കൊച്ചി: പകര്പ്പവകാശമാണിപ്പോള് പ്രധാനം. എഴുത്തിനു മാത്രമല്ല, ബുദ്ധിക്കും പകര്‍പ്പവകാശം സ്ഥാപിക്കാന്‍ ആളുകളും രാജ്യങ്ങളും നെട്ടോട്ടമോടുമ്പോള്‍ അതിനെതിരേയുള്ള നിയമനിര്‍മ്മാണവും നിര്‍ണ്ണായകമാകുന്നു. അതിനുള്ള രാജ്യാന്തര കരാറില്‍ ഇന്‍ഡ്യന്‍ കാഴ്ചപ്പാടുകള്‍ക്ക് അംഗീകാരം കിട്ടുകയാണ്. അതിനു കാരണക്കാരനാകുന്നവരില് പ്രമുഖന് ഒരു മലയാളിയും.
കാഴ്ചവൈകല്യമുള്ളവരെ പകര്‍പ്പവകാശ നിയമത്തിന്റെ നൂലാമാലകളില്‍നിന്ന് മുക്തമാക്കാന്‍ ലക്ഷ്യമിടുന്ന ഈ അന്താരാഷ്ട്ര കരാറിന് പിന്നിലെ മലയാളി സാന്നിധ്യം പ്രൊഫ. ഡോ. എന്‍.എസ്. ഗോപാലകൃഷ്ണനിലൂടെയാണ്. എഴുതപ്പെട്ട ഗ്രന്ഥങ്ങളും രേഖകളും കാഴ്ചവൈകല്യം മൂലം വായിക്കാന്‍ കഴിയാത്തവര്ക്കുവേണ്ടിയുള്ള മരാകേശ് ട്രീറ്റി ടു ഫെസിലിറ്റേറ്റ് ആക്സസ് ടു പബ്ലിഷ്ഡ് വര്‍ക്സ് ഫോര്‍ വിഷ്വലി ഇംപെയേര്‍ഡ് (മരാകേശ് കരാര്‍) സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നാലംഗ സംഘത്തില്‍ വിഷയവിദഗ്ധനായിരുന്നു മലയാളിയായ പ്രൊഫ. എന്‍.എസ്. ഗോപാലകൃഷ്ണന്. അന്ധര്‍ക്കും മറ്റ് കാഴ്ചവൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും പ്രസിദ്ധീകൃതമായ സൃഷ്ടികള്‍ വായിക്കത്തക്ക രീതിയില്‍ മാറ്റിയെടുക്കാന്‍ വിഘാതമായിനിന്നിരുന്ന പകര്‍പ്പവകാശ നിയമതടസങ്ങള്‍ മറികടക്കുകയാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു. 160 ഒാളം രാജ്യങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ 50 രാജ്യങ്ങള്‍ കരാറിലൊപ്പിട്ടു.
ബൗദ്ധിക സ്വത്താവകാശവും മനുഷ്യാവകാശങ്ങളും ചേര്‍ന്നുകൊണ്ട് വികസനകാഴ്ചപ്പാടില്‍ രൂപംകൊള്ളുന്ന കരാര്‍ രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ക്ക് വഴിതെളിച്ചേക്കും. കഴിഞ്ഞ 15 വര്‍ഷത്തോളമായി ബൗദ്ധികസ്വത്തവകാശവും ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് സ്റ്റഡീസ് ഡയറക്ടറും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ പ്രൊഫസറുമാണ് ഗോപാലകൃഷ്ണന്. നിര്‍ണായകമായ കരാറിനെപ്പറ്റി അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകൃതമായ കൃതികള്‍ സ്വീകാര്യമായ ഫോര്‍മാറ്റില്‍ ലഭ്യമാണെങ്കില്‍ പകര്‍പ്പവകാശ നിയമവ്യവസ്ഥകളിലെ തടസങ്ങള്‍ മാറ്റി കാഴ്ചവൈകല്യമുള്ളവര്ക്കും ഇത്തരക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭ്യമാക്കാന്‍ അനുമതി നല്‍കുന്നതാണ് കരാറിലെ വ്യവസ്ഥകളില്‍ ഒന്ന്. ഇത് ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളിലൂടെ കൈമാറ്റവും ചെയ്യാം.
മറ്റ് രാജ്യങ്ങളില്‍നിന്ന് ഏതെങ്കിലും കൃതികളുടെ സ്വീകാര്യമായ ഫോര്‍മാറ്റ് ഇറക്കുമതി ചെയ്യുന്നതിന് പ്രതികൂലമായി നിന്ന കൊമേഴ്സ്യല്‍ അവെയ്ലബിലിറ്റി ടെസ്റ്റ് ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഗുണഭോക്താവായ വ്യക്തിക്ക് കൃതികള്‍ നേരിട്ട് മറ്റുരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനാകും. എന്നാല്‍ ഇത് കാഴ്ചവൈകല്യമുള്ള വ്യക്തിയുടെ നേട്ടത്തിനല്ലാതെ വാണിജ്യപരമായി ഉപയോഗിക്കാന്‍ പാടില്ല. കൈമാറ്റം സുതാര്യമായിരിക്കുകയും വേണം. കാഴ്ചവൈകല്യമുള്ള വ്യക്തിയുടെ നാട്ടില്‍ സ്വീകാര്യമായ ഫോര്‍മാറ്റ് ലഭ്യമാണെങ്കില്‍ വേണമെങ്കില്‍ കരാറില്‍നിന്ന് വിട്ടുനില്ക്കാം. ഇക്കാര്യം വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷ (ഡബ്ല്യുഐപിഒ)നെ അറിയിച്ചിരിക്കണമെന്നുമാത്രം. 2012 ല്‍ ഭേദഗതി ചെയ്ത ഇന്ത്യന്‍ പകര്‍പ്പവകാശ നിയമത്തില്‍ ഈ വ്യവസ്ഥകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. പ്രസിദ്ധീകൃതമായ കൃതികളുടെ മറ്റ് ഫോര്‍മാറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ വാണിജ്യപരമായി ലഭ്യമല്ലാത്തതിനാല്‍ പുതിയ കരാര്‍ രാജ്യത്തെ പ്രസാധകരെ ഒരുവിധത്തിലും ബാധിക്കില്ല. ഇവ വിപണിയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. സിനിമയെ നേരത്തെതന്നെ കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഓഡിയോ-വിഷ്വല്‍ കൃതികള്‍ കരാറില്‍ പെടില്ല. വിദേശ ഭാഷകളിലുള്ള കൃതികള്‍ പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയശേഷം സ്വീകാര്യമായ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനും അനുമതി വേണ്ടെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: