കേരളാ ഫ്രെയിം….പേരുകേട്ടാല്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ സംശയങ്ങളും ചോദ്യങ്ങളും മാറ്റി നിര്‍ത്തി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ് അംബിക എന്ന എഴുത്തുകാരി. എഴുത്തും വായനയും കൈമുതലായുള്ളപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല അംബിക. ഈ മാസം 13 മുതല്‍ മലയാളി വായനക്കാര്‍ക്ക് മുമ്പില്‍ കേരള ഫ്രെയിം എത്തും എന്ന രഹസ്യം ജന്മഭൂമിയോടാണ് അംബിക ആദ്യമായി പങ്കുവെച്ചത്. സമ്പൂര്‍ണ്ണ കുടുംബ മാസിക അതാണ് കേരളാ ഫ്രെയിം. മാസിക പുറത്തിറങ്ങുന്നതിന്റെ സന്തോഷം മറച്ചുവയ്ക്ക ാതെ അവസാന മിനുക്കു പണികളുടെ തിരക്കിലായിരുന്നു അംബിക. മാസികയുടെ പേരു മുതല്‍ അതിന്റെ ഉള്ളടക്കം വരെ അംബികയുടെ ആശയമാണ്. കേരളത്തില്‍ എണ്ണമറ്റ മാസികകള്‍ ഉണ്ടെങ്കിലും കേരള ഫ്രെയിമിന് ചില പ്രത്യേകതകളുണ്ട്. മാസികയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നത് വനിതകളാണ്. അംബികയെ കൂടാതെ കേരളാ ഫ്രെയിമില്‍ നാല് വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ഒരു പക്ഷെ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു വനിതാ എഴുത്തുകാരി സ്വന്തമായി ഒരു മാസിക ആരംഭിക്കുന്നത്.
ആത്മീയം, രാഷ്ട്രീയം, സിനിമ, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, യോഗ തുടങ്ങി എല്ലാ വിഷയങ്ങളും മാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരള ഫ്രെയിം എന്ന സ്ഥാപനം കൊച്ചിയില്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് പറയുമ്പോള്‍ അംബികയുടെ മുഖത്ത് ഭയാശങ്കകള്‍ നിഴലിക്കുന്നുണ്ടായിരുന്നു. മാസികയോട് വായനക്കാരുടെ പ്രതികരണം എന്തുതന്നെയായാലും ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് അംബിക പറയുന്നത്. എന്തുകൊണ്ട് ഒരു മാസിക? അതിനുള്ള ഉത്തരം വ്യക്തമായിരുന്നു. സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് കുറച്ചെങ്കിലും ചിന്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ജനങ്ങളോട് ചില കടമകള്‍ നമുക്കുണ്ട്. അവര്‍ക്ക് പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യുക, അങ്ങനെയാണ് മാസികയിലെത്തിച്ചേര്ന്നത്. എല്ലാം ഒരു നിയോഗമാണെന്നാണ് അംബിക പറയുന്നത്. തികഞ്ഞ ഒരു കൃഷ്ണഭക്തയാണ് അംബിക. അത് കൃഷ്ണനോടുള്ള ഭക്തിയല്ല മറിച്ച് പ്രണയമാണെന്ന് അംബിക പറയുന്നു. കണ്ണന് എല്ലാം ശരിയാക്കി തരുന്നുവെന്നാണ് അംബികയുടെ വിശ്വാസം.
ആത്മീയതയില്‍ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ടായിരിക്കണം മാസിക എന്ന സ്വപ്നസാക്ഷാത്കാരത്തിനുശേഷം ഒരു വലിയ ലക്ഷ്യം അംബികയുടെ മുന്നിലുണ്ട്. തടസങ്ങള്‍ എന്തുതന്നെ ഉണ്ടായാലും അത് സംഭവിക്കുമെന്ന് അംബിക ഉറച്ച് വിശ്വസിക്കുന്നു. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി ഒരു നോവല്‍ എഴുതണമെന്നാണ് അംബികയുടെ അടുത്ത ലക്ഷ്യം. പുസ്തകങ്ങള്‍ മാത്രമല്ല. തിരക്കഥകളും അംബിക എഴുതിയിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്ക്കാന് ശക്തമായ പിന്‍ബലം ആവശ്യമാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്തായാലും സിനിമാ മേഖലയിലേക്ക് ശ്രദ്ധേയമായ ഒരു കടന്നുകയറ്റത്തിന് തയ്യാറെടുക്കുകയാണ് അംബിക. ന്യൂജനറേഷന് സിനിമാക്കഥപോലെ ആയിരിക്കില്ല തന്റെ തിരക്കഥയെന്നും അംബിക ഉറപ്പിച്ച് പറഞ്ഞു.
വിഹ്വലതകള്‍ക്കപ്പുറത്ത്, നൊമ്പരങ്ങളുടെ വസന്തം എന്നിവയാണ് അംബിക എഴുതിയ രണ്ട് പുസ്തകങ്ങള്‍. അക്ഷരങ്ങളോടുള്ള പ്രണയം, ആസക്തി, ആദരവ് ഇത്രയൊക്കെ മതിയാകുമോ ഒരു പുസ്തകം എഴുതാനും അത് പ്രസിദ്ധീകരിക്കാനും…. എന്നാല്‍ ഇതൊക്കെയാണ് അംബിക നായര്‍ എന്ന സ്ത്രീയെ എഴുത്തിന്റെ ലോകത്തെത്തിച്ചത്. കഴിവും, ഭാഗ്യവും ഒത്തിണങ്ങിയപ്പോള്‍ അത് ദൈവനിയോഗമായി. തന്റെ ജീവിതത്തെ ഇങ്ങനെ നോക്കിക്കാണാനാണ് അംബിക ആഗ്രഹിക്കുന്നത്.
ചെറുകഥകളുടെ സമാഹാരമായ ‘പുസ്തകത്തിലെ കള്ളന്റെ സത്യാന്വേഷണങ്ങള്‍ ‘എന്ന ചെറുകഥ അഭ്രപാളിയിലേക്കുള്ള യാത്രയിലാണ്. ഈ വര്‍ഷം തന്റെ കഥ ചലച്ചിത്ര രൂപത്തില്‍ മലയാളികള്‍ക്ക് മുമ്പിലെത്തും എന്ന വിശ്വാസത്തിലാണ് ഈ എഴുത്തുകാരി.
16 വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന അംബിക നേരത്തെ ബിസിനസ് ഇന്ത്യയിലും, ഡിസൈനറിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാമി ചിദാനന്ദപുരിയുടെ സഹോദരിയാണ്. ഐടി പ്രൊഫഷണലുകളായ രോഹാഞ്ചും, പ്രാര്‍ത്ഥനയും മക്കള്‍.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: