കൊച്ചി: മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ വിജയകുമാരന്തമ്പി (52)യുടെ ആകസ്മികമരണത്തില്‍ ദുരൂഹത. രാത്രി വീട്ടിലെത്തിയ തമ്പിക്ക് രണ്ടരമണിയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ ജീവന് നഷ്ടമായതായി ബന്ധുക്കള്‍ പറഞ്ഞു. തലേന്നു രാത്രി പത്തുമണിവരെ തമ്പി മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു.
സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷാ കാര്യങ്ങളില്‍ നേരിട്ടു ചുമതലയുള്ള തമ്പിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന സൂചനകള്ക്കിടയ്ക്കാണ് മരണം. തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നടപടി ക്രമങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കവേ ചില നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കിട്ടി. ഇതില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്തുന്ന മുറി ജോപ്പനും വിവാദ സന്ദര്‍ശകയായ സരിത എസ്. നായര്‍ക്കും തമ്പി അനവസരത്തില്‍ തുറന്ന് കൊടുക്കുന്നതായ ദൃശ്യങ്ങളുണ്ട്.
ഇതു സംബന്ധിച്ച തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തമ്പിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന ആശങ്കയിലായിരുന്നു അയാള്‍ എന്നു സഹപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു. തമ്പിയുടെ മരണത്തെക്കുറിച്ച് ബന്ധുക്കളോ മറ്റാരെങ്കിലുമോ പരാതി ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ ദുരൂഹതകളുണ്ടെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫില്‍ താത്കാലികമായി ജോലി നേടിയ ആളാണ് മുന്‍ സൈനികനും പാങ്ങോട് സ്വദേശിയുമായ വി.കെ. തമ്പി. ചുരുങ്ങിയ കാലം കൊണ്ട് തമ്പി മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറി. അതിനാല്‍ അധികാരമേറ്റ് ഏറെ നാള് കഴിയും മുമ്പെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ട് തമ്പിയെ സ്ഥിരപ്പെടുത്തി. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ എന്ന പുതിയൊരു തസ്തിക തന്നെ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഇത്. വൈകാതെ തമ്പിയുടെ ഭാര്യക്ക് ക്ലാസ് ഫോര്‍ തസ്തികയില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ താത്കാലിക ജോലികിട്ടി. രണ്ട് സഹോദരിമാര്‍ക്ക് സാനിട്ടേഷന്‍ മേഖലയില്‍ താത്കാലിക നിയമനം ലഭിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ മകനും ജോലി നേടാനായി.
തമ്പിയുടെ പെട്ടെന്നുള്ള ഈ വളര്‍ച്ചകളെ ചൊല്ലി ധാരാളം പരാതികള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതികളില്‍ പലതും തമ്പി മുക്കിയിരുന്നുവെന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ചും പരാതികളുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് മാര്‍ച്ച് മാസത്തില്‍ പത്രവാര്‍ത്തയും വന്നു. തുടര്‍ന്ന് ഏപ്രില്‍ നാലിന് പത്രവാര്‍ത്തയുടെ കട്ടിംഗിനൊപ്പം പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് രംഗത്തെത്തി. 32/489/സര്‍വീസ് എച്ച് 2013 ജിഎഡി എന്ന നമ്പരിട്ട് ഏപ്രില്‍ 22ന് പരാതി പൊതുഭരണ വകുപ്പില്‍ ലഭിച്ചു. വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഏപ്രില്‍ 24ന് തന്നെ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറി. തമ്പിയുടെ സ്വാധീനം മൂലം അന്വേഷണം എങ്ങുമെത്തിയില്ലെന്നു മാത്രമല്ല, പരാതി പൂഴ്ത്തുകയും ചെയ്തു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുറുകിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സരിത സന്ദര്‍ശിച്ചിട്ടുണ്ടോ എന്നറിയാനായി പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് സരിതയുടെ സന്ദര്‍ശനവും ജോപ്പനുമായുള്ള കൂടിക്കാഴ്ചയും മുറിയുടെ വാതില്‍ താക്കോലുപയോഗിച്ച് തമ്പി തുറക്കുന്നതിന്റെ ദൃശ്യങ്ങളും മറ്റും പോലീസിന് ലഭിക്കുന്നത്.
ഇതിനിടെ പഴയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാഞ്ഞതിനെത്തുടര്‍ന്ന് ജ്യോതിലാല്‍ വിവരം തിരക്കി. പോലീസിന്റെ കണ്ടെത്തലുകള്‍ വകുപ്പ് സെക്രട്ടറിയും അറിഞ്ഞതോടെ തമ്പിയുടെ നില കൂടുതല്‍ പരുങ്ങലിലായി. ജോപ്പനെയും സരിതയെയും സഹായിച്ചെന്ന കുറ്റത്തിന് താനും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന കടുത്ത ഭയത്തിലായിരുന്നു തമ്പി. കഴിഞ്ഞ ദിവസം രാത്രി പത്തുമണി വരെ ഓഫീസില്‍ ഉണ്ടായിരുന്ന തമ്പി വളരെ പ്രയാസത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുപോലും തമ്പി ശരിയായ മറുപടി നല്‍കിയില്ല. വീട്ടിലെത്തിയ തമ്പിക്ക് രാത്രി രണ്ടരമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് പാങ്ങോട് എസ്.കെ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമുദ വി. തമ്പിയാണ് ഭാര്യ. വിപിന്‍ വി. തമ്പി, ശ്രുതി വി. തമ്പി എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്നലെ നടന്നു.
പ്രശാന്ത് ആര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: