കൊല്ലം: ആറ് മാസം പിന്നിട്ട അരിപ്പഭൂസമരം ഒത്തുതീര്‍ക്കാനെന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച സര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായതിനാല്‍ പരാജയപ്പെട്ടു. മൂന്നു സെന്റ് ഭൂമിയെന്ന സര്‍ക്കാരിന്റെ ഔദാര്യത്തില്‍ വഴങ്ങാന്‍ തങ്ങളെ കിട്ടില്ലെന്ന് സമരത്തിന് നേതൃത്വം നല്കുന്ന ആദിവാസി ദളിത് മുന്നേറ്റസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരഭൂമിയില്‍ നിന്ന് ഇറങ്ങുന്ന പ്രശ്നിമില്ലെന്നും അവര്‍ പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടന്നത്. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമിയെന്ന നിലപാട് അംഗീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സമരം ചെയ്ത എല്ലാവര്ക്കും ഭൂമി നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വച്ചു. ഗ്രാമീണമേഖലയില്‍ ഭൂമി കണ്ടെത്തുന്നതിനുള്ള പ്രയാസങ്ങളും അദ്ദേഹം നിരത്തി. എന്നാല്‍ മരിച്ചാല്‍ അടക്കാന്‍ മതിയായ മണ്ണുപോലുമില്ലാത്തവരാണ് സമരരംഗത്തുള്ളതെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി നേതാവ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. പാര്‍പ്പിടത്തിന് പതിനഞ്ചുസെന്റും, കൃഷിക്കായി രണ്ടര ഏക്കറും എന്നതാണ് ആവശ്യം. മൂന്ന് സെന്റ് ഭൂമിയെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ മന്ത്രിമാരും ജനപ്രതിനിധികളും മുന്നു സെന്റില്‍ താമസിച്ച് തങ്ങള്‍ക്കുള്ള ശേഷിക്കുന്ന ഭൂമി ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിക്കട്ടെ എന്ന് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
ഹാരിസണ്‍ കയ്യടക്കിയ ഭൂമി ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ ഏറ്റെടുക്കാന്‍ സാവകാശം വേണ്ടിവരുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതിന്റെ ഉടമ ഗോയങ്കയാണെന്നും ഗോയങ്ക മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ രാജ്യസഭാംഗമാണെന്നും ശ്രീരാമന് ഓര്‍മ്മിപ്പിച്ചു. വാഗ്ദാനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല.
എഴുപതുമുതലുള്ള ഒരു കരാറും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎമ്മുകാരനായ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനനും സര്‍ക്കാര്‍ നയത്തെ പിന്താങ്ങി. ജില്ലാ കളക്ടര്‍ ബി. മോഹനന്, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ, സമരസമിതി നേതാക്കളായ അഷ്ടപാലന്‍ വെള്ളാര്‍, സി.?കെ. തങ്കപ്പന്, അബ്ദുള്‍ സലാം, അമ്മിണി ശശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: