതയെ പോലുള്ളവരെ താന്‍ പ്രൊത്സാഹിപ്പിക്കാറില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: