യുദ്ധതന്ത്രങ്ങളില്‍ അതി നിപുണയായിരുന്നു കൈകേയി. ശംബരാസുരനെതിരെയുള്ള യുദ്ധത്തില്‍ ദശരഥന്റെ രഥചക്രത്തിന്റെ ആണി മുറിഞ്ഞുപോയി. ഇത്മനസ്സിലാക്കിയ കൈകേയി തന്റെ ചൂണ്ടുവിരലാല്‍ ചക്രം ഇളകി പോകാതെ പിടിച്ചു നിര്‍ത്തുകയും ചെയ്തെന്ന് പുരാണം. വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയേയും ചരിത്രകഥകളിലെ ഝാന്‍സി റാണിയേയും നാം വായിച്ചിട്ടുണ്ടാകും. പിറന്നനാടിന്റെ സ്വാതന്ത്യത്തിനായി ബ്രിട്ടീഷുകാരന്റെ തോക്കിന്‍മുനയ്ക്ക് മുന്നില്‍ നടന്ന സമരങ്ങളില്‍ നിര്‍ഭയരായി എത്രയോ സ്ത്രീകള്‍ പങ്കെടുത്തിരിക്കുന്നു. പിന്നെ അവകാശസമരങ്ങള്‍ക്കായി ഓരോ കൊടിക്കീഴിലും എത്രയോ പോര് ചോര വീഴ്ത്താന്‍ തയ്യാറായി അണിനിരന്നു. അങ്ങനെ എത്രയെത്ര സമരങ്ങള്‍…എന്നിട്ടും ഇന്ത്യന്‍ സൈന്യത്തില്‍ ഈ പോരാട്ടവീര്യം വേണ്ടും വിധം എത്തിയിട്ടുണ്ടോ..ഇക്കാര്യത്തില്‍ നമുക്ക് കണ്ട് പഠിക്കാം ന്യൂസിലാന്റ്, ആസ്ട്രേലിയ, പോളണ്ട്, കാനഡ, ഡെന്മാര്ക്ക്, ഇസ്രായേല്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, റൊമാനിയ, സ്വീഡന് തുടങ്ങിയ രാജ്യങ്ങളെ.
ഇന്ത്യയില്‍ സൈനിക ഹോസ്പിറ്റലുകളിലും മറ്റും സ്ത്രീകള്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വനിതകളെ തടയുന്ന നിലപാടാണ് കേന്ദ്രം പോലും സ്വീകരിച്ചിരിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. വനിതകളെ യുദ്ധമുഖത്തേയ്ക്ക് അയക്കുന്നതിനോട് ശക്തമായ വിയോജിപ്പാണ് ഇന്ത്യന്‍ സൈന്യവും കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയില്‍ പോലും വ്യക്തമാക്കുന്നത്. ശത്രുക്കളുടെ കൈകളില്‍ സ്ത്രീകള്‍ അകപ്പെട്ടാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എന്താകും സ്ഥിതിയെന്നാണ് ഒരു മുന്‍ എയര്‍മാര്‍ഷല്‍ ചോദിക്കുന്നത്. ശരിയാണ്, അതിര്‍ത്തി കടന്നെത്തി ജവാന്മാരുടെ കഴുത്തറുത്തുപോകുന്ന ശത്രുക്കളുടെ നാട്ടില്‍ പേടിക്കണം. എന്നാല്‍ സ്ത്രീകള്‍ ദുര്‍ബലകളാണെന്നും ശത്രുപക്ഷത്തുനിന്നുള്ള പീഡനങ്ങള്‍ സഹിക്കാനാവാതെ യുദ്ധ തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാകുമെന്നമുള്ള വാദങ്ങള്‍ അംഗീകരിക്കാനാകില്ല.
എന്നാല്‍ ഈ സംശയം എന്തുകൊണ്ടാണ് സ്ത്രീകളെ യുദ്ധമുഖത്ത് അണിനിരത്തുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഉണ്ടാകാത്തത്. സൈന്യത്തില്‍ ചേര്‍ന്ന് പിറ്റേന്ന് സ്ത്രീകളെ യുദ്ധത്തിന് അയയ്ക്കുയല്ലല്ലോ ചെയ്യുന്നത്. നാളുകള്‍ നീണ്ട പരിശീനത്തിനൊടുവില് മനസ്സും ശരീരവും എത് പരിതസ്ഥിതിയേയും നേരിടാന്‍ സജ്ജമാക്കിയതിന് ശേഷമല്ലേ ഇവരെ യുദ്ധത്തിന് അയയ്ക്കു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന വാക്യത്തില്‍ വിശ്വസിച്ച് തോക്കും മാരകായുധങ്ങളുമായി പോര്‍മുഖത്തേക്ക് നടന്നടുത്ത എത്രയോ സ്ത്രീകളുണ്ടായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ പുലിസംഘത്തില്‍. ഇവരാരും വൈകാരികമായ ചിന്തകള്‍ക്ക് അടിപ്പെട്ട് ദുര്‍ബലകളായി പിന്തിരിഞ്ഞതായി കേട്ടിട്ടില്ല. സ്ത്രീമനസ്സിനും യുദ്ധതന്ത്രങ്ങള്‍ താങ്ങാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞതാണിവര്. ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ചാവേറായി ഇറങ്ങിപ്പുറപ്പെട്ടതും ഒരു പെണ്ണാണ്.
ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന മാവോയിസ്റ്റ് ക്രൂരതകള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെങ്കില്‍ പിറന്ന നാടിന് വേണ്ടി യുദ്ധമുഖത്തേക്ക് ഇറങ്ങാന്‍ അവള് പ്രാപ്തയല്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. രാജ്യസ്നേഹത്തിന്റെ അണയാത്ത ജ്വാലകള്‍ മനസ്സിലേക്ക് ആവാഹിച്ച ശേഷം യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് ആണായാലും പെണ്ണായാലും തന്റെ ജീവന് പോയാലും മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുവാന്‍ സാധിക്കുമോ? അങ്ങനെ സാധിക്കുമായിരുന്നെങ്കില്‍ എന്നേ ഈ രാജ്യം ശത്രുവിന്റെ അധീനതയില്‍ ഒതുങ്ങുമായിരുന്നു.
ഝാന്‍സിയിലെ റാണി ലക്ഷ്മീ ഭായിയെ പോലുള്ള ധീരവനിതകള്‍ പിറന്ന മണ്ണാണിത്. റാണി ഓഫ് ഝാന്‍സി റെജിമെന്റ് എന്ന പേരില്‍ വനിതകളുടെ ഒരു സൈനികവ്യൂഹത്തിന് 1942 ല്‍ സുബാഷ് ചന്ദ്രബോസ് രൂപം നല്‍കിയിരുന്നു എന്ന കാര്യവും വിസ്മരിച്ചുകൂട. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. രാജ്യത്തിന്റെ കരയ്ക്കും കടലിലും ആകാശത്തിനും കാവലാളാകാന്‍ പുരുഷനെപ്പോലെതന്നെ സ്ത്രീയ്ക്കും അവകാശമുണ്ട്. വരട്ടുതത്വവാദങ്ങള്‍ നിരത്തി ആ അവകാശത്തെ ഹനിക്കാതിരിക്കുവാനല്ലേ നോക്കേണ്ടത്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: