എന്നും ഒന്നാമനാകാന്‍ ആര്‍ക്കാണു പറ്റുക, അതും കരുത്തിന്റെ കളത്തില്‍. കണക്കിനു പിശകില്ല, പക്ഷേ, കണക്കുകൂട്ടലുകള്‍ പിശകും. എന്നാല്‍ മറക്കാതിരുന്നാല്‍ ആര്‍ക്കും മടങ്ങിവരാനെളുപ്പമാണ്. തോല്‍വിയെ വിജയമാക്കാന്‍ എളുപ്പമാണ്. അങ്ങനെ അത്രവേഗം കളി മറക്കുന്നവരല്ല, കളികളെല്ലാം കാര്യമായി കാണുന്ന കാനറികള്‍. ശരിയാണ് മഞ്ഞക്കിളികള്‍ മറക്കാറില്ല.
ലോക ഫുട്ബോളില്‍ അതുകൊല്പുതന്നെ ബ്രസീലിന്റെ തിരിച്ചുവരവിനാണ് കോണ്‍ഫെഡറേഷന്‍ കപ്പ് സാക്ഷ്യം വഹിച്ചത്. കരുത്തരായ ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചായിരുന്നു ബ്രസീലിന്റെ വരവ്. പരിചയക്കുറവുള്ള ടീമെന്ന വിലയിരുത്തല്‍ അപ്രസക്തമെന്ന് ബ്രസീല്‍ തെളിയിച്ചു. ഇത്തവണ മഞ്ഞപ്പട അത്രപോരെന്ന് സാക്ഷാല്‍ പെലെ പോലും അഭിപ്രായപ്പെട്ടിരുന്നു.
ഫുട്ബോളെന്നാല്‍ ബ്രസീലാണെന്ന ഒരു കാലമുണ്ടായിരുന്നു. ഇംഗ്ലണ്ടുകാര്‍ തുടങ്ങിവച്ച കളിയെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചത് ബ്രസീലായിരുന്നു. പെലെ, ഗരിഞ്ച, സിസിഞ്ഞോ, സീക്കോ, സോക്രട്ടീസ്, റൊമാരിയോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവര്‍ ബ്രസീലിനെ ലോക നെറുകയില്‍ എത്തിച്ചിരുന്നു. ബ്രസീലിയന്‍ ഫുട്ബോളിന്റെ കീര്‍ത്തി ലോകമെങ്ങും എത്തി. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രസീലിയന്‍ ഫുട്ബോളിന്റെ നിലവാരം താഴോട്ടായിരുന്നു.
2006ലും 2010ലും ലോകകപ്പ് സെമിയില്‍ പോലും എത്താന്‍ കാനറികള്‍ക്കായില്ല. പരിശീലകരെ തുടരെത്തുടരെ മാറ്റി. പോരാത്തതിന് ഫിഫ റാങ്കിംഗില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു ബ്രസീല്‍. ഘാനയ്ക്കും ഇക്വഡോറിനുമൊക്കെ പിന്നില്‍. ബ്രസീലിന്റെ ടീം ഘടന എങ്ങനെയെന്ന് ആരാധകര്‍ക്ക് പോലും അറിയാത്ത അവസ്ഥയിലാണ് കോണ്‍ഫെഡറേഷന്‍സ് കപ്പ് വരുന്നത്. എന്നാല്‍ എതിരാളികള്‍ക്ക് ഒരു അവസരവും കൊടുക്കാതെ ബ്രസീലിയന്‍ യുവനിര കളം നിറഞ്ഞു. ബ്രസീലിന്റെ മെസ്സിയായ നെയ്മറിന്റെ ചിറകിലേറിയായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം.
ഇറ്റലി, മെക്സിക്കോ, ജപ്പാന് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലായിരുന്നു ബ്രസീലിന്റെ സ്ഥാനം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരുടെ എതിരാളികളായി എത്തിയത് ഏഷ്യന്‍ ശക്തികളായ ജപ്പാന്. 3-0ന്റെ അനായാസ ജയവുമായി കാനറികള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. നെയ്മറും പൗളിഞ്ഞോയും ജോയുമാണ് വല കുലുക്കിയത്. രണ്ടാം മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികളായി എത്തിയത് മെക്സിക്കോ. വീണ്ടും നെയ്മറും ജോയും. ഇത്തവണ ജയം 2-0ന്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഇറ്റലിയെയാണ് ബ്രസീലിന് നേരിടാനുണ്ടായിരുന്നത്. ടൂര്‍ണമെന്റില്‍ ആദ്യമായി ബ്രസീലിയന്‍ വല കുലുങ്ങിയത് ഈ മത്സരത്തിലാണ്. എങ്കിലും ഫ്രെഡിന്റെ ഇരട്ട ഗോളിന്റെ മികവില്‍ 4-2ന് ആതിഥേയര്‍ ജയിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നെയ്മര്‍ ഗോളടിച്ചു.
ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തിയ ബ്രസീലിനെ കാത്തിരുന്നത് ബി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ ഉറുഗ്വ. നെയ്മര്‍ക്ക് ഗോള്‍ നേടാനായില്ലെങ്കിലും ഫ്രെഡും പൗളിഞ്ഞോയും വല കുലുക്കി. 2-1ന്റെ ജയവുമായി തുടര്‍ച്ചയായ മൂന്നാം വട്ടവും ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലിലെത്തുകയായിരുന്നു. എതിരാളികള്‍ക്ക് പോലും തകര്‍ക്കാന്‍ പറ്റാത്ത ഐക്യമായിരുന്നു കാനറികളുടെ വിജയത്തിനു പിന്നില്‍. ഇനി അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് മാത്രമേ മഞ്ഞപ്പടക്ക് മുന്നിലുള്ളു.
രാജ്യത്തെ പിടിച്ചുകുലുക്കിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് മറുപടി കൊടുക്കാനായി എന്നതാണ് മഞ്ഞപ്പടയുടെ ഏറ്റവും വലിയ സന്തോഷം. ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസെഫിന് ഇത് ഫുട്ബോള്‍ വിജയം മാത്രമല്ല. രാഷ്ട്രീയ വിജയം കൂടിയാണ്. ഫുട്ബോളിന് വേണ്ടി രാഷ്ട്രം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് മാരക്കാനയിലെ വിജയം. അത്ര മികച്ചതല്ല ഇത്തവണത്തെ മഞ്ഞപ്പടയെന്ന വിമര്‍ശനങ്ങളെ ഈ ആധികാരിക ജയത്തോടെ അവര്‍ക്ക് മറികടക്കാനായി.
എം.രാജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: