തിരുവനന്തപുരം: സ്വാമി വിവേകാനന്ദന് ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുധര്‍മ്മം നശിച്ചുപോകുമായിരുന്നു എന്നു ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ മഹാസമാധിയോട് അനുബന്ധിച്ച് ഭാരതീയവിചാരകേന്ദ്രത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരം കൊല്ലത്തെ അടിമത്തത്തിന്റെ ആശ്ലേഷത്തില്‍ നിന്നും ഹിന്ദു ധര്‍മ്മത്തെ പുനരുദ്ധരിക്കുവാന്‍ വേണ്ടി അനേകം സംഘടനകള്‍ രൂപീകരിക്കപ്പെട്ടെങ്കിലും ഹിന്ദുധര്‍മ്മത്തെ അതിന്റെ വിശാലമായ തലത്തിലുള്ക്കൊള്ളുവാന് ഇവയ്ക്കൊന്നും സാധിച്ചില്ല.സ്വാമി വിവേകാനന്ദന് ഹിന്ദുധര്‍മ്മത്തെ പുനര്‍നിര്‍വ്വചിച്ചു.
ഹിന്ദുധര്‍മ്മത്തില്‍ കാലക്രമം കൊണ്ട് കടന്നുകൂടിയ അന്ധവിശ്വാസങ്ങളെ അദ്ദേഹം എതിര്‍ത്തുവെങ്കിലും അതിന്റെ ആധാരശിലകളായ വേദങ്ങളെ അദ്ദേഹം എതിര്‍ത്തില്ല. കോണ്‍ഗ്രസ്സിലെ വിവിധധാരകളെ ഏകോപിപ്പിക്കുവാനും ഗാന്ധിജിയെപ്പോലും സ്വാധീനിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. ആയിരം കൊല്ലം അടിമകളായി ജീവിച്ച ഭാരതീയരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. “അടിമകള്‍ക്ക് മതമില്ല” അതിനാല്‍ സ്വാതന്ത്ര്യം നേടൂ, അഭിമാനബോധമുള്ളവരാകൂ”. ഹിന്ദുമതത്തെ പുനര്‍നിര്‍വ്വചിച്ച് ആധുനിക ഹിന്ദുമതത്തിന് രൂപവും ഭാവവും നല്‍കിയത് സ്വാമി വിവേകാനന്ദനാണ്.
സ്വാമി വിവേകാനന്ദന് തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ വിശ്രമിച്ച കൃഷ്ണശിലാമന്ദിരത്തില് പുഷ്പാര്‍ച്ചനയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീരാമകൃഷ്ണാശ്രമം അന്തേവാസികള്‍ ഭജന അവതരിപ്പിച്ചു. ഉത്തരാഖണ്ഡില്‍ പ്രകൃതിദുരന്തത്തില്‍ മരിച്ച തീര്‍ത്ഥാടകരെയും കൃത്യനിര്‍വ്വഹണത്തിനിടെ വീരസ്വര്‍ഗ്ഗം പ്രാപിച്ച സൈനികരെയും അനുസ്മരിച്ച് കൊണ്ട് സ്മൃതി സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ സ്വാമി തത്വരൂപാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ പി. പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബാലശങ്കര്‍ മന്നത്ത് സ്വാമി വിവേകാനന്ദ സമാധി ദിനത്തെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കി. ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഗാന്ധിസ്മാരകനിധി ചെയര്മാന് ഗോപിനാഥന്‍നായര്‍, പ്രബോധചന്ദ്രന്‍നായര്‍, മുന്‍ചീഫ് സെക്രട്ടറി സി.പി.നായര്‍, പി. നാരായണക്കുറുപ്പ്, എസ്. സേതുമാധവന്, വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗം ആര്. സഞ്ജയന്, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എന്‍. മധുസൂദനന് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: