കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ വിമര്‍ശനത്തെ തുടര്‍ന്ന് ആദ്യം പ്രതിരോധത്തിലായ മുസ്ലിം ലീഗ് ഇന്നലെ പ്രത്യാക്രമണത്തിന്റെ സ്വഭാവത്തിലേക്ക്. മുസ്ലിം ലീഗ് കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് അമ്പരന്നു നിന്ന ലീഗു നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസിനേയും ഐക്യമുന്നണി സംവിധാനത്തെത്തന്നെയും ആക്രമിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പാര്‍ട്ടിയുടെ നിലപാട് ഇതാണ്, “ഇന്നത്തെ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നം ഉണ്ട്. യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധിയുണ്ട്അതും പരിഹരിക്കണം.”
ലീഗിന് വിലപേശലിനുള്ള അവസരം വീണുകിട്ടിയെന്ന ആഹ്ലാദത്തിലാണ് നേതാക്കളെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍. പൊതു തെരഞ്ഞെടുപ്പു വരുന്നതു മാത്രമല്ല വിഷയം. ലീഗിനു കൂടുതല്‍ സ്വാധീനവും സീറ്റും നേടാമെന്ന ചിന്തയേക്കാള് പാര്‍ട്ടിയെയും ചില പ്രമുഖ നേതാക്കളേയും കുടുക്കിലാക്കിയിരിക്കുന്ന പാസ്പോര്‍ട്ട് കേസുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പാര്‍ട്ടിക്കു സംരക്ഷണമായി തീരുകയാണ് പുതിയ പ്രശ്നങ്ങള്‍. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പ്രധാനമന്ത്രിക്ക് അയച്ച കേന്ദ്രമന്ത്രി സഭാംഗമായ ഇ. അഹമ്മദിനെ കുറിച്ചുള്ള പരാതി പോലും ഒതുക്കാന്‍ ഈ അവസരം മുതലാക്കാമെന്നാണ് ലീഗു നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍.
പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ഇടപെടുവിക്കണമെന്നാണ് സെക്രട്ടറിയേറ്റ് യോഗ നിലപാട്. മുസ്ലീം ലീഗിനെ ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യംതിരിച്ചറിഞ്ഞിട്ടുണ്ടന്നും മുസ്ലിംലീഗ് ദേശീയസെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലീഗ് സെക്രട്ടറിയേറ്റിന്റെയും നിയമസഭാ പാര്‍ട്ടിയുടെയും സംയുക്ത യോഗത്തിനു ശേഷം ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ബഷീര്‍.
ഇതു സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇനിയുള്ള നിലപാടുകള്‍ അത്തരം ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ച് കൈക്കൊള്ളും. മുസ്ലിം ലീഗിന് സഹിക്കാവുന്നതിലപ്പുറമാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണം. മുസ്ലിംലീഗിനെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം വേണം.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇനിയുള്ള നിലപാടുകള്‍ ഭാവി ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും. ഇന്നത്തെ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. പ്രശ്നം ലീഗുമായി മാത്രം ബന്ധപ്പെട്ടതല്ല. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നം ഉണ്ട്. അതും പരിഹരിക്കണം. യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധിയുണ്ട്. ചെറുതും വലുതുമായ എല്ലാ കക്ഷികളുടെയും കക്ഷികള്‍ തമ്മിലുള്ളതുമായ പ്രശ്നങ്ങള്‍ പരിഹരിക്കണം. പ്രയാസങ്ങള്‍ പരിഹരിക്കാതെ യുഡിഎഫ് സംവിധാനത്തിന് മുന്നോട്ട് പോകാനാവില്ല. മുഹമ്മദ് ബഷീര്‍ പറഞ്ഞു. പരസ്യപ്രസ്താവനയില്‍ മിതത്വം പാലിക്കണം. രമേശിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തത് ലീഗിന്റെ എതിര്‍പ്പ് കൊണ്ടല്ല. മുഖ്യമന്ത്രിക്കെതിരെ നിരര്‍ത്ഥകമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്, ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: