കളി കാണാനിരിക്കുന്നതേയുള്ളു. അവരതു കാണിച്ചുതരും. കളിക്കളത്തില്‍ കരുത്തുമാത്രമല്ല, കവിതയും കുറിക്കാന്‍ കഴിയുമെന്നു കാണിക്കാന്‍ സ്വന്തം നാട്ടില്‍ അരനൂറ്റാണ്ടിലേറെ കാലത്തിനു ശേഷം കിട്ടുന്ന അവസരമാണിതവര്‍ക്ക്. വാസ്തവം, ഇത്തവണ ലോകകപ്പില്‍ ബ്രസീലിന്റെ സീല്‍ പതിഞ്ഞിരിക്കും.
കാല്‍പ്പന്തുകളിയെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികവിനോദമാക്കി മാറ്റിയതില്‍ ബ്രസീലിനുള്ള പങ്ക് നിസ്തുതലമാണ്. ഫുട്ബോള്‍ എന്നാല്‍ ആരാധകര്‍ക്ക് ബ്രസീലും, ബ്രസീല്‍ എന്നാല്‍ ഫുട്ബോളുമാണ്.
പെലെയും ഗരിഞ്ചയും സിസീഞ്ഞോയും സീക്കോയും സോക്രട്ടീസും ഒടുവില്‍ കരേക്കയും മുള്ളറും റിവാള്‍ഡോയും റൊമാരിയോയും ബെബറ്റോയും റൊണാള്‍ഡീഞ്ഞോയുമൊക്കെ നിലനിര്‍ത്തിപ്പോന്ന സാംബാനൃത്തം വര്‍ഷങ്ങളോളം ഫുട്ബോള്‍ മൈതാനത്തിന്റെ അഴകായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഈ മികവിന് ദയനീയമായ കോട്ടം സംഭവിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. 2004, 2007 കോപ്പ അമേരിക്ക കിരീടവും 2009ലെയും 2005ലെയും കോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടങ്ങളും മാത്രമാണ് ബ്രസീലിന് അവകാശപ്പെടാനുള്ളത്.
2006, 2010 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയേ സാംബാനൃത്തം ചവിട്ടാന്‍ കാനറികള്‍ക്ക് കഴിഞ്ഞുള്ളൂ. ഇതോടെ ഏറെക്കാലം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബ്രസീല്‍ ഒടുവില്‍ 22-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതിനും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. 2002-ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം മൂന്ന് പരിശീലകര്‍ മാറിവന്നു. എന്നിട്ടും ടീമിന്റെ ശനിദശ മാറിയില്ല. 2006 മുതല്‍ 2010വരെ മുന്‍ ക്യാപ്റ്റന്‍ ദുംഗയും 2010-12 കാലയളവില്‍ മുന്‍ താരം മെനോ മെനസസും പരിശീലകനായി എത്തിയെങ്കിലും ദുര്‍ബലരായ ടീമുകളോടുപോലും തോല്‍വിയും സമനിലയുമൊക്കെ വഴങ്ങേണ്ടിവന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ലൂയി ഫിലിപ്പ് സ്കോളാരി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും ശനിദശയില്‍ മാറ്റമുണ്ടായില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടതോടെയാണ് ടീമിന്റെ ശനിദശ മാറി ശുക്രന് ഉദിച്ചത്.
ഇടക്കാലത്ത് കൈമോശം വന്ന ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യം ബ്രസീല്‍ തിരിച്ചുപിടിക്കുന്നതിനാണ് ജൂണ്‍ 30ന് മാരക്കാനയിലെ ചരിത്രമുറങ്ങുന്ന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2002ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പിലാണ് അവസാനമായി ബ്രസീലിന് മികച്ച ഒരു താരനിരയുണ്ടായിരുന്നത്. അന്ന് റൊണാള്‍ഡോ-റിവാള്‍ഡോ-റൊണാള്‍ഡീഞ്ഞ്യോ സഖ്യമായിരുന്നു ബ്രസീലിന് വേണ്ടി മൈതാനത്ത് കാവ്യരചന നടത്തിയത്. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനലില്‍ കളിച്ച ടീമെന്ന ബഹുമതിയും ബ്രസീലിനുണ്ട്. 1994, 1998, 2002 എന്നീ ലോകകപ്പുകളില്‍ ബ്രസീല്‍ ഫൈനലില്‍ കളിച്ചു. 94ലും 2002ലും കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ 2006 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിന്റെ സൗന്ദര്യാത്മക ഫുട്ബോളിന് അറുതിയായിത്തുടങ്ങി. കഴിഞ്ഞ ലോകകപ്പിലും ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിയന്‍ ടീമിന്റെ തകര്‍ച്ച പൂര്‍ണമായി.
അതിനുശേഷം മികച്ച താരനിരയെ ഇപ്പോഴാണ് ബ്രസീലിന് വാര്‍ത്തെടുക്കാനായത്. അതിന് നന്ദി പറയേണ്ടത് സ്കൊളാരിയുടെ രണ്ടാം വരവിനോടാണ്. ഫോമിലല്ലാത്തിരുന്ന റൊണാള്‍ഡീഞ്ഞ്യോയെയും കാകയെയും പാറ്റോയെയുമൊക്കെ ഒഴിവാക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവമാണ് ഒത്തിണക്കമുള്ള യുവനിരയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്.
ഇനി 2014-ല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് കിരീടമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്. നെയ്മറും ഫ്രെഡും ഓസ്കറും ജോയും പൗളീഞ്ഞോയും ഉള്‍പ്പെട്ട യുവനിരക്ക് അത് അസാധ്യമൊന്നുമല്ലെന്ന് തന്നെ വേണം കരുതാന്‍. മൈതാനത്ത് ചാട്ടുളിപോലെ പായുകയും അസാധാരണ മികവോടെ ലക്ഷ്യം കാണുകയും ചെയ്യുന്ന നെയ്മര്‍ ലോകത്തെ ഏതൊരു പ്രതിരോധ നിരയ്ക്കും വെല്ലുവിളിയാണ്. ഇതിന് മികച്ച ഉദാഹരണമാണ് ഗ്രൂപ്പില്‍ ഇറ്റലിക്കെതിരെയും ഫൈനലില്‍ സ്പെയിനിനെതിരെയും നെയ്മറും സംഘവും നടത്തിയ പ്രകടനം. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയായിരുന്നിട്ടും ഇരു ടീമുകളെയും അമ്പരപ്പിക്കാന്‍ നെയ്മര്‍ക്കും ഓസ്കറിനും ഫ്രെഡിനുമൊക്കെ സാധിച്ചു. ലോകകപ്പിനായി ടീമിനെ പൂര്‍ണ സജ്ജമാക്കാന്‍ സ്കൊളാരിക്ക് മുന്നില്‍ ഒരുവര്‍ഷം ബാക്കിയുണ്ട്. ആ ലക്ഷ്യത്തോടെയായിരിക്കും ഇനിയുള്ള ബ്രസീലിന്റെ പരിശീലന തന്ത്രങ്ങള്‍ സ്കൊളാരി ആവിഷ്കരിക്കുക.
ഈ കോണ്‍ഫെഡറേഷന്‍ കപ്പോടെ ഒരു കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. കാല്‍പ്പന്തുകളിയുടെ ലോകത്ത് ഇനി തങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ബ്രസീലിന്റെ യുവതാരങ്ങള്‍ നല്‍കുന്നത്. ഒപ്പം സ്പാനിഷ് ചെമ്പടയുടെ ആധിപത്യത്തിന് അന്ത്യമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും ഈ കോണ്‍ഫെഡറേഷന്‍ കപ്പ് നല്കുന്നു. കണ്ടുപഴകിയ ടിക്കിടാക്ക ശൈലിയെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ സ്പെയിന് കളിക്കളത്തില്‍ ഒന്നുമല്ലെന്ന സൂചനയാണ് സെമിഫൈനലില്‍ ഇറ്റലിയും ഫൈനലില്‍ ബ്രസീലും നല്‍കിയത്.
യൂറോപ്പിന്റെ ടോട്ടല്‍ ഫുട്ബോളിനേക്കാള്‍ കുറുകിയ പാസുകളിലുടെ എതിര് ടീമിനെ പ്രതിരോധത്തിലാക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ബ്രസീലിന്റെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയം ഏറെ ആഹ്ലാദം പകരുന്നുണ്ട്. എന്തായാലും ഇനിയുള്ള കാലങ്ങളില്‍ മൈതാനത്ത് വിസ്മയം രചിക്കാന്‍ നെയ്മറും കൂട്ടരും ഇറങ്ങുമ്പോള്‍ സൗന്ദര്യാത്മക ഫുട്ബോള്‍ ആരാധകര്‍ക്ക് തിരിച്ചുലഭിക്കുമെന്ന് ഉറപ്പാണ്.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: